ഇടതുപക്ഷം, കൂടുതൽ കരുത്തോടെ തുല്യനീതിക്കായുള്ള ഈ മുന്നേറ്റത്തിന്റെ മുന്നണിയിൽ തന്നെ ഉണ്ടാകും : മുഖ്യമന്ത്രി

0
69

അന്താരഷ്ട്ര വനിതാ ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ സ്വാതന്ത്ര്യം അവരുടെ സ്വയംപര്യാപ്തതയിൽ അധിഷ്ഠിതമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ സർക്കാർ മുന്നോട്ടു പോയത്. അവരുടെ സുരക്ഷയും ആത്മവിശ്വാസവും സർക്കാരിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതൊരു ദീർഘമായ പോരാട്ടമാണ്. നമ്മുടെ സമൂഹവും, ഈ ലോകം തന്നെയും കൂടുതൽ ഊർജ്ജത്തോടെ അത് ഏറ്റെടുത്തു കൊണ്ടുപോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂർണരൂപം

പുരുഷാധിപത്യലോകത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ നിരന്തരമായി നടന്നു വരുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജവും ദിശാബോധവും, അതേപ്പറ്റി സാമൂഹികാവബോധവും നൽകുന്നതിനായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ അടിമുടി പരിഷ്‌കരിച്ചുകൊണ്ടു മാത്രമേ നമുക്ക് ലിംഗനീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.

ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ ആരംഭദശയിൽ തന്നെ വളരെ ഗൗരവത്തോടെ കണ്ടൊരു പ്രമേയമാണത്. സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേർത്തുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ വിശാലമായ വർഗരാഷ്ട്രീയ കാഴ്ചപ്പാടുകൾ വളർന്നു വന്നത്. ആ കാഴ്ചപ്പാടുകളെ ഉൾക്കൊണ്ടുകൊണ്ടാണ്, ഈ സർക്കാരും ഇതുവരെ മുന്നോട്ടു പോയിട്ടുള്ളത്.

പരിമിതികളെ മറികടന്നുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്നുവരാനാവശ്യമായ പിന്തുണയും സുരക്ഷയും ആത്മവിശ്വാസവും നൽകുന്ന നിരവധി പദ്ധതികളും പ്രവർത്തനങ്ങളും ഇക്കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നടപ്പിലാക്കുകയുണ്ടായി. സത്രീകൾക്കായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയത് ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ്. ഇടതുപക്ഷം സ്ത്രീ മുന്നേറ്റത്തിനു നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് പ്രത്യേക വകുപ്പ് സ്ഥാപിച്ചത്.

കുടുംബശ്രീ പ്രസ്ഥാനത്തിന് ഇക്കാലയളവിൽ ഉണ്ടായ പുരോഗതി പരിശോധിച്ചാൽ സ്ത്രീകൾക്കു വേണ്ടി സർക്കാർ കൈക്കൊണ്ട നിലപാടുകൾ വ്യക്തമാകും. 2015-16-ലെ യുഡിഎഫ് ഭരണകാലത്ത് കുടുംബശ്രീയുടെ ബജറ്റ് വിഹിതമായ 75 കോടി രൂപ, 2021-22 ബജറ്റിൽ 260 കോടി രൂപയായി ഉയർന്നപ്പോൾ ഉള്ള വ്യത്യാസം സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്ക് ഈ സർക്കാർ എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ തെളിവാണ്.

കേന്ദ്രാവിഷ്‌കൃത പദ്ധതികൾ കൂടി കുടുംബശ്രീ വഴി നടത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന്റെ ഫലമായി 1749 കോടി രൂപയായി ബജറ്റ് വിഹിതം വീണ്ടും ഉയരുന്നു. 40000 തൊഴിൽ സംരംഭങ്ങളാണ് കുടുംബശ്രീ വഴി മാത്രം നമ്മൾ പുതുതായി ആരംഭിച്ചത്. 1000 വീടുകളാണ് കുടുംബശ്രീ മുഖാന്തരം പണിതത്. 22000 സ്ത്രീകൾക്കായി ഈ സർക്കാർ നൽകിയത് 480 കോടി രൂപയുടെ വായ്പയാണ്.

സ്ത്രീകളുടെ പോഷകാഹര പ്രശ്‌നങ്ങൾ പരിഹരിക്കാൻ ‘സമ്പുഷ്ട കേരളം’, ഒറ്റയ്ക്ക് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ‘എന്റെ കൂട്’, വിധവകളുടെ മക്കൾക്ക് പഠിക്കാൻ ധനസഹായം, സ്ത്രീസൗഹൃദ ശൗചാലയങ്ങൾക്കായി ‘ഷീ ടോയ്‌ലറ്റ്’, സ്വയംസംരഭകത്വം പ്രോത്സാഹിപ്പിക്കാൻ ‘നാനോ സ്റ്റാർട്ടപ്പുകൾ’, ഒരു ഫോൺകോളിൽ സുരക്ഷ ഉറപ്പാക്കുന്ന ‘മിത്ര ഹെൽപ്ലൈൻ’, ലൈംഗികാതിക്രമം അതിജീവിച്ച സ്ത്രീകൾക്ക് അടിയന്തര ധനസഹായം, അതിക്രമത്തിനിരയാകുന്ന സ്ത്രീകളെ സംരക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘വൺസ്റ്റോപ് സെന്ററുകൾ’ തുടങ്ങി അനവധി പദ്ധതികളാണ് സർക്കാർ സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കിയത്.

സ്ത്രീകളുടെ സ്വാതന്ത്ര്യം അവരുടെ സ്വയംപര്യാപ്തതയിൽ അധിഷ്ഠിതമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ സർക്കാർ മുന്നോട്ടു പോയത്. അവരുടെ സുരക്ഷയും ആത്മവിശ്വാസവും സർക്കാരിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതൊരു ദീർഘമായ പോരാട്ടമാണ്. നമ്മുടെ സമൂഹവും, ഈ ലോകം തന്നെയും കൂടുതൽ ഊർജ്ജത്തോടെ അത് ഏറ്റെടുത്തു കൊണ്ടുപോകേണ്ടതുണ്ട്.

ഇടതുപക്ഷം, കൂടുതൽ കരുത്തോടെ തുല്യനീതിക്കായുള്ള ഈ മുന്നേറ്റത്തിന്റെ മുന്നണിയിൽ തന്നെ ഉണ്ടാകും. ഇതുവരെയുള്ള ശ്രമങ്ങളെ കൂടുതൽ വിപുലപ്പെടുത്തിയും, പുതിയവ ആരംഭിച്ചും, സ്ത്രീകളോടൊപ്പം ഉറച്ച കാൽവെയ്പുകളുമായി ഇനിയും മുന്നോട്ടു പോകും. എല്ലാ സ്ത്രീകൾക്കും വനിതാ ദിന ആശംസകൾ ഹൃദയപൂർവം നേരുന്നു.