88 വനിതാ എം എൽ എ മാരിൽ 57 ഉം ഇടതുപക്ഷത്ത് നിന്ന്, വനിതാ ദിനത്തിൽ തലയുയർത്തി ഇടതുപക്ഷം, ഇനിയും മുന്നോട്ട്

0
73
സുശീലാ ഗോപാലനും കെ ആര്‍ ഗൌരിയമ്മയും നേതൃത്വം നല്‍കിയ ഒരു പഴയകാല മഹിളാ പ്രകടനം (ദേശാഭിമാനി ഫയല്‍ ചിത്രം) കടപ്പാട് : ദേശാഭിമാനി

വനിതാ ദിനത്തിൽ മാത്രമല്ല, എല്ലാ ദിനവും, സമൂഹത്തിന്റെ എല്ലാ മേഖലകളും സ്ത്രീകൾക്കുമുള്ളതാണെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിനുള്ളത്.

വിപ്ലവത്തിനും, പോരാട്ടത്തിനും മുന്നിൽ നിന്ന് നയിച്ച വനിതകൾ മാത്രമല്ല കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നതിലും വനിതകൾ വഹിച്ച പങ്ക് ചെറുതല്ല.

ഈ വനിതാ ദിനത്തിൽ കേരളത്തിലെ വനിതാ എം എൽ എ മാരുടെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന് അഭിമാനിക്കാം.

സംസ്ഥാന നിയമസഭയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ എന്നും മുന്നിൽ ഇടതുപക്ഷമെന്ന് കണക്കുകൾ. ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് എംഎൽഎമാരായ 88 സ്ത്രീകളിൽ 57 പേരും ഇടതുപക്ഷ പ്രതിനിധികൾ.

30 പേരാണ് എതിർപക്ഷത്തുനിന്ന് സഭയിലെത്തിയത്. ഒരു സ്വതന്ത്രയും വിജയിച്ചു–1980ൽ ചെങ്ങന്നൂരിൽ നിന്ന് ജയിച്ച കെ ആർ സരസ്വതിയമ്മ. 1965 ൽ ജയിച്ച മൂന്നുപേർ സഭ ചേരാത്തതിനാൽ എംഎൽഎ മാർ ആയില്ല.

2016 ൽ 17 സീറ്റിൽ എൽഡിഎഫിന്റെ സ്ത്രീ സ്ഥാനാർത്ഥികളായിരുന്നു.അവരിൽ എട്ടുപേർ വിജയിച്ചു. യുഡിഎഫിൽ നിന്ന് ആകെ ഒൻപതു പേർ മാത്രമാണ് മത്സരിച്ചത്.

ആരും ജയിച്ചില്ല. പിന്നീട് 2019 ൽ ഉപതെരെഞ്ഞെടുപ്പിലൂടെ ഷാനിമോൾ ഉസ്മാൻ വിജയിച്ചതോടെയാണ് കോൺഗ്രസിന് നിയമസഭയിൽ അവസാനത്തെ ഒരു വർഷമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉണ്ടായത്.

എൽഡിഎഫിന്റെ പട്ടികയിൽ പതിനേഴിൽ എട്ടുപേരും മത്സരിച്ചത് 2011 ൽ എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലായിരുന്നു. ശേഷിച്ച ഒമ്പതിൽ ഏഴ് മണ്ഡലങ്ങളും 2011ൽ ഒമ്പതിനായിരത്തിൽ താഴെ വോട്ടിന് എൽഡിഎഫിന് നഷ്ടമായ സീറ്റുകളും.എന്നാൽ കോൺഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫ് വനിതകൾക്ക് നൽകിയത്.

മാനന്തവാടിയിൽ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരിൽ പത്മജ വേണുഗോപാലും. മറ്റുള്ളവർ മത്സരിച്ച സീറ്റുകളിൽ ഒന്നൊഴികെ എല്ലാം പതിമൂവായിരത്തിലേറെ വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചവയായിരുന്നു. രണ്ടു സിറ്റിംഗ് സീറ്റടക്കം എല്ലാ സീറ്റും തോൽക്കുകയും ചെയ്തു.

എൽഡിഎഫിൽ കെ കെ ശൈലജ (കൂത്തുപറമ്പ്), രുഗ്മിണി സുബ്രഹ്മണ്യൻ (സുൽത്താൻ ബത്തേരി), കെ കെ ലതിക (കുറ്റ്യാടി), കെ പി സുമതി (മലപ്പുറം), സുബൈദ ഇസഹാക് (തൃത്താല), മേരി തോമസ് (വടക്കാഞ്ചേരി), ഷിജി ശിവജി (കുന്നത്തുനാട്), പ്രതിഭാ ഹരി(കായംകുളം), വീണ ജോർജ് (ആറൻമുള), അയിഷാ പോറ്റി (കൊട്ടാരക്കര), ജെ മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ) ടി എൻ സീമ (വട്ടിയൂർക്കാവ്) എന്നിവരാണ് സിപിഐ എമ്മിന്റെ വനിതാ സ്ഥാനാർഥികൾ. ഗീത ഗോപി (നാട്ടിക), ശാരദാ മോഹൻ (പറവൂർ), ഇ എസ് ബിജിമോൾ (പീരുമേട്), സി കെ ആശ (വൈക്കം) എന്നിവർ സിപിഐയുടെ സ്ഥാനാർഥികളാണ്. ജനതാദൾ എസ് സ്ഥാനാർഥിയായി കോവളത്ത് ജമീല പ്രകാശവും മത്സരിച്ചു .

സ്ത്രീ സ്വാതന്ത്ര്യത്തിനും, തുല്യതയ്ക്കും പ്രാധാന്യം നൽകുന്ന പ്രത്യയശാസ്ത്രമാണ് ഇടതുപക്ഷത്തിന്റേത്, അതിന്റെ പ്രയോഗികതയ്ക്ക് മുൻ‌തൂക്കം നൽകുന്ന പ്രവർത്തനമാണ് ഇടതു സർക്കാർ കാഴ്ചവെക്കുന്നത്. സ്ത്രീപക്ഷ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് നിസ്സംശയം പറയാം.

ബഡ്ജറ്റിലുൾപ്പടെ സ്ത്രീപ്രാധാന്യം ഉറപ്പാക്കാൻ എൽ ഡി എഫ് സർക്കാരിന് കഴിഞ്ഞു എന്നതും ഈ വനിതാ ദിനത്തിൽ വിസ്മരിച്ചുകൂടാത്ത വസ്തുതയാണ്.