കേരളം പ്രത്യാശയുടെ മരുപ്പച്ച; പൊരുതാം നമുക്കൊന്നായ്

0
51

കെ വി കുഞ്ഞിരാമൻ

നാടിൻ്റെ ജനാധിപത്യ – മതനിരപേക്ഷ മനസ്സ് കേണപേക്ഷിക്കുകയാണ്: കാത്തോളണം ഈ ഇടതുപക്ഷ വേരോട്ടമുള്ള മണ്ണ്… പൊള്ളിപ്പിടയുന്ന ആനുകാലിക ഇന്ത്യയുടെ അതിജീവനപ്പോരാട്ടത്തിന് ഉശിരൻ പ്രചോദനമാവണം അടുത്ത മാസം ആറിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. മതാധിഷ്ഠിത രാഷ്ട്രവാദവും അർധ ഫാസിസ്റ്റ് നടപടികളുംകൊണ്ട് സ്വൈരജീവിതത്തിനു നേർക്ക് ഭീഷണി ഉയർത്തുന്ന നരേന്ദ്ര മോദിഭരണത്തിൻ്റെ ഗോഗ്വാവിളികൾക്ക് കേരളത്തിൻ്റെ ജനവിധി താക്കീതാവണം . ഒപ്പം ഹിന്ദുത്വ വർഗീയതയ്ക്കു വഴങ്ങി മറുകണ്ടം ചാടാൻ കാത്തുനിൽക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റുമാവണം ഈ തെരഞ്ഞെടുപ്പുഫലം.

കെട്ടുറപ്പുള്ള ഇടതുപക്ഷ-ജനാധിപത്യ ഐക്യത്തിനേ വർഗീയധ്രുവീകരണ രാഷ്ട്രീയത്തെ പ്രതിരോധിക്കാനാവൂ എന്നാണ് പല സംസ്ഥാനങ്ങളിലെയും സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. കോൺഗ്രസ്സിന് തനിച്ചു ഭൂരിപക്ഷം കിട്ടിയിടത്തുപോലും പ്രലോഭനങ്ങൾക്ക് കീഴ്പ്പെട്ടുള്ള കൂറുമാറ്റത്തിലൂടെ മന്ത്രിസഭ വരുന്നത് ബി ജെ പിയുടേതാണ്.

എന്താണ് നമ്മുടെ മാതൃരാജ്യത്തിൻ്റെ അവസ്ഥ…! ലോകമാകെ മാനിക്കുന്ന ഇന്ത്യയുടെ മതേതര പാരമ്പര്യവും സാഹോദര്യവും അട്ടിമറിക്കാൻ കച്ചകെട്ടിയിറങ്ങിയ സംഘപരിവാർ… തെറ്റായ രാഷ്ട്രീയനയങ്ങളെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി കേസെടുത്ത് കൽത്തുറുങ്കിലടയ്ക്കുന്ന ഭരണകൂട ഭീകരത… പഴഞ്ചൻ വിശ്വാസങ്ങളും സങ്കുചിത വീക്ഷണങ്ങളും ഇരുളിലാഴ്ത്തിയ പിന്നാക്ക ഗ്രാമങ്ങളിൽ സ്വതന്ത്രചിന്തയുടെ നേരിയ വെട്ടമെങ്കിലും പരത്താൻ ശ്രമിക്കുന്ന സാഹിത്യ- സാംസ്ക്കാരിക നായകരെയും മുതിർന്ന വനിതാ പത്രപ്രവർത്തകയെയുംവരെ വെടിവെച്ചുകൊല്ലുന്ന അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം… അന്ധമായ പശുപ്രേമം മനസ്സിൽ കുത്തിനിറച്ച വർഗീയ കോമരങ്ങളെക്കൊണ്ട് മത ന്യൂനപക്ഷക്കാരെയും ദളിതരെയും തെരുവിൽ തല്ലിക്കൊല്ലിക്കുന്ന കേന്ദ്രഭരണകക്ഷിയുടെ ചോരക്കൊതി. പൗരാവകാശങ്ങൾപോലും മതംനോക്കി പുനർനിർണയിക്കുന്ന തീവ്രഹിന്ദുത്വ വാഴ്ചയുടെ കടുത്ത കുതിരകയറ്റം. ഭരണഘടനാപരമായ മർമസ്ഥാനങ്ങളിലും വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തും ജനാധിപത്യ ബോധമോ കാര്യപ്രാപ്തിയോ തെല്ലുമില്ലാത്ത ചൊല്പടിക്കാരെ അവരോധിക്കുന്ന ഔദ്ധത്യം . പൊതുമേഖലയിൽ അവശേഷിക്കുന്ന വ്യവസായങ്ങൾ ഒന്നൊന്നായി തല്പരകക്ഷികൾക്ക് അടിയറവെച്ചുള്ള കീശവീർപ്പിക്കലും ധൂർത്തും… വികലമായ കേന്ദ്രസാമ്പത്തിക നയംമൂലം കൃഷി നഷ്ടത്തിലായി നടുവൊടിഞ്ഞ കർഷകർ നിലനില്ലിനു വേണ്ടി നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന നിർദയ നടപടികൾ. പൊതുമേഖലാ ബാങ്കുകളിൽനിന്ന് വഴിവിട്ട് വായ്പ നൽകിയ വമ്പന്മാരുടെ പതിനായിരക്കണക്കിന് കോടി രൂപ എഴുതിത്തള്ളുന്ന സ്വജനപക്ഷപാതം.

രാജ്യരക്ഷയുമായി ബന്ധപ്പെട്ട അതിപ്രധാന ഇടപാടുകളിൽവരെ അന്ധമായ സാമ്രാജ്യത്വ വിധേയത്വം. സാധാരണ ജനങ്ങളെ ബാധിക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, സാധന വിലക്കയറ്റം, പെട്രോളിയം വില വർധന തുടങ്ങിയ രൂക്ഷമായ പ്രശ്നങ്ങളിൽ തരിമ്പും ആശ്വാസമേകാത്ത ഭരണതല നിർമമത … ഇതിൽനിന്നൊക്കെയുള്ള മോചന സമരത്തിൽ പ്രതിപക്ഷ പങ്ക് നിറവേറ്റുമെന്ന് കരുതിയ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സാകട്ടെ, ബി ജെ പിയുടെ ബി ടീംപോലെ അധഃപതിച്ച അവസ്ഥയും. രാജ്യത്തെ മുടിക്കുന്ന സമ്പദ്നയങ്ങളിലും അഴിമതിയിലും അവർ ഒപ്പത്തിനൊപ്പമാണ്. മാത്രമല്ല, ത്രിവർണാഭിമുഖ്യവും ഖാദിയും വെടിഞ്ഞ് കാവിക്കുപ്പായം തുന്നിച്ച് തഞ്ചം പാർത്തിരിക്കുന്നവരാണ് അതിന്റെ നേതാക്കളിലേറെയും… മതാധിഷ്ഠിത രാഷ്ട്രത്തിന്റെ അധികാരനെഗളിപ്പുകൾ പ്രകടമാവുന്ന അലർച്ചകളിലും അമറലുകളിലും ജനങ്ങളിൽ നല്ലൊരു വിഭാഗം ഭീതിദരായി കഴിയുന്ന ഈ ദു:സ്ഥിതിയിൽ രാജ്യസ്നേഹം അല്പമെങ്കിലുമുള്ളവർക്ക് മൗനികളായി മാറി നില്ക്കാനാവുമോ?

ഇങ്ങ് കേരളത്തിലാണെങ്കിലോ, രാജ്യത്തിനുതന്നെ മാതൃകയായ ഒട്ടേറെ ജനക്ഷേമ പദ്ധതികളുമായി ബദൽവഴി തെളിയിച്ച്, മുറുകുന്ന സാമ്പത്തിക പ്രതിസന്ധിയും പ്രതികൂല സാഹചര്യങ്ങളും മറികടന്ന്, സാധാരണക്കാർക്ക് കഴിയുന്നത്ര ആശ്വാസമേകുന്ന അഴിമതിരഹിത ഭരണം. അതിനെ തകർക്കാൻ സകല പിന്തിരിപ്പൻ ശക്തികളും ഒത്തുചേർന്ന് ഈ മഹാമാരിക്കാലത്തുൾപ്പെടെ കാട്ടിക്കൂട്ടുന്ന ആരോപണ – പ്രക്ഷോഭ പേക്കൂത്തുകൾ… അവർക്ക് താങ്ങും തണലുമായി നിൽക്കുന്ന നേരും നെറിയും കെട്ട മാധ്യമലോബികൾ മെനഞ്ഞുകൂട്ടുന്ന നുണക്കഥാ പരമ്പരകൾ… തികച്ചും സ്ഥാപിത താല്പര്യങ്ങളോടെ സത്യം മറച്ചുവെച്ചും വളച്ചൊടിച്ചും അവാസ്തവങ്ങളെ പുണരുന്ന അമിതമായ പക്ഷപാതത്തിൽ വിശ്വാസ്യതയുടെ അവസാന കണികയും നഷ്ടപ്പെടുത്തുന്ന അവരുടെ കുഴലൂത്ത്… “ചുട്ട കോഴിയെ പറപ്പിക്കാൻ “വരെ വൈഭവമുള്ള അവരുടെ മാധ്യമതന്ത്രങ്ങളിൽ അകപ്പെട്ടുപോവുന്ന നിഷ്കളങ്കരായ ആളുകളെത്ര … കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്ക് വീടൊരുക്കുന്ന ലൈഫ് ഭവനപദ്ധതിയടക്കം ഏത് നല്ല സംരംഭത്തിലും ഇടങ്കോലിട്ടും പാരവെച്ചും തകർക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടരെ തിരിച്ചറിയാൻ എളുപ്പമാണെങ്കിലും തെറ്റിദ്ധരിക്കപ്പെടുന്നവർ അനേകമുണ്ട്.

അതിസമ്പന്ന- കോർപ്പറേറ്റ് പ്രമാണിമാർക്കും വർഗീയ ദുഷ്ടശക്തികൾക്കും കണ്ണിലെ കരടായ എൽ ഡി എഫ് സർക്കാരിനെതിരെ നിരന്തരം വ്യാജപ്രചാരണം നടത്തി ജനങ്ങളെ ഇളക്കിവിടാനാവുമോ എന്നാണ് പ്രതിപക്ഷ കക്ഷികളുടെയും ചില വാർത്താ മാധ്യമങ്ങളുടെയും നോട്ടം. രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ അതിരുവിട്ട ക്വട്ടേഷൻ ഇടപെടലിൽപോലും ഒട്ടും വിയോജിപ്പ് കാട്ടാതെ ബി ജെ പിയുടെ തോളോടുതോൾ ചേർന്നുനില്ക്കുകയാണ് ഇവിടെ യു ഡി എഫ് നേതൃത്വം. ഏത് അവിഹിത മാർഗം അവലംബിച്ചായാലും പിണറായി ഗവർമെണ്ടി ന് പകരം കോ-ലി- ബി സഖ്യ വാഴ്ച കൊണ്ടുവരണമെന്ന വീറിലും വാശിയിലുമാണ് അവർ. മുരത്ത കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച സംഘപരിവാർ നയിക്കുന്ന കേന്ദ്ര സർക്കാരാകട്ടെ സാമാന്യ ഫെഡറൽ മര്യാദപോലും പാലിക്കുന്നില്ല.

ഓരോ ചുവടിലും അങ്ങേയറ്റം കരുതൽ വേണ്ട ഈ സാമൂഹ്യ ചുറ്റുപാടിൽ വികാരവിചാരങ്ങൾ മരവിക്കാത്ത മനുഷ്യപ്പറ്റുള്ളവർ പിന്നെ എന്ത് ചെയ്യും? നാടിന്റെയും ജനതയുടെയും നന്മയ്ക്കുവേണ്ടി ഇടതുപക്ഷ-ജനാധിപത്യ മുന്നണിക്കൊപ്പം ചേർന്നുനിൽക്കുകയല്ലാതെ… ന്യായയുക്തമായ നിലപാടുകളെടുത്ത് ഉറച്ചുനിൽക്കേണ്ട ഈ നിർണായകഘട്ടത്തിൽ പക്ഷം വിട്ട് അകന്നുമാറുന്നത് ആലോചിക്കാനേ വയ്യ. അത് ജനങ്ങളോട് തീരെ കൂറില്ലാത്ത രാഷ്ട്രീയ കാപട്യമാണ്. വർത്തമാനകാലം അനിവാര്യമാക്കുന്ന അടിയന്തര രാഷ്ട്രീയദൗത്യ നിർവഹണത്തിൽ സാധ്യമാവുന്നതെല്ലാം ചെയ്യുക. നിസ്സാര കാര്യങ്ങളിലുള്ള ഭിന്നതകൾ മറക്കാം; അറിയാതെ വന്നുപോവുന്ന ചെറിയ പിഴവുകൾ പൊറുക്കാം; ഏത് പാർട്ടിയിൽ എവിടെയായാലും.

പൊള്ളിത്തിളച്ചു മറിയുന്ന ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിൽ കേരളം പ്രത്യാശയുടെ പച്ചത്തുരുത്താണ്. ഒരു പ്രളയത്തിനും മലയാളക്കരയുടെ നന്മയെ മുക്കിക്കളയാനാവില്ലെന്ന് ഇതിനകം നാം തെളിയിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ ഭാവിയെക്കൂടി സ്വാധീനിക്കുന്ന ഈ നിർണായക ജനകീയ പോരാട്ടത്തിൽ ഇനിയും നമ്മൾ അറച്ചുനിന്നുകൂടാ. നാളെ കാലം നമ്മളെ ഭീരുക്കളെന്ന് ആക്ഷേപിച്ചേക്കും ; അതിന് ഇടവരുത്തരുത്. നമുക്ക് മുമ്പിൽ വഴി വേറെയില്ല. ഇടതുപക്ഷം ചേർന്നുതന്നെ പോവാം; ഇനിയും മുന്നോട്ട്…