കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പിന്‌ കൂടുതൽ കേന്ദ്രം ആരംഭിക്കുന്നു

0
74

സംസ്ഥാനത്തെ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പിന്‌ തിരക്ക്‌ ഒഴിവാക്കാൻ കൂടുതൽ കേന്ദ്രം ആരംഭിക്കാൻ അധികൃതർ ഒരുങ്ങുന്നു. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക്‌ കൂടുതൽ കേന്ദ്രം ആരംഭിക്കാൻ അനുമതി നൽകി.

തിങ്കളാഴ്‌ചയോടെ കൂടുതൽ കേന്ദ്രം സജ്ജമാക്കാൻ ബുധനാഴ്‌ച ചേർന്ന ഉന്നത യോഗം തീരുമാനിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽവരെ വാക്‌സിനേഷന്‌ സൗകര്യമൊരുക്കാം. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ വാക്‌സിൻ വേഗത്തിൽ നൽകേണ്ടതുണ്ട്‌.

പോളിങ്ങിന്‌ രണ്ട്‌ ദിവസം മുമ്പെങ്കിലും രണ്ടാംഘട്ട വാക്‌സിനും നൽകണം. മൂന്ന്‌ ലക്ഷത്തിലേറെ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുണ്ട്‌. ഇവർ ആദ്യ ഡോസ്‌ വാക്‌സിൻ സ്വീകരിക്കാൻ കൂട്ടമായെത്തുകയും അതോടൊപ്പം 60 കഴിഞ്ഞവരും 45നും 59നും ഇടയിലുള്ള രോഗികളും എത്തിയതോടെ തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം തിരക്കുണ്ടായി‌.

നൽകേണ്ടത്‌ 100 പേർക്ക്‌, നൽകുന്നത്‌ ഇരട്ടിയിലേറെ

ആരോഗ്യ ജീവനക്കാരുടെ മെല്ലെപ്പോക്കാണ്‌ തിരക്കിന്‌ കാരണമെന്നത്‌ തെറ്റാണെന്ന് കണക്ക്‌. ഒരു കേന്ദ്രത്തിൽ ദിവസം 100 പേർക്കാണ്‌ വാക്‌സിൻ നൽകേണ്ടത്‌.

എന്നാൽ തിരക്ക്‌ പരിഗണിച്ച്‌ കൂടുതൽ പേർക്ക്‌ നൽകാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്‌ ആരോഗ്യപ്രവർത്തകർ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മൂന്ന്‌ വാക്‌സിനേഷൻ കേന്ദ്രമുണ്ട്. ഇവിടെ ദിവസം ആകെ 300 പേർക്ക്‌ വാക്‌സിൻ നൽകിയാൽ മതി. എന്നാൽ ദിവസം 750 പേർക്ക്‌ വരെ നൽകുന്നു. സംസ്ഥാനത്ത്‌ എല്ലാ കേന്ദ്രത്തിലും നിശ്‌ചയിച്ചതിലധികം പേർക്ക്‌ നൽകുന്നു‌.

മാസ്‌ വാക്‌സിനേഷൻ

പരീക്ഷണാടിസ്ഥാനത്തിൽ ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച മാസ്‌ വാക്‌സിനേഷൻ കേന്ദ്രം വിജയമെന്ന്‌ ഉന്നത യോഗം വിലയിരുത്തി. പ്രധാന ഇടങ്ങളിലെല്ലാം ഇത്തരം കേന്ദ്രം തുടങ്ങാൻ ഡിഎംഒ മാർക്ക്‌ ആരോഗ്യവകുപ്പ്‌ നിർദേശം നൽകി. ഒമ്പതിന്‌ 21 ലക്ഷം ഡോസ്‌ വാക്‌സിൻകൂടി ലഭ്യമാകുന്നതോടെ കൂടുതൽ മാസ്‌ വാക്‌സിനേഷൻ കേന്ദ്രം സജ്ജമാക്കും.

പണിമുടക്കി വെബ്‌സൈറ്റ്

വാക്‌സിനായി രജിസ്‌റ്റർ ചെയ്യാനുള്ള കോവിൻ വെബ്‌സൈറ്റിന്റെ തകരാരാറിന്‌ പരിഹാരമായില്ല. എന്നാൽ വെബ്‌സൈറ്റിന്‌ പ്രശ്‌നമില്ലെന്നും രാജ്യത്തെ ജനങ്ങളാകെ ഒന്നിച്ച്‌ കയറുന്നതിനാലുള്ള വേഗക്കുറവാണെന്നാണ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.

സർട്ടിഫിക്കറ്റിൽ മോഡിയുടെ ചിത്രവും

വാക്‌സിൻ സ്വീകരിച്ചവർക്ക്‌ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം. സാധാരണ സർട്ടിഫിക്കറ്റിൽ ചിത്രം ഉൾപ്പെടുത്താറില്ല. ഉണ്ടെങ്കിൽ അത്‌ രാഷ്ട്രപിതാവിന്റെ ചിത്രമായിരിക്കും. പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന്‌ വിമർശനം ഉയർന്നു‌.

തകരാർ പരിഹരിക്കും

കോവിൻ സൈറ്റിലെ തകരാർ പരിഹരിക്കാൻ ആരോഗ്യവകുപ്പ്‌ ഇടപെടും. രജിസ്‌ട്രേഷൻ സുഗമമാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കഴിവതും മുൻകൂട്ടി ബുക്ക് ചെയ്‌ത്‌ എത്തിയാൽ തിരക്ക് ഒഴിവാക്കാം.

15 സെഷൻ

വാക്‌സിനേഷൻ കേന്ദ്രത്തിന്റെ എണ്ണം ഘട്ടം ഘട്ടമായി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ കേന്ദ്രത്തിലേയും സെഷൻ മുൻകൂട്ടി ആസൂത്രണം ചെയ്യും. കോവിൻ സൈറ്റിൽ അടുത്ത 15 ദിവസത്തേക്കുള്ള സെഷൻ സൃഷ്ടിക്കും. വിശദാംശങ്ങൾ ദിനംപ്രതി അച്ചടി, സാമൂഹ്യ മാധ്യമം വഴി പൊതുജനങ്ങളിലെത്തിക്കും. പ്രാദേശിക ആവശ്യകത വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റം വരുത്തും.

സ്‌പോട്ട്‌ രജിസ്ട്രേഷൻ

സ്‌പോട്ട് രജിസ്‌ട്രേഷനിൽ ടോക്കൺ സംവിധാനം നടപ്പിലാക്കും. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉച്ചയ്ക്ക് മുമ്പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. രജിസ്റ്റർ ചെയ്ത്‌ എത്തുന്നവർക്കും നേരിട്ട് വരുന്നവർക്കും നിശ്ചിത എണ്ണം സ്ലോട്ട് അനുവദിക്കും. നേരിട്ട് വരുന്നവർക്ക് ടോക്കൺ അനുവദിക്കും. രജിസ്റ്റർ ചെയ്ത ഗുണഭോക്താവിനോട്‌ ടോക്കൺ എടുക്കാൻ ആവശ്യപ്പെടരുത്‌.