സംസ്ഥാന എയർറൈഫിൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഷൂട്ടിംഗ് താരം അഖിൽ എസ്. സാം മന്ത്രി ഇ.പി. ജയരാജനെ ഓഫീസിലെത്തി സന്ദർശിച്ചു.
ബൈക്ക് അപകടത്തിനെ തുടർന്ന് ഉണ്ടായ ശാരീരിക പരിമിതികൾക്കിടയിൽ ഷൂട്ടിംഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ സ്പോർട്സ് വീൽചെയർ വാങ്ങാൻ അഖിലിന് കായിക വകുപ്പ് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. ഇതിലുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നതിനായാണ് അഖിൽ നേരിട്ട് മന്ത്രിയുടെ ഓഫിസിൽ എത്തിയത്.
കഴിഞ്ഞയാഴ്ച നടന്ന പ്രഥമ ദേശീയ പാരാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പങ്കെടുത്ത ശേഷമാണ് അഖിൽ മന്ത്രി കാണാൻ എത്തിയത്. ഫെബ്രുവരിയിൽ നടന്ന സോണൽ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയാണ് ദേശീയ ചാമ്പ്യൻഷിപ്പിന് അഖിൽ യോഗ്യത നേടിയത്.
2016 ൽ ബിരുദ വിദ്യാർഥിയായിരിക്കെയാണ് അഖിലിന്റെ ജീവിതം തന്നെ മാറ്റിമറിച്ച് ബൈക്ക് അപകടം ഉണ്ടാകുന്നത്. കടുത്ത നിരാശ ബാധിച്ച് ജീവിതം പ്രതിസന്ധിയിലായിപ്പോയേക്കാവുന്ന അവസ്ഥയിൽ നിന്നാണ് സംസ്ഥാന സർക്കാരിന്റെ കരുതലിൽ അഖിൽ സ്വപ്നങ്ങൾക്ക് നിറം പകർന്ന് തിരികെയെത്തിയത്. കായിക വകുപ്പ് നൽകിയ തുക ഉപയോഗിച്ച് സ്പോർട്സ് വീൽചെയർ വാങ്ങുന്നതോടെ ഷൂട്ടിങ്ങിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ അഖിലിനാകും.