അഭിമാനത്തോടെ ആർ.ബിന്ദുവിൻ്റെ സ്ഥാനാർത്ഥിത്വത്തെ ഞാൻ സ്വീകരിക്കുന്നു: അശോകൻ ചരുവിൽ

0
82

നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്തുറ്റ സ്‌ഥാനാർഥികളെ സിപിഐ എം പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആർ.ബിന്ദുവിൻ്റെ സ്ഥാനാര്ഥിത്വമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയും മുൻ തൃശ്ശൂർ മേയറുമായ ഡോ ആർ. ബിന്ദു. കഴിഞ്ഞ 30 വർഷങ്ങളായി പൊതുരംഗത്ത് സജീവമാണ്.

ആർ.ബിന്ദുവിൻ്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള അശോകൻ ചരുവിലിന്റെ പോസ്റ്റ് ശ്രദ്ദേയമാകുകയാണ്. ഇരിഞ്ഞാലക്കുടയിലെ ഒരു വോട്ടർ എന്ന നിലയിൽ വലിയ അഭിമാനത്തോടെയാണ് ആർ.ബിന്ദുവിൻ്റെ സ്ഥാനാർത്ഥിത്വത്തെ ഞാൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇരിഞ്ഞാലക്കുടയിലെ ഒരു വോട്ടർ എന്ന നിലയിൽ വലിയ അഭിമാനത്തോടെയാണ് ആർ.ബിന്ദുവിൻ്റെ സ്ഥാനാർത്ഥിത്വത്തെ ഞാൻ സ്വീകരിക്കുന്നത്. കാരണം, രാഷ്ട്രീയവും സാംസ്കാരികവുമായ എന്തൊക്കെ സവിശേഷതകളാണോ ഈ പ്രദേശത്തിനുള്ളത് അതിൻ്റെയെല്ലാം പ്രതീകമായിട്ടാണ് ചെറിയ പെൺകുട്ടിയായിരിക്കുന്ന കാലം മുതലേ ബിന്ദുവിനെ ഞങ്ങൾ കണ്ടിട്ടുള്ളത്.

ബിന്ദുവിൻ്റെ അച്ഛൻ എൻ.രാധാകൃഷ്ണൻ മാസ്റ്റരും എൻ്റെ അച്ഛൻ സി.എ.രാജൻ മാസ്റ്റരും അവിഭക്ത കമ്യൂണിസ്റ്റു പാർടിയുടെ ഇവിടത്തെ പ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. (അതിൻ്റെ സ്വാതന്ത്ര്യത്തിൽ ഇടക്കു ഞങ്ങൾ വഴക്കുകൂടാറുമുണ്ട്.) മാതൃഭൂമി വിഷുപ്പതിപ്പ് മത്സരത്തിൽ ചെറുകഥക്ക് സ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയതോടെയാണ് ബിന്ദു ഞങ്ങൾ സാംസ്കാരിക പ്രവർത്തകരുടെ ശ്രദ്ധയിൽ വരുന്നത്.

കഥാസാഹിത്യത്തിൽ ഭാവിയുടെ ഒരു വാഗ്ദാനമായി ആ കുട്ടിയെ ഞങ്ങൾ കരുതി. പക്ഷേ അവർ പിന്നെ അവിടെ നിന്നില്ല. ഇരിഞ്ഞാലക്കുടയുടെ പാരമ്പര്യം ഉൾക്കൊണ്ട് കഥകളിയിലേക്കാണ് ആ പെൺകുട്ടി പിന്നീട് പോയത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ രണ്ടോ മൂന്നോ തവണ കഥകളിക്ക് ഒന്നാം സ്ഥാനം നേടിയ വിവരം ഞങ്ങൾ പത്രത്തിൽ വായിച്ചു.

സെൻ്റ് ജോസഫ് കോളേജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിദ്യാത്ഥി രാഷ്ടീയരംഗത്ത് ബിന്ദു എത്തുന്നത്. പിന്നീട് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധിയായി.

എസ്.എഫ്.ഐ.നേതൃത്തത്തിൽ എത്തി. തീപാറുന്ന വിദ്യാർത്ഥിസമരങ്ങൾക്കിടക്ക് ഒന്നിച്ച് പ്രവർത്തിച്ച സമരസഖാക്കൾ എന്ന നിലയിലാണ് എ.വിജയരാഘവനും ബിന്ദുവും വിവാഹിതരാവുന്നത്.

സമരവും പoനവും ഒന്നിച്ചു മുന്നേറി. ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി.യും നേടിയ ബിന്ദു ശ്രീകേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായി. അതോടെ കർമ്മരംഗം തൃശൂരായി. ഞാൻ അക്കാലത്ത് തൃശൂർ പട്ടണത്തിൽ ജോലി ചെയ്യുന്നുണ്ട്.

സ്ത്രീകളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള നിരവധി സമരങ്ങളിലെ നായികയായി ഈ സഹോദരിയെ ഞാൻ കാണുന്നുണ്ടായിരുന്നു. ഒരിക്കൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ വെച്ച് നരേന്ദ്രമോദിയുടെ കോലം കത്തിക്കാനുള്ള ശ്രമം പോലീസ് വന്നു തടയുന്നത് കണ്ടു. അതിനിടയിൽ തട്ടിത്തെറിപ്പിക്കപ്പെട്ട കാനിൽ നിന്നുള്ള പെട്രോളിൽ കുളിച്ച് ബിന്ദു നിൽക്കുന്നതും കണ്ടു.

തേക്കിൻകാട് മൈതാനത്ത് നിന്ന് ഒരിക്കൽ അറസ്റ്റു ചെയ്യുമ്പോൾ ചെറിയ കുട്ടിയായിരുന്ന അവരുടെ മകൻ അന്നു കൂടെയുണ്ടായിരുന്നു. അമ്മയുടെ കൂടെ കൗതുകത്തോടെ അവൻ പോലീസ് ജീപ്പിൽ കയറുന്ന ചിത്രം ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്. ഇതിനിടെ ബിന്ദു തൃശൂർ നഗരസഭാ കൗൺസിലാറായി. പിന്നെ മേയറായി.

ഇരിഞ്ഞാലക്കുടക്കാരി തൃശൂരിൽ മേയറായപ്പോൾ ഞങ്ങളെല്ലാം സ്വകാര്യമായി അഭിമാനിച്ചിരുന്നു. അക്കാലത്ത് തൃശൂരിലെ സാംസ്കാരിക പ്രവർത്തകർക്ക് വലിയ സഹായവും പിന്തുണയുമാണ് മേയറിൽ നിന്ന് ഉണ്ടായിരുന്നത്. എഴുത്തച്ഛൻ പുരസ്കാരം നേടിയ കോവിലനെ അഭിനന്ദിക്കാൻ പോയ സംഘത്തിൽ അന്നത്തെ സാംസ്കാരിക വകുപ്പു മന്ത്രിക്കൊപ്പം മേയറും ഉണ്ടായിരുന്നു.

കോവിലൻ്റെ കാലിൽ തൊട്ടു നമസ്കരിച്ച മേയർ അതിൻ്റെ സന്തോഷത്തിൽ കണ്ണു നിറഞ്ഞു വികാരാധീനയാവുന്നത് ഞങ്ങൾ കണ്ടു.ഇപ്പോൾ ഇരിഞ്ഞാലക്കുടക്ക് അതിൻ്റെ മകളെ തിരിച്ചു കിട്ടിയിരിക്കുന്നു. ഉണ്ണായിവാര്യരുടേയും ചാക്യാന്മാരുടേയും വഴിനടക്കാനുള്ള കുട്ടംകുളം സമരത്തിൻ്റേയും നാടിന് അതൊരു സൗഭാഗ്യമാണ്.

അശോകൻ ചരുവിൽ