പ്രകൃതി ദുരന്തത്തിനിരയായവർക്ക് കൈത്താങ്ങായി സംസ്ഥാന സർക്കർ , നൽകിയത്‌ 735.13 കോടി

0
85

രാജ്യത്ത് പ്രകൃതി ദുരന്തത്തിനിരയായവർക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയത് കേരള സർക്കർ. പ്രകൃതി ദുരന്തത്തിനിരയായവർക്ക് കൈത്താങ്ങായി 2019ലെ കാലവർഷ കെടുതിയിലും ഉരുൾപൊട്ടലിലും തകർന്ന വീടുകൾ പുനർനിർമിക്കാനും ക്യാമ്പുകളിൽ കഴിഞ്ഞവർക്കുള്ള ധനസഹായമായും നൽകിയത്‌ 735,13,53,300 രൂപ.

ഇതിൽ പൂർണമായും ഭാഗികമായും തകർന്ന 62,245 വീടിന്റെ പുനർനിർമാണത്തിനും അറ്റകുറ്റപ്പണിക്കുംമാത്രം നൽകിയത്‌ 372,30,53,300 രൂപ.ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലേക്കും താമസിച്ചവർക്കുള്ള 10,000 രൂപയുടെ അടിയന്തര സഹായമായാണ് അവശേഷിക്കുന്ന തുക നൽകിയത്‌.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആർഎഫ്‌), സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ റെസ്‌പോൺസ്‌ ഫണ്ട്‌ (എസ്‌ഡിആർഎഫ്‌) എന്നിവയിൽനിന്നാണ്‌ പണം അനുവദിച്ചത്‌.ഓൺലൈനായാണ്‌ നടപടിക്രമം പൂർത്തിയാക്കിയത്‌. ഇതിന്‌ മൊബൈൽ ആപ്പും പ്രത്യേക പോർട്ടലും തയ്യാറാക്കി.

ഇടനില ഒഴിവാക്കി പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ നേരിട്ടുനൽകി. ബാങ്ക്‌ അക്കൗണ്ടിലെ സാങ്കേതിക പ്രശ്‌നം കാരണം ഏതാനും പേർക്ക്‌കൂടി സഹായം ലഭ്യമാകാനുണ്ട്‌. ഇവരെ ഉദ്യോഗസ്ഥർ നേരിൽകണ്ട്‌ പ്രശ്‌നം പരിഹരിക്കുകയാണ്‌. ഉടൻ സഹായം അവരുടെ അക്കൗണ്ടിലുമെത്തും.

സർക്കാർ ആരംഭിച്ച ക്യാമ്പുകളിൽ 1,44,077 കുടുംബങ്ങൾ കഴിഞ്ഞു‌. ഇവർക്ക്‌ മാത്രം അടിയന്തര ധനസഹായമായി 144,07,70,000 രൂപ നൽകി. ബന്ധുവീടുകളിലും മറ്റും മാറി താമസിച്ചവർക്ക്‌ ആദ്യമായി സഹായം നൽകി.

2,18,753 പേർക്ക്‌ 218,75,30,000 രൂപയാണ്‌ ഇങ്ങനെ നൽകിയത്‌. ദുരന്തത്തിൽ ആകെ തകർന്നതായി കണ്ടെത്തിയത്‌ 62,245 വീടാണ്‌. ഇതിൽ 3349 വീട്‌ പൂർണമായും (74 ശതാനത്തിന്‌ മുകളിൽ) തകർന്നു.

ലൈഫ്‌ പദ്ധതിക്ക്‌ സമാനമായി നാല്‌ ലക്ഷംരൂപയാണ്‌ ഈ വീടുകൾക്ക്‌ നൽകിയത്‌. ഗുണഭോക്താക്കളുടെ ആവശ്യം പരിഗണിച്ച്‌ ആദ്യഘട്ടത്തിന്‌ പിന്നാലെ രണ്ടും മുന്നും ഘട്ടം പണം ഒന്നിച്ച്‌ നൽകി. ഭാഗികമായി തകർന്ന വീടുകൾക്ക്‌ വിവിധ സ്ലാബ്‌ അനുസരിച്ച്‌ 10,000 രൂപ മുതൽ രണ്ടര ലക്ഷം രൂപവരെയും‌ നൽകി.