പാലാരിവട്ടം മേൽപ്പാലം തയ്യാർ ,ഇന്ന് സർക്കാരിന് കൈമാറും

0
29

യുഡിഎഫ് ഭരണകാലത്ത് അഴിമതിയിൽ തകർന്ന പാലാരിവട്ടം മേൽപ്പാലം വീണ്ടും പൂർണമായും ഗതാഗതയോഗ്യമായി. പുനർനിർമാണം ജൂണിൽ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടതെങ്കിലും മൂന്നുമാസംമുമ്പേ പൂർത്തിയാക്കി സംസ്ഥാന സർക്കാർ.

ശനിയാഴ്‌ചമുതൽ പാലം ഗതാഗതയോഗ്യമാണെന്ന്‌ സംസ്ഥാന പൊതുമരാമത്തുവകുപ്പിനെയും റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷനെയും (ആർബിഡിസികെ) ഡിഎംആർസി അറിയിച്ചു. ടാറിങ് പൂർത്തിയായി. വഴിവിളക്കുകളും സ്ഥാപിച്ചു.

അവസാന മിനുക്കുപണികൾ വെള്ളിയാഴ്‌ച രാത്രിയോടെ തീരും. ഭാരപരിശോധന അടക്കമുള്ള ജോലികൾ ബുധനാഴ്‌ച പൂർത്തിയായിരുന്നു. തുടർന്ന്‌ 24 മണിക്കൂർ നിരീക്ഷണത്തിനുശേഷമാണ്‌ ഡിഎംആർസി വെള്ളിയാഴ്‌ച റിപ്പോർട്ട്‌ കൈമാറിയത്‌.പാലാരിവട്ടം മേൽപ്പാലം ഇന്ന് വൈകുന്നേരം സർക്കാരിന് കൈമാറും.

മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌‌ 47.70 കോടി രൂപയ്‌ക്കാണ്‌ പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്‌ കരാർ നൽകിയത്‌. ആർഡിഎസ്‌ പ്രോജക്ട്‌‌ ആയിരുന്നു കരാറുകാർ. 2014 സെപ്‌തംബറിൽ പണി‌ തുടങ്ങി‌. 2016 ഒക്‌ടോബർ ഒന്നിന്‌‌ ഉദ്‌ഘാടനം ചെയ്‌തു‌.

പക്ഷേ, 2017 ജൂലൈയിൽ പാലം പൊട്ടിപ്പൊളിഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതായി. തുടർന്ന്‌ വിവിധ പരിശോധനകളുടെ തുടർച്ചയായി ഗുരുതര ബലക്ഷയം എന്ന്‌ മദ്രാസ്‌ ഐഐടിയുടെ പഠന റിപ്പോർട്ട് ലഭിച്ചു. ഇതോടെ‌ 2019 മെയ്‌ ഒന്നിന്‌ പാലം അടച്ചു. സർക്കാർ വിജിലൻസ്‌ അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം പൊളിച്ചുപണിയാൻ തീരുമാനിച്ചു.

എന്നാൽ, ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ എൻജിനിയർമാരുടെ സംഘടന നിയമനടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ നിർമാണം വൈകി. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതി അനുവദിച്ചു. ഇതോടെയാണ്‌ എൽഡിഎഫ്‌ സർക്കാർ ഡിഎംആർസിയെ നിർമാണ ചുമതല എൽപ്പിച്ചത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കായിരുന്നു കരാർ.‌

യുഡിഎഫ്‌ കാലത്തെ നിർമാണത്തിൽ അഴിമതി നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞതോടെ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ അടക്കമുള്ളവർ അറസ്‌റ്റിലായി. നിയമനടപടികൾ തുടരുന്നതിനിടെയാണ്‌ പാലം വീണ്ടും നാടിന്‌ സമർപ്പിക്കുന്നത്‌.

മേൽപ്പാലത്തിൻറെ അവസാനഘട്ട പരിശോധനകൾക്ക് വേണ്ടി ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ ഇന്നലെ പാലാരിവട്ടം പാലം സന്ദർശിച്ചിരുന്നു. പാലാരിവട്ടം പാലം ഒരു സന്ദേശമാണെന്ന് ഇ.ശ്രീധരൻ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയാണ് ദൌത്യം ഏറ്റെടുത്തത്. പഴയ പാലത്തിൻറെ കേടുപാടുകൾ എവിടെയൊക്കെ എന്ന് കൃത്യമായി അറിഞ്ഞത് പൊളിച്ചുപണിയൽ എളുപ്പത്തിലാക്കി. പണി വേഗത്തിൽ തീർക്കാനായതിൽ ഇ.ശ്രീധരൻ ഊരാളുങ്കലിന് നന്ദി പറഞ്ഞിരുന്നു.