മ്യാന്‍മറില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ; ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

0
137

മ്യാന്‍മറില്‍ നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത പൊലീസുകാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ അധികൃതര്‍. മിസോറാമിലേക്കാണ് എട്ട് പൊലീസുദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. ഇവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് മിസോറാം സര്‍ക്കാര്‍ അധികൃതര്‍ക്കാണ് മ്യാന്‍മര്‍ അധികൃതര്‍ കത്തയച്ചിരിക്കുന്നത്.

മ്യാന്‍മറിലെ ഫലം ജില്ലാ ഡെപ്യൂട്ടി കമ്മീഷണറാണ് മിസോറാമിലെ ചമ്പൈ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിരിക്കുന്നത്. മ്യാന്‍മറുമായി 510 കിലോമീറ്റര്‍ ദൂരം മാത്രമേ മിസോറാമിനുള്ളൂ.

ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള സുഹൃദ് ബന്ധം നിലനിര്‍ത്തണമെങ്കില്‍ എട്ട് പൊലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് മ്യാന്‍മറിന് കൈമാറണമെന്നാണ് ആവശ്യം. രണ്ട് അയല്‍രാജ്യങ്ങളും തമ്മിലുള്ള സുഹൃദ്ബന്ധം നിലനിര്‍ത്തനായി എട്ട് മ്യാന്‍മര്‍ പൊലീസുദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് മ്യാന്‍മറിന് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി കത്തില്‍ പറയുന്നു.

വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നിര്‍ദ്ദേശത്തിന് കാത്തിരിക്കുകയാണെന്നുമാണ് മിസോറാം വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മിസോറാം അധികൃതര്‍ നല്‍കുന്ന വിവര പ്രകാരം മ്യാന്‍മറില്‍ നിന്നും 16 പേര്‍ ഇതുവരെ ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇതില്‍ 11 പേര്‍ പൊലീസുകാരാണ്. മിസോറാമിന് പുറമെ ആസാമിലേക്കുള്‍പ്പെടെ മറ്റു അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കും പലായനം നടക്കുന്നുണ്ട്.

ഫെബ്രുവരി ആദ്യവാരമാണ് മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നത്. ഭരണത്തിലുണ്ടായിരുന്നു ആങ് സാങ് സ്യൂചിയെ തടവിലിട്ട ശേഷമാണ് ഭരണം പിടിച്ചെടുത്തത്. അട്ടിമറിക്ക് ശേഷം രാജ്യത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. 1700 ഓളം പേര്‍ തടവിലാക്കപ്പെട്ടു. സൈന്യം പ്രക്ഷോഭകര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 40ാളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.