രാമക്ഷേത്രത്തിന് സംഭാവന നൽകിയില്ല, സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് അധ്യാപകൻ

0
73

അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിനു സംഭാവന നൽകാതിരുന്നതിനാൽ ആർഎസ്എസ് നടത്തുന്ന സ്കൂളിൽ നിന്ന് പുറത്താക്കിയതായി അധ്യാപകൻ.

ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. 1000 രൂപ സംഭാവന നൽകാൻ വിസമ്മതിച്ചതിനാൽ തന്നെ പുറത്താക്കിയെന്നാണ് ആരോപണം.

യുപി ജഗദീഷ്പൂരിലെ സരസ്വതി ശിശു മന്ദിർ സ്കൂളിൽ പഠിപ്പിക്കുന്ന യശ്വന്ത് പ്രതാപ് സിംഗ് എന്ന അധ്യാപകനാണ് ആരോപണവുമായി രംഗത്തെത്തിയത്. ആർഎസ്എസ് പ്രവർത്തകർ രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിക്കാൻ സ്കൂളിൽ എത്തിയപ്പോൾ പണം നൽകാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചതായി അദ്ദേഹം പറയുന്നു.

പണം നൽകാതിരുന്നതിനാൽ സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് യശ്വന്ത് പ്രതാപ് സിംഗ് ആരോപിച്ചു. തൻ്റെ 8 മാസത്തെ ശമ്പളം സ്കൂൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിനു പരാതി നൽകിയെന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.