“സ്വർണക്കടത്ത്‌ കേസിൽ രാഷ്‌ട്രീയ സമ്മർദം അതിഭീകരം”; ഇഡി മുൻ അഭിഭാഷകന്റെ വെളിപ്പെടുത്തൽ

0
19

സ്വർണക്കടത്ത്‌ കേസിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾക്കുമേൽ രാഷ്‌ട്രീയ സമ്മർദം അതിഭീകരമാണെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇഡി) മുൻ സ്‌റ്റാൻഡിങ് കോൺസൽ അഡ്വ. ഷൈജൻ സി ജോർജ്‌ . സ്വർണക്കടത്ത്‌ കേസന്വേഷണം ഏറ്റെടുക്കുമ്പോൾ ഇഡിക്കൊപ്പമുണ്ടായിരുന്നു. ആറുവർഷമായി തുടരുന്ന സ്‌റ്റാൻഡിങ് കോൺസൽ സ്ഥാനം പന്തികേട്‌ മണത്തപ്പോൾ ഒഴിയുകയായിരുന്നെന്നും അത്‌ നന്നായെന്ന്‌ ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ ആദ്യം അന്വേഷണമാരംഭിച്ചത്‌ കസ്‌റ്റംസ്‌ ആണ്‌. അവസാനം കേസെടുത്തത്‌ ഇഡിയും. തുടക്കത്തിൽ കസ്‌റ്റംസ്‌ ശരിയായ ദിശയിലായിരുന്നു. എന്നാൽ പിന്നീട്‌ കസ്‌റ്റംസ്‌ എന്തോ വഴിവിട്ട്‌ ചെയ്യാൻ പോകുന്നുവെന്ന പ്രതീതി മറ്റ്‌ അന്വേഷണ ഏജൻസികൾക്ക്‌ ഉണ്ടായി. ഇഡി അന്വേഷണ ഉദ്യോഗസ്ഥരിൽ ഉൾപ്പെടെ അതിന്റെ മാറ്റം പ്രകടമായി.

മുകളിൽനിന്നുള്ള നിർദേശങ്ങൾ പിന്നീട്‌ സ്‌റ്റാൻഡിങ് കോൺസൽമാർക്ക്‌ ഉൾപ്പെടെ കിട്ടിത്തുടങ്ങി. ബിജെപി നേതൃത്വത്തിന്റെ രാഷ്‌ട്രീയ ഇടപെടലാണ്‌ അതെന്ന്‌ മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. അതോടെ അന്വേഷണ ഏജൻസികൾക്കിടയിൽ ഏകോപനവുമുണ്ടായി. ഇതിനൊന്നും വഴിപ്പെടാതെ താൻ നടത്തിയ നിയമപരമായ നടപടികൾ അവർക്ക്‌ തൃപ്‌തികരമല്ലാതായി. സ്വപ്‌നയുടെയും സരിത്തിന്റെയും കസ്‌റ്റഡി അപേക്ഷ ഇഡിക്കുവേണ്ടി ആദ്യം കോടതിയിൽ സമർപ്പിച്ചപ്പോൾ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ ഇടപെട്ട്‌‌ റദ്ദാക്കിച്ചു. ആസൂത്രിതമായ ലക്ഷ്യത്തോടെ ചില നടപടികൾ‌ അവർ ആവശ്യപ്പെട്ടു. വഴിവിട്ട്‌ കാര്യങ്ങൾ ചെയ്യാൻ വിസമ്മതിച്ചതോടെ അവിടെ തുടരാനാകില്ലെന്ന്‌ ബോധ്യമായി. ഏജൻസികൾ തമ്മിലുള്ള ഏകോപനം പോരെന്ന്‌ ഇഡി പരാതി പറഞ്ഞതോടെ സ്ഥാനമൊഴിയുകയായിരുന്നെന്ന്‌ ഷൈജൻ സി ജോർജ്‌ പറഞ്ഞു.

ബിജെപി മുഖപത്രത്തിന്റെ ലീഗൽ അഡ്വൈസറായിരുന്ന ഷൈജൻ തുടർന്നാണ്‌ ഇഡിയുടെ സ്‌റ്റാൻഡിങ് കോൺസലായത്‌.ഇഡി അന്വേഷിക്കുന്ന കേസിന്റെ ചുമതലയുള്ള അസിസ്‌റ്റന്റ്‌ ഡയറക്ടർ പി രാധാകൃഷ്‌ണനെതിരെയാണ്‌ വനിതാ പൊലീസ്‌ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ‌. മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിസ്ഥാനത്തുകൊണ്ടുവരാൻ ഇഡി പ്രത്യേക താൽപ്പര്യം കാണിച്ചുവെന്നാണ്‌ മൊഴി.