ദക്ഷിണമേഖലാ അത്‌ലറ്റിക്‌ മീറ്റ്‌‌: കേരളം റണ്ണറപ്പ്

0
66

ദക്ഷിണമേഖലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ തമിഴ്‌നാട്‌ ഓവറോൾ കിരീടം നിലനിർത്തി. 35 സ്വർണവും 42 വെള്ളിയും 32 വെങ്കലവുമടക്കം 722 പോയിന്റോടെയാണ്‌ നേട്ടം. കേരളം 654 പോയിന്റോടെ റണ്ണറപ്പായി.  28 സ്വർണവും 39 വെള്ളിയും 29 വെങ്കലവുമാണ്‌ സമ്പാദ്യം. കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായിരുന്നു.

ഇക്കുറി കർണാടക മൂന്നാമതായി. പോയിന്റ്‌ പട്ടികയിൽ ‌ആദ്യമായി ഇടംനേടിയ ലക്ഷദ്വീപ്‌ രണ്ട്‌ സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം‌ 28 പോയിന്റ്‌ നേടി‌. പതിനാറുവയസ്സിനു താഴെയുള്ള ആൺകുട്ടികളുടെയും 14, 18 വയസ്സിനുതാഴെയുള്ള പെൺകുട്ടികളുടെയും വിഭാഗങ്ങളിലാണ്‌ കേരളം കരുത്തുകാട്ടിയത്‌. അവസാനദിനം മൂന്നെണ്ണം ഉൾപ്പെടെ 17 റെക്കോഡുകളുണ്ടായി.

ഇന്നലെ കേരളം 11 സ്വർണവും 11 വെള്ളിയും ഏഴ്‌ വെങ്കലവും കരസ്ഥമാക്കി. സ്വർണക്കാർ: ക്രിസ്‌റ്റഫർ തങ്കച്ചൻ (അണ്ടർ 20 പുരുഷന്മാർ) 1500 മീറ്റർ,  മിൻസാര പ്രസാദ്‌ (അണ്ടർ 14 ആൺകുട്ടികൾ) ഹൈജമ്പ്‌, സാന്ദ്ര ബാബു (അണ്ടർ 20 വനിതകൾ) ട്രിപ്പിൾജമ്പ്‌, മാധവ്‌ ജി പാട്ടത്തിൽ (അണ്ടർ 18 ആൺകുട്ടികൾ) 400 മീറ്റർ ഹർഡിൽസ്‌, പി കെ വിഷ്‌ണു (അണ്ടർ 14 ആൺകുട്ടികൾ) ബോൾത്രോ, ലക്ഷ്‌മിപ്രിയ (അണ്ടർ 18 പെൺകുട്ടികൾ) 400 മീറ്റർ ഹർഡിൽസ്‌, ആർ ആരതി (അണ്ടർ 20 വനിതകൾ) 400 മീറ്റർ ഹർഡിൽസ്‌, വി എസ്‌ സെബാസ്‌റ്റ്യൻ (അണ്ടർ 18 ആൺകുട്ടികൾ) ട്രിപ്പിൾജമ്പ്‌, പി ഡി അഞ്‌ജലി (അണ്ടർ 20 വനിതകൾ) 200 മീറ്റർ, ജിബിൻ തോമസ്‌ (അണ്ടർ 20 പുരുഷന്മാർ) ജാവ്‌ലിൻത്രോ, പി എസ്‌ ആദിത്യ (അണ്ടർ 18 പെൺകുട്ടികൾ) ട്രിപ്പിൾജമ്പ്‌.