വിമാന യാത്രക്കൂലി വർധനക്കെതിരായ പ്രതിഷേധം; ടി വി രാജേഷിനെയും റിയാസിനെയും റിമാൻഡ് ചെയ്തു

0
62

വിമാന യാത്രക്കൂലി വർധനക്കെതിരെ എയർ ഇന്ത്യ ഓഫീസ്‌ മാർച്ച്‌ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന്‌ സിപിഐ എം നേതാക്കളെ കോടതി റിമാൻഡ്‌ ചെയ്‌തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ മുഹമ്മദ്‌ റിയാസ്‌, ടി വി രാജേഷ്‌ എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനേശൻ എന്നിവരെയാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ (4) ‌ വി വിനോദ്‌ ഈ മാസം 16 വരെ റിമാൻഡ്‌ ചെയ്‌തത്‌.

2010 സെപ്‌തംബർ ആറിനായിരുന്നു‌ ഡിവൈഎഫ്ഐ‌ നേതൃത്വത്തിൽ എയർ ഇന്ത്യയുടെ കോഴിക്കോട്‌ ഓഫീസ്‌ മാർച്ച്‌‌. ഓഫീസ്‌ തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തെന്ന കുറ്റമാണ്‌ നടക്കാവ്‌ പൊലീസ്‌ ചുമത്തിയത്‌. വാറണ്ടിനെത്തുടർന്ന്‌ ചൊവ്വാഴ്‌ച ഹാജരായപ്പോഴാണ്‌ റിമാൻഡ്‌ ചെയ്യാൻ കോടതി ഉത്തരവായത്‌.

അന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി വി രാജേഷ്‌ എംഎൽഎയാണ്‌ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തത്‌. മുഹമ്മദ്‌ റിയാസ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന ജോ. സെക്രട്ടറിയും കെ കെ ദിനേശൻ ജില്ലാ സെക്രട്ടറിയുമായിരുന്നു. കേസിൽ എം ഗിരീഷിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ബുധനാഴ്‌ച ജാമ്യാപേക്ഷ നൽകുമെന്ന്‌ ഇവർക്കുവേണ്ടി ഹാജരായ അഡ്വ. പി വി ഹരി പറഞ്ഞു.