Saturday
10 January 2026
31.8 C
Kerala
HomeKeralaസിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കും : ദളിത്‌ കോൺഗ്രസ്‌ നേതാവ്‌ രാജിവെച്ചു

സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കും : ദളിത്‌ കോൺഗ്രസ്‌ നേതാവ്‌ രാജിവെച്ചു

തലശേരി : ദളിത്‌കോൺഗ്രസ്‌ നേതാവും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ നടമ്മൽ രാജൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വലിയ അവഗണനയാണ്‌ കോൺഗ്രസിൽ നേരിട്ടത്‌. പാർട്ടിയിൽ സവർണാധിപത്യമാണ്‌. ന്യൂനപക്ഷ–-ദളിത്‌ വിഭാഗത്തിൽപെട്ടവരെ യോഗങ്ങളിൽ പങ്കെടുപ്പിക്കാതെ അയിത്തം കൽപിച്ച്‌ മാറ്റിനിർത്തുകയാണ്‌.

ഡിസിസി അംഗം കെ ശിവദാസന്‍, കെ സജീവന്‍, എം ദിനേശന്‍ എന്നീ പട്ടിക ജാതിക്കാരും വി കെ വി റഹീം, അനസ് ചാലില്‍, ഉസ്മാന്‍ വടക്കുമ്പാട്, ഗഫൂര്‍ മനയത്ത് തുടങ്ങിയവരും ഇത്തരത്തിൽ അവഗണന നേരിട്ടവരാണ്‌. കോൺഗ്രസ്‌ നേതാക്കളുടെ സഹകരണ സ്ഥാപനങ്ങളിൽ പട്ടിക ജാതിക്കാരെ ഭരണ സമിതിയിലും സ്റ്റാഫ് നിയമനത്തിലും പരിഗണിക്കാറില്ല.

എന്നെ ഉപയോഗിച്ച്‌ സംസ്ഥാനമാകെ രാഷ്‌ട്രീയപ്രചാരണം നടത്തിയ പാർട്ടിയാണ്‌ കോൺഗ്രസ്‌. പ്രാദേശികമായ നിസ്സാര പ്രശ്‌നം ഊതിവീർപ്പിച്ചു. കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയുടെ വിലപോലുമില്ല. അന്ന്‌ ചില നേതാക്കളുടെ പ്രേരണക്ക്‌ വഴങ്ങിയാണ്‌ ചിലത്‌ പറഞ്ഞത്‌. പാർട്ടിയിലെ പ്രശ്‌നം സംബന്ധിച്ച്‌ ഉമ്മൻചാണ്ടി, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കെല്ലാം കത്ത്‌ നൽകി. ആരും ഇടപെട്ടില്ല.

തലശേരി നഗരസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ ഞാനും മകളും മത്സരിച്ചിരുന്നു. എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തടഞ്ഞു. കഴിഞ്ഞ തവണത്തെ വോട്ട് പോലും കിട്ടിയില്ല.

മകള്‍ മത്സരിച്ച കോമത്ത് പാറയില്‍ ബിജെപിക്ക് വോട്ട്‌ മറിച്ചു. 55 വോട്ടാണ് യുഡിഎഫിന് കിട്ടിയത്. ബിജെപിക്ക്‌ വോട്ട്‌ വിൽക്കുന്ന പാര്‍ട്ടിയില്‍  ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നില്ല. എൽഡിഎഫ്‌ സർക്കാറിന്റെ ജനക്ഷേമ നടപടികളെ തകർക്കാനുള്ള കോൺഗ്രസ്‌ നേതൃത്വത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ്‌ രാജി. കുടുംബസമേതം കോൺഗ്രസ് വിടുകയാണെന്ന് മുനിസിപ്പൽ വർക്കേഴ്‌സ്‌ യൂനിയൻ ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി കൂടിയായ കുട്ടിമാക്കൂൽ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments