സംസ്‌ഥാനത്ത്‌ 13 സ്പിന്നിങ്മില്ലുകള്‍ പ്രവര്‍ത്തനലാഭത്തില്‍

0
94

പരമ്പരാഗത സ്പിന്നിങ് – വീവിങ് മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തന ലാഭത്തില്‍. കേരള സംസ്ഥാന ടെക്സറ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള നാല് സ്പിന്നിങ്മില്ലുകളും ഏഴ് സഹകരണ സ്പിന്നിങ് മില്ലുകളും സീതാറാം സ്പിന്നിങ്മില്ലുമാണ് ജനുവരിയില്‍ പ്രവര്‍ത്തനലാഭം കൈവരിച്ചത്.

കെ എസ് ടി സിക്ക് കീഴിലുള്ള കോമളപുരം സ്പിന്നിങ് മില്ലും ഏറ്റവും പുതിയ കണക്ക് പ്രകാരം ലാഭത്തിലാണ്. ഡിസംബറില്‍ എട്ട് സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തന ലാഭം നേടിയതിന് പിന്നാലെയാണ് ജനുവരിയില്‍ നേട്ടം വര്‍ധിപ്പിച്ചത്.

മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ 96.61 ലക്ഷം രൂപയുടെയും പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ 52.74 ലക്ഷം രൂപയുടെയും കെ.കരുണാകരന്‍ സ്മാരക സഹകരണ സ്പിന്നിങ് മില്‍ 18.43 ലക്ഷം രൂപയുടെയും പ്രവര്‍ത്തന ലാഭമാണ് കൈവരിച്ചത്.

മാല്‍കോടെക്സില്‍ 16.47 ലക്ഷം രൂപയുടെയും കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ 7.1ലക്ഷം രൂപയുടെയും തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലില്‍ 9.78ലക്ഷം രൂപയുടെയും പ്രവര്‍ത്തനലാഭംസ്വന്തമാക്കി.ചെങ്ങന്നൂര്‍ പ്രഭുറാം മില്‍ജനുവരിമാസത്തില്‍5.7ലക്ഷം രൂപയുടെ ലാഭം സ്വന്തമാക്കി.

മലബാര്‍ സ്പിന്നിങ് ആന്റ് വീവിങ് മില്‍ 54.65 ലക്ഷം രൂപയും എടരിക്കോട് മില്‍ 17.81 ലക്ഷം രൂപയും ഉദുമ സ്പിന്നിങ് മില്‍ 17.75 ലക്ഷം രൂപയും പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തി. ജനുവരിയില്‍ കെഎസ്ടിസിയുടെ ആകെ പ്രവര്‍ത്തനലാഭം 91.38 ലക്ഷം രൂപയാണ്. സീതാറാം സ്പിന്നിങ് 10.55 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. കെഎസ്ടിസിക്ക് കീഴിലുള്ള ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്‍ 24 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭം ഡിസംബറില്‍ സ്വന്തമാക്കിയിരുന്നു.

നവീകരണ പ്രവര്‍ത്തനങ്ങളും ആധുനികവത്ക്കരണവും നടപ്പാക്കുന്നതിനൊപ്പം വൈവിധ്യവത്ക്കരണത്തിനും പ്രാധാന്യം നല്‍കിയതാണ് സ്പിന്നിങ് മില്ലുകള്‍ക്ക് മുതല്‍ക്കൂട്ടായത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ച ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാനായതും, വിപണിയിലെ ആവശ്യത്തിനനുസരിച്ച് നൂല്‍ ലഭ്യമാക്കാനായതും നേട്ടമായി. ഗുണനിലവാരം ഉയര്‍ത്തിയും ഉത്പ്പാദനക്ഷമത വര്‍ധിപ്പിച്ചും ഈ പരമ്പരാഗതമേഖല ചരിത്രത്തിലെ മികച്ച പ്രവര്‍ത്തനത്തിലാണ്. ആഭ്യന്തര വിപണിക്കൊപ്പം ഇറക്കുമതിയിലും ശ്രദ്ധയൂന്നാനായത് സ്പിന്നിങ് മില്ലുകള്‍ക്ക് പുതുജീവന്‍ നല്‍കി.