പോളിങ് ബൂത്തിലെത്താൻ കഴിയാത്തവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന തപാൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17നു മുൻപ് നൽകണം. 80 നു മേൽ പ്രായമുള്ളവർ, കോവിഡ് ബാധിതർ, പ്രാഥമിക സമ്പർക്കക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ള 16 വകുപ്പുകളിലെ ജീവനക്കാർക്കുമാണു തപാൽ വോട്ടിന് അർഹത.
ആദ്യ 4 വിഭാഗക്കാർക്ക് തപാൽ വോട്ടിനുള്ള അപേക്ഷ ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) വീടുകളിൽ നേരിട്ട് എത്തിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്ന 12 മുതലാണ് ഇവ എത്തിച്ചു തുടങ്ങുക.
നടപടിക്രമം ഇങ്ങനെ:
ആദ്യ 4 വിഭാഗക്കാർ ബിഎൽഒമാർ നൽകുന്ന ഫോം പൂരിപ്പിച്ച് അവരെ തിരികെ ഏൽപിക്കണം. രസീത് ലഭിക്കും. തപാൽ വോട്ട് വേണ്ടെങ്കിൽ ഫോം സ്വീകരിക്കേണ്ടതില്ല.
അപേക്ഷകൾ ബിഎൽഒമാർ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറും. അവർ പോളിങ് ഉദ്യോഗസ്ഥർ മുഖേന ബാലറ്റ് പേപ്പറും അനുബന്ധ സാമഗ്രികളും വീട്ടിൽ എത്തിക്കും.
വോട്ടറുടെ വീട്, സന്ദർശിക്കുന്ന തീയതി, സമയം എന്നിവ വോട്ടർമാരെയും സ്ഥാനാർഥികളെയും ഏജന്റുമാരെയും മുൻകൂട്ടി അറിയിക്കും. 2 പോളിങ് ഉദ്യോഗസ്ഥർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു വിഡിയോഗ്രാഫർ എന്നിവരടങ്ങുന്നതാകും തപാൽ വോട്ട് ശേഖരിക്കുന്ന സംഘം.
രഹസ്യമായി വോട്ട് രേഖപ്പെടുത്തണം. എന്നിട്ടു പേപ്പർ കവറിനുള്ളിലാക്കി ഒട്ടിച്ച ശേഷം അപ്പോൾത്തന്നെ പോളിങ് ടീമിനെ ഏൽപിക്കണം. പോളിങ് ടീമിനെയും ഏജന്റിനെയും വീടിനുള്ളിൽ പ്രവേശിക്കാനോ വോട്ട് ചെയ്യുന്നതു ചിത്രീകരിക്കാനോ അനുവദിക്കിക്കില്ല.
വോട്ടറിൽ നിന്നു കൈപ്പറ്റുന്ന ബാലറ്റ് അടങ്ങുന്ന കവർ പോളിങ് ടീം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറും. റിട്ടേണിങ് ഓഫിസർ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.