EXCLUSIVE… മുഖ്യമന്ത്രി പറഞ്ഞ കേന്ദ്ര സഹമന്ത്രിയാര് ? മൗനം പാലിച്ച് വി.മുരളീധരൻ, അമ്പരന്ന് ബി ജെ പി

0
91

-അനിരുദ്ധ് പി.കെ- 

ആരാണ് ആ കേന്ദ്ര സഹമന്ത്രി ? തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രി ആരാണ് ? അമിത് ഷായോടുള്ള ചോദ്യങ്ങളിൽ ഈ പരാമർശം ഉൾപ്പെട്ടതോടെ രാഷ്ട്രീയ ലോകവും, മാധ്യമങ്ങളും ആ കേന്ദ്ര മന്ത്രിയെക്കുറിച്ചുള്ള ചർച്ചകളാണ്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ ഇങ്ങനെ,

സ്വർണ്ണകള്ളക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കളിത്തമുണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ ?

ശരിയായ ദിശയിൽ അന്വേഷണം നടന്നാൽ ഇത്തരത്തിലുള്ള നേതാക്കാൾ മാത്രമല്ല മന്ത്രി വരെ ചോദ്യം ചെയ്യപ്പെടും എന്നു മാത്രമല്ല മന്ത്രി പെട്ടേക്കും എന്ന് ബോധ്യമായപ്പോഴല്ലെ അന്വേഷണം അട്ടിമറിക്കുന്ന നിലയിലേക്കെത്തിയത് ?

മുഖ്യമന്ത്രി ഒരു കേന്ദ്ര സഹമന്ത്രിയെന്ന് പറഞ്ഞ് കൃത്യമായി ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ബി ജെ പി നേതൃത്വവും ഇപ്പോൾ വെട്ടിലായി. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടി നൽകിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ എന്നാൽ കേന്ദ്ര മന്ത്രി ആരാണെന്ന് അറിയില്ലേ എന്ന ചോദ്യത്തിന് മൗനം പാലിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഇതേക്കുറിച്ച് മിണ്ടിയതേയില്ല.

വരും ദിവസങ്ങളിൽ ഈ മന്ത്രിയുടെ പേര് പുറത്ത് വരുമെന്നാണ് ബി ജെ പി കേന്ദ്രങ്ങളുടെ ആശങ്ക. അതോടെ സംസ്ഥാനത്തെ ബി ജെ പി യുടെ അടിത്തറയിളകുമെന്നും നേതാക്കൾ ഭയപ്പെടുന്നു.മുഖ്യമന്ത്രി ഇത് സംബന്ധിച്ച് തെളിവുകൾ പുറത്ത് വിട്ടാൽ, തെരഞ്ഞെടുപ്പിൽ അടപടലം തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഒരു കേന്ദ്ര സഹമന്ത്രിയും കേരളത്തിൽ മത്സരിക്കേണ്ട എന്ന അഭിപ്രായം ബി ജെ പി യിലെ മുതിർന്ന നേതാക്കൾക്ക് ഉണ്ട്.

കേന്ദ്ര മന്ത്രിയുടെ പങ്കാളിത്തത്തിന് ഉപോൽബലകമായി ചില ചോദ്യങ്ങളും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എയർപോട്ടല്ലെ ?

ബിജെപി അധികാരത്തിൽ വന്നത് മുതൽ തിരുവനന്തപുരം എയർപോട്ട് സ്വർണ്ണക്കടത്തിന്റെ ഹബ്ബായി മാറിയത് എങ്ങനെയാണ് ?

സ്വർണ്ണകള്ളക്കടത്തിന് തടസം വരാതിരിക്കാൻ തിരുവനന്തപുരം എയർപോട്ടിൽ സംഘപരിവാറുകാരെ വിവിധ ചുമതലകളിൽ നിയമിച്ചത് ബോധപൂർവ്വമല്ലെ ?

കള്ളക്കടത്തിന് പിടികൂടപ്പെട്ട ചിലരെ പ്രത്യേക താൽപര്യമെടുത്ത് ഡെപ്യൂട്ടേഷൻ വഴി തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത് ?

നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാൻ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാർട്ടിയുടെ ചാനലിന്റെ മേധാവിയല്ലെ ?

ഈ കേസിലെ അന്വേഷണം താങ്കൾക്ക്, അമിത് ഷാക്കും കൂട്ടർക്കും താൽപര്യമുള്ളവരിൽ എത്തുന്നു എന്ന് കണ്ടപ്പോഴല്ലെ ആ കേസിന്റെ ദിശ തിരിച്ച് വിട്ടത്?

ഇന്ത്യാ മഹാരാജ്യത്തിന്റെ ഒരു അന്വേഷണ ഏജൻസിക്ക് ഇത്തരമൊരു കുറ്റവാളിയെ ഇതേവരെ ചോദ്യം ചെയ്യാൻ കഴിയാത്തത് നിങ്ങൾക്ക്, അതായത് കേന്ദ്ര ഭരണത്തിന് അതിൽ താൽപര്യമില്ലാത്തത് കൊണ്ടല്ലെ. എന്തേ താൽപര്യ കുറവിന് കാരണം ?

സംഘപരിവാർ ബന്ധമുള്ളവർ അതിലുണ്ട് എന്നത് കൊണ്ടല്ലെ അവരിലേക്ക് അന്വേഷണം എത്തേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ തന്നെ നിലപാടെടുത്തത് ?

സ്വർണ്ണം വന്നല്ലോ കള്ളക്കടത്തായിട്ട് ആ സ്വർണ്ണം കണ്ടുകെട്ടിയോ, സ്വർണ്ണം എന്താ ആവിയായി പോയോ. നിങ്ങൾക്ക് അത് പിടികൂടാൻ മനസ്സില്ല. കാരണം നിങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ കൈകളിലാണ് അത് എത്തിചേർന്നത് ?

ഈ ചോദ്യങ്ങൾ മുഖ്യമന്ത്രി ചോദിച്ചത് കൃത്യമായ തെളിവുകൾ ഉള്ളതിനാലാകും. സ്വർണ്ണക്കടത്ത് കേസ് ആയുധമാക്കി തെരഞ്ഞെടുപ്പിൽ ഉന്നയിച്ച് സർക്കാരിനെതിരെ വികാരമുണ്ടാക്കാമെന്ന ബി ജെ പി തന്ത്രം ബൂമറാങ്ങായി ബി ജെ പി യെ തിരിച്ചടിക്കുകയാണ്.