ഭരണ – സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; രാജി വയ്ക്കുമെന്ന് ലെബനൻ താൽക്കാലിക പ്രധാനമന്ത്രി

0
55

ലെബനനില്‍ ഭരണ, സാമ്പത്തിക പ്രതിസന്ധി അത്യന്തം ഗുരുതരമായ അവസ്ഥയില്‍. പ്രതിസന്ധികള്‍ക്കിടയില്‍ രാജിവെക്കുമെന്ന് താല്‍ക്കാലിക പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്നും രാജ്യം നേരിടുന്ന പ്രതിസന്ധി ഒരു താല്‍ക്കാലിക സര്‍ക്കാരിന് പരിഹരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹസ്സന്‍ ദയിബിന്റെ മുന്നറിയിപ്പ്.

ഇതിനിടെ ലെബനീസ് പൗണ്ടിന്റെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. രാജ്യത്ത് പലയിടത്തായി 12 മണിക്കൂറോളം പവര്‍ കട്ടാണ് നിലവില്‍. ബാങ്കുകളില്‍ പണമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് നിക്ഷേപിച്ച പണം പിന്‍വലിക്കാനും പറ്റുന്നില്ല. പ്രക്ഷോഭകര്‍ രാജ്യത്തിന്റെ പലയിടങ്ങളിലായി വീണ്ടും സമരങ്ങള്‍ നടത്തുകയാണ്.

ലെബനനിലെ ഏറ്റവും ദരിദ്ര നഗരമായ ട്രിപോളിയില്‍ പ്രക്ഷോഭകര്‍ റോഡുകള്‍ ഉപരോധിച്ചു. രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും രാജിവെച്ച് ഒഴിയണമെന്നാണ് ഇവര്‍ പറയുന്നത്. ഇതിനിടയിലാണ് പ്രക്ഷോഭത്തിന് പിന്തുണയുമായി താല്‍ക്കാലിക പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് രാജിവെച്ച് ഒഴിയുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. രാഷ്ട്രീയ വിയോജിപ്പുകള്‍ മാറ്റിവെച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ കക്ഷികളും തയ്യാറാവണെന്ന് ഇദ്ദേഹം പറഞ്ഞു.

‘നിങ്ങളെന്തിനാണ് കാത്തിരിക്കുന്നത്? ഇനിയും തകര്‍ച്ചയ്‌ക്കോ, ഇനിയും സഹനത്തിനോ, ‘ പ്രധാനമന്ത്രി ചോദിച്ചു. അപകടകരമായ ഈ അവസ്ഥയ്ക്ക് ലെബനന്‍ ജനതയാണ് വില നല്‍കേണ്ടി വരുന്നത്. ഒരു സാധാരണ സര്‍ക്കാരിന് കൈകാര്യം ചെയ്യാന്‍ പറ്റാത്ത പ്രശ്‌നങ്ങളാണ് ലെബനന്‍ നേരിടുന്നത്. അപ്പോള്‍ എങ്ങനെയാണ് ഒരു താല്‍ക്കാലിക ചുമതലയുള്ള സര്‍ക്കാരിന് ഇത്രയും പ്രതിസന്ധികള്‍ നേരിടാനാവുകയെന്ന് ഇദ്ദേഹം ചോദിക്കുന്നു.

രൂക്ഷമായ തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും പ്രതിഷേധിച്ച് 2019 ല്‍ നടന്ന പ്രക്ഷോഭത്തിനൊടുവിലാണ് അന്നത്തെ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ സര്‍ക്കാര്‍ രാജിവെച്ചത്. പിന്നീട് രാഷ്ട്രീയ കക്ഷികളല്ലാത്ത ടെക്‌നോക്രാറ്റ് സര്‍ക്കാരിനെ ലെബനനില്‍ രൂപീകരിച്ചു. ഇപ്പോഴത്തെ താല്‍ക്കാലിക പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് ആയിരുന്നു ഈ സര്‍ക്കാരിന്റെ പ്രധാനമന്ത്രി. എന്നാല്‍ 2020 ല്‍ നടന്ന ബെയ്‌റൂട്ട് സ്‌ഫോടനത്തിനു പിന്നാലെ ഈ സര്‍ക്കാരിനു രാജിവെക്കേണ്ടി വന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത സാഹചര്യത്തില്‍ ഈ സര്‍ക്കാരിനെ താല്‍ക്കാലിക ഭരണച്ചുമതലയില്‍ തന്നെ നിര്‍ത്തി.

പുതിയ സര്‍ക്കാരിനെ രൂപീകരിക്കുന്നതിന് മുമ്പിലുള്ള പ്രതിസന്ധി നിരവധിയാണ്. രാജ്യത്തെ ഭീമാകരമായ കടബാധ്യതതയിലും തൊഴിലില്ലായ്മയിലും ശ്വാശ്വതമായ പരിഹാരം സര്‍ക്കാരിന് മുന്നോട്ട് വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം പ്രക്ഷോഭകര്‍ വീണ്ടും അലയടിക്കും. രാഷ്ട്രീയ അധികാര വിഭജനമാണ് മറ്റൊരു പ്രശ്‌നം. ലെബനന്‍ ഭരണഘടന പ്രകാരം രാജ്യത്തെ പ്രധാനമന്ത്രി ഒരു സുന്നി മുസ്‌ലിം ആയിരിക്കണം. പ്രസിഡന്റ് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രതിനിധിയും. പാര്‍ലമെന്റ് സ്പീക്കര്‍ ഷിയ വിഭാഗക്കാരനുമായിരിക്കണം. രാജ്യം നേരിടുന്ന സമാനതകളില്ലാത്ത സാമ്പത്തിക, ഭരണ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ വേണ്ട സമയത്തെ ഈ നിബന്ധന സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 1975 മുതല്‍ 1990 വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും ഇതുവരെയും രാജ്യം കരകയറിയിട്ടില്ല. അന്നത്തെ കടബാധ്യതകളും സര്‍ക്കാരുകളുടെ അഴിമതിയും രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കി