കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് ഇപ്പോള്‍ ഒരു രാഷ്ട്രീയ ഏജന്‍സിസായി മാറുകയാണെന്ന് സെബാസ്റ്റ്യന്‍ പോള്‍

0
63

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന രഹസ്യ മൊഴി നല്‍കിയിട്ടുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി നിയമവിദഗ്ധനും മാധ്യപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍. മറ്റ് അനുബന്ധ തെളിവുകള്‍ ഒന്നുമില്ലാതെ ഒരു പ്രതിയുടെ മൊഴി വെച്ച് മാത്രമാണ് കേന്ദ്ര ഏജന്‍സി ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് ഇപ്പോള്‍ ഒരു രാഷ്ട്രീയ ഏജന്‍സിസായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമപരമായ കാര്യങ്ങളെ നിയമപരമായി നേരിടണമെന്നും എന്നാല്‍ ഇപ്പോള്‍ നിയമപരമായ കാര്യങ്ങളെ രാഷ്ട്രീയപരമായി നേരിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് സ്വര്‍ണക്കടത്തുമായി കസ്റ്റംസ് എത്തിയിരുന്നുവെന്നും അതില്‍ പച്ചപിടിക്കാതെ പോയതുകൊണ്ടാണ് ഇപ്പോള്‍ ഡോളര്‍ കടത്ത് എന്ന പേരില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഇത് പുറത്തു വന്നത് എന്നത് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന രഹസ്യ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

പ്രതിയുടെ മൊഴി അനുബന്ധ തെളിവുകളെ ബലപ്പെടുത്താനുള്ള ഒന്ന് മാത്രമാണെന്നും അനുബന്ധ തെഴിവുകളേതുമില്ലാതെയുള്ള ഇത്തരം മൊഴികള്‍ താല്‍ക്കാലികമായ ചര്‍ച്ചകള്‍ക്കപ്പുറം കേസില്‍ കാര്യമായ മാറ്റമൊന്നും വരുത്തില്ലെന്നാണ് നിയമ വിദഗ്ദരുടെ നിരീക്ഷണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊണ്ടുപിടിച്ച് നടന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള ഗിമ്മിക്കുകള്‍ ജനങ്ങല്‍ തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കം. എന്നാല്‍ എത്രയോ മുന്നെ തന്നെയുള്ള കേസില്‍ ഈ സമയത്ത് ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‍കുകവഴി തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യമിടുന്നതെന്നാണ് നിരീക്ഷണം.

എന്നാല്‍ അനുബന്ധ തെളിവുകളൊന്നുമില്ലാതെ സ്വപ്നയുടേതെന്ന് പറയുന്ന ഈ രഹസ്യമൊഴിക്ക് എത്രത്തോളം നിയമ സാധുതയുണ്ടെന്നതും ചോദ്യമാണ്. മന്ത്രിസഭയിലെ പ്രമുഖരുടെ പേര് പറയാന്‍ തനിക്ക് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് സ്വപ്നയുടെ ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

മാസങ്ങള്‍ക്ക് മുന്നെ നല്‍കിയ ഒരു 164 മൊഴിയെ ആധാരമാക്കി ഇങ്ങനെയൊരു സമയം തെരഞ്ഞെടുത്തതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യംവച്ചാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ ലക്ഷ്യവച്ചുള്ള പലനീക്കങ്ങളും ഇതേ കേസില്‍ കോടതി മുറികളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.