വനിതാ ദിനത്തില്‍ ഡല്‍ഹിയിലേക്ക് 40000 സ്ത്രീകളെത്തും; അണയാതെ കര്‍ഷക പ്രക്ഷോഭം

0
69

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ വനിതകളെത്തുന്നു. 40000 ത്തോളം സ്ത്രീകളാണ് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡല്‍ഹിയിലെത്തുന്നതെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. മിക്കയിടങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര തുടങ്ങി.

പ്രക്ഷോഭത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഭാരതീയ കിസാന്‍ യൂണിയനിലാണ് കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉള്ളത്. 500 ബസുകള്‍, 115 ട്രക്കുകള്‍, 200 ചെറിയ വാഹനങ്ങള്‍ എന്നിവയിലാണ് സ്ത്രീകള്‍ എത്തുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ സംഘടന വ്യക്തമാക്കി. രാജ്യത്ത് വനിതാ ദിന ആഘോഷങ്ങള്‍ നടക്കവെ ഡല്‍ഹിയിലെ പ്രക്ഷോഭ സ്ഥലത്ത് സ്ത്രീകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തും.

‘കുറച്ചു സ്ത്രീകള്‍ക്ക് അവരുടെ മക്കളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് തിരക്കിലാണ്. അതിനാല്‍ അവര്‍ മാര്‍ച്ച് 9 ന് അവര്‍ പഞ്ചാബിലേക്ക് തിരിച്ചു പോവും. ബാക്കിയുള്ളവര്‍ ഇവിടെ നില്‍ക്കും,’ ഭാരതീയ കിസാന്‍ യൂണിയന്‍ വനിതാ വിഭാഗം സ്റ്റേറ്റ് കമ്മിറ്റി അംഗം ബല്‍ബിര്‍ കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ഷക പ്രക്ഷോഭം 101 ദിവസം പിന്നിടവെയാണ് പ്രക്ഷോഭത്തിലേക്ക് കൂടുതല്‍ സ്ത്രീകളെത്തുന്നത്. മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.