2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്ക്കാരം ലക്ഷ്മി എന്‍ മേനോന്

0
66

കോവിഡ് മഹാമാരിയില്‍ ലോകം നടുങ്ങിയപ്പോള്‍ സമൂഹത്തിനു വേണ്ടി, സമൂഹത്തെ ഒപ്പം കൂട്ടി, ക്രിയാത്മകവും ശക്തവുമായ ആശയങ്ങള്‍ ആവിഷ്കരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേര്‍ന്ന ലക്ഷ്മി എന്‍ മേനോന് 2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്ക്കാരം. സാമൂഹിക സേവനം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങി വിവിധ മേഖലകളിൽ സാമൂഹിക പ്രതിബദ്ധതയോടെ സേവനം അനുഷ്ഠിക്കുന്ന മലയാളി വനിതകളെ ആദരിക്കുന്നതിന് വനിതാ പ്രസിദ്ധീകരണമായ വനിത ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് ‘വനിത’ വുമൺ ഓഫ് ദി ഇയർ.

പിപിഇ കിറ്റും മാസ്ക്കും തയാറാക്കുമ്പോള്‍ മിച്ചംവരുന്ന ഭാഗങ്ങള്‍ ഉപയോഗിച്ചു  കോവിഡു രോഗികൾക്കായി നിര്‍മ്മിച്ച ‘ശയ്യ’ എന്ന കിടക്ക, ലോക്ഡൌണ്‍ മൂലം വില്‍പനയില്ലാതായി കെട്ടിക്കിടക്കുന്ന കൈത്തറിത്തുണിത്തരങ്ങള്‍ കൊണ്ട് യുദ്ധമേഖലകളിലെ കുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകൾ തുന്നി വിതരണം ചെയ്യുന്ന ‘സമ്മാൻ’ പദ്ധതി, തൊഴിൽരഹിതര്‍ക്കു കൈത്താങ്ങാകുന്ന ‘കോ’വീട്, ‘ക്രിയേറ്റീവ് ഡിഗ്നിറ്റി’ എന്ന ദേശീയ സംഘടനയുടെ ഭാഗമായി കേരളത്തിലെ കരകൗശലരംഗത്തുള്ളവരെ സഹായിക്കാന്‍ തയാറാക്കുന്ന കഥകളി രൂപങ്ങൾ… തുടങ്ങി പത്തോളം ആശയങ്ങളാണ് കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ലക്ഷ്മി ആവിഷ്കരിച്ചു നടപ്പിലാക്കിയത്.

വേൾഡ് ഇക്കണോമിക് ഫോറത്തിെന്‍റ 2021 ലെ ദാവോസ് അജണ്ടയിൽ, സൗത്ത് ഇന്ത്യയിൽ നിന്നു ഫീച്ചർ ചെയ്ത ഏക പ്രൊജക്ട് ലക്ഷ്മിയുടെ ‘ശയ്യ’ യാണ്. കോവി‍ഡു കാലത്തെ മികച്ച സാമൂഹികപ്രവർത്തനങ്ങളുടെ ഐക്യരാഷ്ട്രസഭാ ലിസ്റ്റിലും ശയ്യ ഉൾപ്പെട്ടിരുന്നു. ‘സമ്മാൻ’ പദ്ധതിയനുസരിച്ചുള്ള ഉടുപ്പുകള്‍ യുദ്ധ മേഖലകളിൽ വിതരണം ചെയ്യുന്നതും യുഎന്‍ന്റെ സഹായത്തോടെയാണ്.

പ്രളയത്തിൽ മുങ്ങിപ്പോയ ചേന്ദമംഗലം കൈത്തറി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനു ഏറെ സഹായിച്ച ചേക്കുട്ടിപ്പാവ, പ്രകൃതിസംരക്ഷണത്തോെടാപ്പം  അനേകരുടെ ജീവിതമാർഗവും ആയി മാറിയ വിത്തുപേന, അമ്മൂമ്മമാർക്കു വരുമാനമാർഗം നേടിക്കൊടുക്കുന്ന അമ്മൂമ്മത്തിരി തുടങ്ങി ശ്രദ്ധേയമായ നിരവധി ആശയങ്ങള്‍ ലക്ഷ്മി മുന്‍പും അവതരിപ്പിച്ചിട്ടുണ്ട്.

തലയോലപ്പറമ്പ് അരയൻകാവ് പരിയാരത്ത് പരേതനായ പി കെ നാരായണന്റെയും ശ്രീദേവിയുടെയും മകളായ ലക്ഷ്മി, ഫാഷൻ, ജൂവലറി ഡിസൈനറും ‘പ്യുവർ ലിവിങ്’ എന്ന ആശയത്തിന്റെ സംരംഭകയുമാണ്.