കേരളത്തെ നശിപ്പിക്കുകയെന്ന മനോഭാവമാണ് ബിജെപിക്കും കോൺഗ്രസിനും : മുഖ്യമന്ത്രി

0
85

കേരളത്തിന്റെ വികസനവും ക്ഷേമവും തകർക്കാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായിരുന്നു. നാടിന്റെ നന്മ ആഗ്രഹിക്കുന്നവർക്കൊന്നും ഇത്തരം നിലപാട് സ്വീകരിക്കാനാകില്ല. ഒരു പ്രത്യേക മാനസികാവസ്ഥയാണ് എല്ലാ കാര്യത്തിലും കോൺഗ്രസും യുഡിഎഫും പുലർത്തുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയ ദുരന്തം നേരിടാനാവശ്യമായ സാമ്പത്തികശേഷി കൈവരിക്കാൻ നടത്തിയ ശ്രമങ്ങൾക്കെല്ലാം തുരങ്കംവച്ചു. പണം കൊടുക്കരുതെന്നുപോലും കോൺഗ്രസ് ആഹ്വാനം ചെയ്തു. സഹായവുമായി രാജ്യങ്ങൾ വന്നപ്പോൾ, അത് മുടക്കിയ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ പിന്തുണയ്‌ക്കുകയായിരുന്നു യുഡിഎഫ്.

കിഫ്ബിക്കെതിരെ എന്തെല്ലാം ആരോപണങ്ങൾ നടത്തി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലടക്കം കിഫ്ബി ഫണ്ടുപയോഗിച്ചാണ് വികസനം. കേന്ദ്ര ഏജൻസികളെ കിഫ്ബിക്കെതിരെ തിരിച്ചുവിട്ടത് ബിജെപിയാണെങ്കിൽ, കള്ള പ്രചാരണങ്ങൾ അഴിച്ചുവിട്ട്‌ കോൺഗ്രസും നീക്കത്തിന് പിന്തുണ നൽകി. കേരളത്തിന്റെ വികസനം തകർക്കാൻ ബിജെപി കണ്ട മാർഗമാണ് കിഫ്ബിക്കെതിരായ നീക്കം. പ്രവാസികളെ ഒരുമിപ്പിക്കാനായി തുടങ്ങിയ ലോക കേരളസഭയ്ക്കും ഇവർ എതിരായിനിന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ നുണകളുടെ പെരുമഴ ജനങ്ങൾ അനുഭവങ്ങൾകൊണ്ടാണ് ചെറുത്തത്. അത്‌ ആവർത്തിക്കും. നാടിന്റെ പേര് ദോഷമാക്കുന്ന ഒരു കാര്യവും എൽഡിഎഫ് ചെയ്തിട്ടില്ല. അതുകൊണ്ടാണ് വികസന തുടർച്ചയ്ക്ക് വീണ്ടും എൽഡിഎഫ് വരണമെന്ന് കേരളം ഒന്നടങ്കം ആഗ്രഹിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയമായും വികസന പരമായും ഒന്നും പറയാൻ കഴിയാത്ത പ്രതിപക്ഷവും ബി ജെ പിയും വമ്പിച്ച തോതിൽ നുണപ്രചാരണം അഴിച്ചുവിടുകയാണ്.എന്നാൽ ഇതൊന്നും കേരളത്തിലെ ജനങ്ങൾക്കിടയിൽ വില പോകില്ല.അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവരാണ് കോൺഗ്രസും ബിജെപിയും.

നുണക്കഥകളുടെ മലവെള്ളപ്പാച്ചിൽ ഉണ്ടായപ്പോഴും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും ബിജെപിക്കുമുള്ള തിരിച്ചടിയായിരുന്നു. എന്നാൽ ഇതിൽ നിന്നൊന്നും പാഠം പഠിക്കാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല. നാടിൻ്റെ സമഗ്ര മുന്നേറ്റത്തിന് എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു.