BREAKING : യുഡിഎഫിന്റെ കടും വെട്ട് ഇന്ന്, സീറ്റ് ഉറപ്പിക്കാൻ നെട്ടോട്ടം,ഹൈക്കമാന്റ് യോഗം ഡൽഹിയിൽ

0
34

-അഥിതി.സി.കൃഷ്ണൻ-

സ്ഥാനാർത്ഥി നിർണായ തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ സാധ്യത പട്ടിക ഇന്ന് ഹൈക്കമാന്റ് ചർച്ച ചെയ്യും. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും.

പ്രതിപക്ഷത്തിരുന്നിട്ടും വലിയ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയ പ്രതിപക്ഷത്തിന്റെ പ്രകടനത്തിൽ ഹൈക്കമാന്റിന് അതൃപ്തിയുണ്ട്. അതിനാൽ സ്ഥാനാർത്ഥി പട്ടിക കൂടി അവതാളത്തിലായാൽ കേരളത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി പട്ടിക തീരുമാനിക്കുക എന്നത് കടുത്ത വെല്ലുവിളി ഉയർത്തുന്നു.

പരാജയ ഭീതിയെത്തുടർന്ന് പ്രമുഖ നേതാക്കൾ ഉൾപ്പടെ മണ്ഡലം മാറി മത്സരിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉൾപ്പടെയുള്ള നേതാക്കൾ നിലവിലെ മണ്ഡലത്തിൽ നിന്നും മാറി മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ രാഷ്ട്രീയ തിരിച്ചടിയാണ് ഈ മനം മാറ്റത്തിന് പിന്നിൽ. പുതുപ്പള്ളിയിലും,ഹരിപ്പാടും എൽ ഡി എഫ് നേടിയ വിജയം ഈ മനം മാറ്റത്തിന്റെ കാരണം വ്യക്തമാക്കുന്നു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് തുടങ്ങിയ താപ്പാനകളെ ഇത്തവണ മാറ്റി നിർത്താനാണ് സാധ്യത. കെ.സുധാകരനെ കേരളം രാഷ്ട്രീയത്തിൽ സജീവമാക്കാൻ സീറ്റ് നൽകണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം. സുധാകരനെ തഴഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇവർ വ്യക്തമാക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രൻ,കെ.മുരളീധരൻ,പത്മജ,ബിന്ദു കൃഷ്ണ,തുടങ്ങിയവരുടെ സ്ഥാനാർത്ഥിത്വവും അനിശ്ചിതത്വത്തിലാണ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഹൈക്കമാന്റ് യോഗത്തിൽ ഉണ്ടാകും.

വർഷങ്ങളായി ഒരേ മണ്ഡലത്തിൽ തുടരുന്ന മുതിർന്ന നേതാക്കളെ ഇക്കുറി മാറ്റി നിർത്തണം എന്നാണ് യുവ നേതാക്കളുടെ ആവശ്യം. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പരസ്യമായി മത്സരരംഗത്ത് വരുമെന്നും ഇവർ ഭീഷണി മുഴക്കുന്നു.

സീറ്റ് ഉറപ്പിക്കാൻ നെട്ടോട്ടം

ഹൈക്കമാന്റ് ചേരുന്നതിന് മുന്നോടിയായി സീറ്റ് ഉറപ്പിക്കാനുള്ള നെട്ടോട്ടമാണ് നേതാക്കൾക്കിടയിൽ. കല്പറ്റ സീറ്റ് സംബന്ധിച്ച് മുല്ലപ്പള്ളി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.കൊല്ലത്ത് സീറ്റ് ലഭിക്കുന്നതിനായി ബിന്ദു കൃഷ്ണയും നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ട്.സീറ്റ് ഉറപ്പിക്കുന്നതിന്റെ ഭാഗമായി യുവനേതാക്കളും രാഹുൽ ഗാന്ധിയുമായി ആശയ വിനിമയം നടത്തിക്കഴിഞ്ഞു.