കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; താനെയിലും നാസികിലും ലോക്ഡൗണ്‍, വിവാഹങ്ങള്‍ക്ക് നിയന്ത്രണം

0
67

കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിക്കുന്നതിനാല്‍ മഹാരാഷ്ട്രയിലെ ജില്ലകളായ താനെയിലും നാസിക്കിലും സര്‍ക്കാര്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാസിക്കില്‍ ആഴ്ചയില്‍ ഒരു ദിവസം കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. താനെയില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ സമ്പൂര്‍ണ ലോക്ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാസിക് ജില്ലയില്‍ മാത്രം കോവിഡ് കേസുകള്‍ ഒന്നരലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് വീണ്ടും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥിതിഗതികള്‍ വിലയിരുത്തി. മാര്‍ച്ച് 15 മുതല്‍ നാസികില്‍ വിവാഹ ചടങ്ങുകള്‍ നിരോധിച്ചു. നേരത്തെ അനുമതി ലഭിച്ച വിവാഹങ്ങള്‍ മാര്‍ച്ച് 15 വരെ നടത്താം. അതിന് ശേഷം പുതിയ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ കടകളും ഓഫീസുകളും വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

നാസിക് നഗരത്തില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടും. ആരാധനാലയങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. നാസികില്‍ 675 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിങ്കളാഴ്ച ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26,570 ആയി.

താനെയില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ മാര്‍ച്ച് 31 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ 16 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളാണ് നിലവിലുള്ളത്. മറ്റ് പ്രദേശങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മാത്രം മഹാരാഷ്ട്രയില്‍ 11,141 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 22 ലക്ഷം പിന്നിട്ടു.