‘ടീച്ചറമ്മ അന്ന്‌ ഉറപ്പു തന്നു,സോനമോളിപ്പൊ എല്ലാവരെയും കാണുന്നുണ്ട്” സോനയുടെ മാതാപിതാക്കളും പറയുന്നു ഇതുപോലൊരു സർക്കാർ വീണ്ടും വരണം

0
71

ഓർമയുണ്ടോ സോനമേളെ…? ഓടിച്ചാടി നടക്കേണ്ട പ്രായത്തിൽ കാഴ്‌ച നഷ്‌ടപ്പെട്ട്‌ ഇറുങ്ങിയ കണ്ണുകളുമായി മലയാളികളെ കണ്ണീരണിയിച്ച ആ കൊച്ചു മുഖം. സോനമോൾ ഇന്ന്‌ കുഞ്ഞുകണ്ണുകളിലൂടെ ലോകം കാണുകയാണ്‌‌.

പട്ടിക്കാട് എടത്തപ്പലം അറാക്കുടിയിൽ വീട്ടിൽ ബാബുവിന്റെയും ലീനയുടെയും മകളായ സോനമോളുടെ കാഴ്‌ച‌ സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവുമൂലമാണ്‌ നഷ്‌ടപ്പെട്ടത്‌. ഇത്‌ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ സർക്കാർ ഈ‌ നിർധനകുടുംബത്തിന്‌ താങ്ങായി മാറി‌. തക്കസമയത്ത്‌ ഇടപെട്ട്‌ സോനമോൾക്ക്‌ പുതുജീവിതം തിരിച്ചു നൽകിയ സർക്കാരിനോടുള്ള നന്ദി എന്നുമുണ്ട്‌ ഈ കുടുംബത്തിന്‌.

“ടീച്ചറമ്മ ഇല്ലായിരുന്നെങ്കിൽ‌ മോളെ ഞങ്ങക്ക്‌ തിരിച്ച്‌ കിട്ടില്ലായിരുന്നു… വൈകാതെ‌ കാഴ്‌ചശക്തി തിരിച്ചുകിട്ടുമെന്ന്‌ ഉറപ്പ്‌ തന്നിരുന്നു‌ അന്ന്‌ ടീച്ചർ… അത്‌ തെറ്റിയില്ല. സോനമോളിപ്പൊ എല്ലാവരെയും കാണുന്നുണ്ട്‌… ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക്‌ ഇങ്ങനെ എന്നും താങ്ങായി നിൽക്കുന്ന സർക്കാരല്ലെ എന്നും വേണ്ടത്‌..’ സോനമോളുടെ അച്ഛൻ ബാബുവിന്റെ വാക്കുകൾ. പറഞ്ഞു തീർക്കും മുമ്പു തന്നെ സന്തോഷംകൊണ്ട്‌ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറിയിരുന്നു.

ഇടതുസർക്കാർ ഈ കുടുംബത്തിന്‌ നൽകിയ സ്‌നേഹവും കരുതലും അത്രയും വലുതാണ്‌. 2019ലാണ്‌ ചികിത്സാപിഴവ് മൂലം കുട്ടിയുടെ കാഴ്ച നഷ്‌ടപ്പെട്ടത്‌. ടോക്‌സിക്‌ എപ്പിഡർമോ നെക്രോലൈസിസ്‌ എന്ന രോഗാവസ്ഥയിലായി. സോനമോളുടെ അവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ്‌ മന്ത്രി കെ കെ ശൈലജയുടെ ശ്രദ്ധയിൽപ്പെട്ടത്‌. ഇതോടെ വി കെയർ പദ്ധതിയിലുൾപ്പെടുത്തി ഹൈദരാബാദിലയച്ച്‌ വിദഗ്ധചികിത്സ നൽകിയാണ്‌ കാഴ്ച തിരികെ ലഭിച്ചത്.

തുടർചികിത്സയ്ക്കായുള്ള എല്ലാ ചെലവും സർക്കാർ ഏറ്റെടുത്തു. കാഴ്ച തിരികെ ലഭിച്ച‌ ശേഷം കുടുംബം ആദ്യം സന്ദർശിച്ചത്‌ മന്ത്രി കെ കെ ശൈലജയെയാണ്‌. ഇന്നും മുടങ്ങാതെ മന്ത്രി വിവരങ്ങൾ അന്വേഷിക്കാറുണ്ടെന്നും ഈ സർക്കാരിന്റെ തുടർഭരണം സാധാരണക്കാരുടെ കൂടെ ആഗ്രഹമാണെന്നും അച്ഛൻ ബാബു പറയുന്നു. ഇപ്പോൾ‌ തൃശൂരിലെ കൊച്ചുവീട്ടിൽ ‌ഓൺലൈൻ പഠനത്തിന്റെ തിരക്കിലാണ് സോനമോൾ.