കരിമ്പനകളുടെ നാട്ടിൽ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി

0
63

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ വരവേറ്റ് കരിമ്പനകളുടെ നാട്. ഇരുപത്തഞ്ചാമത്‌ ചലച്ചിത്രോത്സവത്തിന്‍റെ പാലക്കാടന്‍ പതിപ്പിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി തിരി തെളിയിച്ചു. ആദ്യ ദിനം മത്സരവിഭാഗത്തിലും ലോക സിനിമ വിഭാഗത്തിലുമായി 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിനത്തില്‍ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

പാലക്കാടിന്‍റെ ചരിത്രത്തിലാദ്യമായി എത്തിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ആസ്വാദകര്‍ ആവേശത്തോടെയാണ് വരവേറ്റത്. ആദ്യ ദിനത്തില്‍ മത്സര വിഭാഗത്തില്‍ നിന്നുള്ള നാല് ചിത്രങ്ങളും ലോക സിനിമയില്‍ നിന്നുള്ള പത്ത് ചിത്രങ്ങളുമുള്‍പ്പെടെ ഇരുപത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ബോസ്നിയന്‍ ചിത്രം ക്വവാഡിസ് ഐഡയായിരുന്നു ഉദ്ഘാടന ചിത്രം. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മേളയുടെ പാലക്കാടന്‍ പതിപ്പിന്‍റെ പ്രഖ്യാപനം നടത്തി.

ക‍ഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ മേളയുടെ ചരിത്രമുള്‍ക്കൊള്ളുന്ന പ്രദര്‍ശനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 1994ല്‍ കോ‍ഴിക്കോട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു.

മേളയുടെ രണ്ടാം ദിനത്തില്‍ മത്സര വിഭാഗത്തിലുള്‍പ്പെട്ട മലയാള ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി ഉള്‍പ്പെടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവത്തിന്‍റെ ഓപ്പണ്‍ ഫോറത്തിനും ഇന്ന് തുടക്കമാവും. മത്സര വിഭാഗത്തിലുള്‍പ്പെട്ട 14 ചിത്രങ്ങളുള്‍പ്പെടെ 46 രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങള്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും.