വികസന കുതിപ്പ് : 569 പാലങ്ങളും എൽഡിഎഫ് യാഥാർത്ഥ്യമാക്കിയത് ടോൾ ഒഴിവാക്കി

0
63

കേരളത്തിന്റെ വികസനത്തിന് കാതലായ പങ്കുവഹിച്ചത് എൽഡിഎഫ് സർക്കാരാണ്. അതിവേഗം വികസിച്ച കേരളത്തിന്റെ വികസനക്കുതിപ്പിൽ 569 പാലങ്ങളും എൽഡിഎഫ് യാഥാർത്ഥ്യമാക്കിയത് ടോൾ ഒഴിവാക്കി. സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം പാലങ്ങൾ നിർമിച്ചത് ഈ സർക്കാരാണ്.

നിർമാണം പൂർത്തിയാക്കിയതും നിർമാണത്തിലിരിക്കുന്നതും ബലപ്പെടുത്തിയതും ഭരണാനുമതി നൽകിയതുമുൾപ്പെടെ 569. യുഡിഎഫ് ഭരണത്തിൽ 275 പാലം നിർമിച്ചെന്ന് ഉമ്മൻചാണ്ടി അവകാശപ്പെടുന്നെങ്കിലും പൂർത്തിയാക്കിയത് 73 മാത്രം. ബാക്കിയുള്ളവ യാഥാർഥ്യമാക്കിയതും എൽഡിഎഫ് സർക്കാരാണ്.

യുഡിഎഫ് ഭരണത്തിൽ ടോൾ ഏർപ്പെടുത്തിയാണ് പാലങ്ങൾ പണിതത്. എന്നാൽ, ടോൾ ഇല്ലാതെയാണ് എൽഡിഎഫ് കാലത്തെ പാലങ്ങളെല്ലാം യാഥാർഥ്യമാക്കിയത്. 845 കോടി രൂപ ചെലവിൽ 104 പാലം ഇതിനകം നാടിന് സമർപ്പിച്ചു. 1370 കോടിയുടെ 106 പാലം നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്.

103 പാലത്തിന്റെ നിർമാണം തുടങ്ങാൻ 934 കോടി രൂപയും അനുവദിച്ചു. കിഫ്ബിയിൽനിന്ന് ഫ്ളൈ ഓവർ, റെയിൽവേ മേൽപ്പാലം, അണ്ടർപാസ് എന്നിവ ഉൾപ്പെടെ 47 നിർമാണ പ്രവർത്തനങ്ങൾക്ക് 2170 കോടി ചെലവഴിച്ചു. പ്രളയത്തിൽ തകർന്ന 42 പാലം പുനർനിർമിക്കാനും തുക ചെലവഴിച്ചു. ഇവയിലൊന്നിലും ടോൾ ഇല്ലെന്ന് ഉറപ്പാക്കി. പാലാരിവട്ടം പാലം പുതുക്കി പണിതതും ടോൾ ഇല്ലാതെ.

ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളും എൽഡിഎഫ് സർക്കാർ 152.81 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്. എസ്റ്റിമേറ്റ് തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചാണ് ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങൾ നിർമിച്ചത്.

ദേശീയപാത അതോറിറ്റിയിൽനിന്ന് നിർമാണം ഏറ്റെടുത്തതുകൊണ്ട് ടോൾ പിരിവ് ഒഴിവാക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ് മുൻ യുഡിഎഫ് സർക്കാർ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണിത്.

കോഴിക്കോട് പന്നിയങ്കര റെയിൽവേ മേൽപ്പാലം, എറണാകുളം – ഏരൂർ റെയിൽവേ മേൽപ്പാലം, കോഴിക്കോട് കുഞ്ഞിപ്പള്ളി റെയിൽവേ മേൽപ്പാലം എന്നിവ പൂർത്തിയാക്കിയപ്പോഴും എൽഡിഎഫ് സർക്കാർ ടോൾ ഒഴിവാക്കി. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും (കാസർകോട്) യാഥാർഥ്യമാക്കി.