ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; 1000 റൺസ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

0
66

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി ഇന്ത്യൻ താരം രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 49 റൺസ് നേടുന്നതിനിടെയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസിൻ്റെ മാർനസ് ലബുഷെയ്ൻ ആണ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 1675 റൺസാണ് ലബുഷെയ്ൻ്റെ സമ്പാദ്യം. സ്റ്റീവ് സ്മിത്ത്-1341, ബെൻ സ്റ്റോക്സ്- 1301 എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

വേഗത്തിൽ 1000 റൺസ് തികച്ച ഏഷ്യൻ ഓപ്പണർ എന്ന റെക്കോർഡും രോഹിത് ശർമ്മ സ്വന്തമാക്കി. 17 മത്സരങ്ങളിൽ നിന്നാണ് രോഹിതിൻ്റെ ഈ നേട്ടം. 19 മത്സരങ്ങളിൽ നിന്ന് 1000 റൺസ് തികച്ച മായങ്ക് അഗർവാൾ ആണ് രണ്ടാമത്. ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച താരങ്ങളിൽ രോഹിത് രണ്ടാമതാണ്. 14 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ വിനോദ് കാംബ്ലി ആണ് ഒന്നാമത്.

നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 205 റൺസിനു പുറത്തായിരുന്നു. ബെൻ സ്റ്റോക്സ് (55), ഡാനിയൽ ലോറൻസ് (46) എന്നീ താരങ്ങൾക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് നിരയിൽ ആകെ അഞ്ച് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യക്കായി അക്സർ പട്ടേൽ 4 വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും വീഴ്ത്തി. ബാക്കിയുള്ള ഒരു വിക്കറ്റ് വാഷിംഗ്ടൺ സുന്ദർ സ്വന്തമാക്കി.