തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ ‘ബോട്ട് ആർമി’ തയ്യറായി കഴിഞ്ഞു. യഥാർഥ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് പകരം സോഫ്റ്റ്‍വെയർ സഹായത്തോടെ സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന ആയിരക്കണക്കിന് സോഫ്റ്റ്‍വെയർ റോബട്ട് അക്കൗണ്ടുകളെയാണ് ബോട്ട് ആർമിയെന്നു വിളിക്കുന്നത്.
നിങ്ങൾ സമൂഹമാധ്യമങ്ങളിൽ തുടക്കകാരനാണെങ്കിലും പേടിക്കേണ്ട, ഏജൻസികൾ ബോട്ട് ആർമിയെ രംഗത്തിറക്കി നിങ്ങളെ താരമാക്കി മാറ്റും. നിങ്ങൾക്ക് അനുകൂലവും എതിരാളികൾക്ക് പ്രതികൂലവുമായ ഹാഷ്ടാഗുകൾ ഇവർ ‘ട്രെൻഡിങ്’ ആക്കി ജനവികാരം നിങ്ങൾക്ക് അനുകൂലമാണെന്ന് വരുത്തിക്കോളും. പൊതുവേദികളിൽ അണികളെ കൂട്ടിയുള്ള ശക്തിപ്രകടനത്തിന്റെ ന്യൂജെൻ പതിപ്പാണ് ബോട്ടുകളെ ഉപയോഗിച്ചുള്ള ഡിജിറ്റൽ പ്രകടനം.
2019 ഫെബ്രുവരിയിൽ പ്രധാമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ എത്തുന്നതിനു മുന്നോടിയായി എതിർത്തും അനുകൂലിച്ചും തരംഗമായ രണ്ട് ഹാഷ്ടാഗുകളായിരുന്നു–#GoBackModi, #TNWelcomesModi എന്നിവ. ഇവ രണ്ടും സോഫ്റ്റ്‍വെയർ ബോട്ടുകൾ ഉപയോഗിച്ച് കൃത്രിമമായി ട്രെൻഡ് ചെയ്യിച്ചതാണെന്ന് അറ്റ്‍ലാന്റിക് കൗൺസിൽ ഡിജിറ്റൽ ഫൊറൻസിക് ലാബ് കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ഇത്തരം കുതന്ത്രങ്ങൾ മാറ്റിവച്ചാൽ ഡിജിറ്റൽ മാധ്യമങ്ങൾ ശക്തമായി ഉപയോഗിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.
∙ കൂട്ടായി വ്ലോഗിങ്
യുട്യൂബിലെ വ്ലോഗുകളിലൂടെ (വിഡിയോ ബ്ലോഗ്) താരമായി മാറിയവരുടെ സ്വാധീനവും ഇത്തവണ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. രാഹുൽ ഗാന്ധി തമിഴ്നാട്ടിലെ പ്രശസ്തമായ വില്ലേജ് കുക്കിങ് ചാനലിലെന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടതും കൊല്ലം വാടിക്കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയപ്പോൾ കോട്ടയം സ്വദേശിയായ യൂട്യൂബർ സെബിൻ സിറിയക്കിനെ ഒപ്പം കൂട്ടിയതും ഇതിന്റെ തുടർച്ചയാണ്.
എൽഡിഎഫ്
വൻകിട ഏജൻസികളില്ല; പ്രവർത്തകരാണ് കരുത്ത്
മറ്റ് മുന്നണികൾ വൻകിട മാർക്കറ്റിങ് ഏജൻസികളെ വയ്ക്കുമ്പോൾ ആ വഴിക്കു പോകണമെന്നല്ല എൽഡിഎഫ് ആഗ്രഹിക്കുന്നതെന്ന് സമൂഹമാധ്യമ പ്രചാരണത്തിന്റെ ചുതല വഹിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.ശിവദാസൻ. പകരം പാർട്ടി അണികളോടും അനുഭാവികളോടും അവരുടെ കഴിവിനനുസരിച്ച് സഹായിക്കാനാണ് പാർട്ടി അഭ്യർഥിച്ചിരിക്കുന്നത്. അതിനോട് മികച്ച പ്രതികരമാണ് ലഭിക്കുന്നത്.
ഭൂരിഭാഗം പേർക്കും മൊബൈൽ ഫോൺ ഉള്ള കാലമാണ്. ജോലി സ്ഥലത്ത് നിന്നുൾപ്പടെ പലരും നിരന്തരമായി പാർട്ടിക്ക് വേണ്ടി ഡിജിറ്റൽ സ്പേസിൽ ഇടപെടുന്നുണ്ട്. ഇത് എൽഡിഎഫിന് വളരെ ഗുണകരമാണ്. കലാലയങ്ങളിലുള്ളവർക്കും ഫാക്ടറികളിലുള്ളവർക്കും ഒരുപോലെ ഇടപെടാമെന്നതാണ് ഡിജിറ്റൽ സ്പേസിന്റെ മെച്ചം.
ഡിജിറ്റൽ സ്പേസിൽ സജീവമാണെങ്കിലും നേരിട്ടുള്ള പ്രചാരണരീതികൾക്ക് പകരം വയ്ക്കാൻ ഡിജിറ്റൽ മീഡിയയ്ക്ക് കഴിയില്ലെന്നാണ് സിപിഎമ്മിന്റെ പക്ഷം. സംഘടനാപരമായ പ്രത്യേക സംവിധാനങ്ങൾ ഡിജിറ്റൽ പ്രചാരണത്തിനായി രൂപീകരിച്ചിട്ടില്ല. ഡിജിറ്റൽ മീഡിയയെ കേന്ദ്രസർക്കാർ അവർക്ക് അനുകൂലമാക്കി മാറ്റാൻ ശ്രമിക്കുന്നതിനെതിരെ കൂടിയാണ് പോരാട്ടമെന്ന് ശിവദാസൻ പറഞ്ഞു.
യുഡിഎഫ്
ജില്ലകളിൽ 6 പേരുടെ ടീം; പിആർ ഏജൻസികളില്ല
ജില്ലയിൽ 3 പേർക്ക് വീതം ഡിജിറ്റൽ മീഡിയയുടെ ചുമതല നൽകിക്കഴിഞ്ഞു. ഇതിനു പുറമേ കെഎസ്‍യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയുടെ ഓരോ പ്രതിനിധികളും ചേർന്ന് 6 പേരുടെ സംഘമാണ് ജില്ലാ തലത്തിൽ ഡിജിറ്റൽ തന്ത്രങ്ങൾ ഏകോപിപ്പിക്കുന്നത്. ഇവർക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം പൂർത്തിയായി.
ഇവരുടെ കീഴിൽ ബ്ലോക്ക്, മണ്ഡലം അടിസ്ഥാനത്തിൽ ആളുകളുണ്ടാകും. ഈ ശൃംഖല ബൂത്ത് തലം വരെയെത്തും. നിർദേശങ്ങൾ താഴേത്തട്ട് വരെയെത്തിക്കുന്നത് വാട്സാപ് വഴി. സമൂഹമാധ്യമ പ്രചരണത്തിന്റെ സംഘടനാ ചുമതല കെപിസിസി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥിനാണ്. ശശി തരൂരും അനിൽ ആന്റണിയും ചേർന്ന് നയിക്കുന്ന ഡിജിറ്റൽ മീഡിയ സെല്ലുമുണ്ട്.
മറ്റ് ചില മുന്നണികളെപ്പോലെ പണം നൽകി സമൂഹമാധ്യമ പ്രചരണത്തിനായി വൻകിട ഏജൻസികളെ ഇറക്കുന്നതിൽ കോൺഗ്രസിന് പരിമിതിയുണ്ടെന്ന് പി.സി വിഷ്ണുനാഥ് പറയുന്നു. ഇതിനെ മറികടക്കാനായി സന്നദ്ധരായ പാർട്ടി പ്രവർത്തകരുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.
കോൺഗ്രസ് സോഷ്യൽ മീഡിയ വാറിയർ ആകാനുള്ള ഓൺലൈൻ റജിസ്ട്രേഷന് മികച്ച പ്രതികരണം ലഭിച്ചു. റജിസ്റ്റർ ചെയ്തവരിൽ നിന്ന് പാർട്ടി വിദഗ്ധ പരിശോധന നടത്തിയാണ് സംഘത്തെ രൂപീകരിച്ചത്. കോൺഗ്രസ് ഭരണത്തിലെത്തിയാൽ ചെയ്യാൻ പോകുന്ന പദ്ധതികളുടെ എക്സ്പ്ലെയ്നർ വിഡിയോകൾക്കാണ് ഇത്തവണ പ്രാമുഖ്യം.
ബിജെപി
12,000 വാട്സാപ് ഗ്രൂപ്പുകൾ; കൂട്ടിന് നിർമിത ബുദ്ധി
താഴേത്തട്ട് വരെയുള്ള ആശയവിനിമയത്തിനായി 12,000 വാട്സാപ് ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകൾ. പുറമേ അസംഖ്യം അനൗദ്യോഗിക ഗ്രൂപ്പുകളും. ഡിജിറ്റൽ വാർ റൂം ഏകോപിപ്പിക്കുന്നത് 40 പേരടങ്ങിയ കോർ ടീം. വിഡിയോ, റൈറ്റിങ്, പോസ്റ്റർ, ഇന്റലക്വച്വൽ എന്നിങ്ങനെ 4 ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനം.
പ്രത്യേക ഉപദേശകസമിതിയും ജില്ലാ കൺവീനർമാരുമുണ്ട്. പഞ്ചായത്ത് തലങ്ങളിൽ ‘ഡിജിറ്റൽ സ്പോക്സ്’ അഥവാ ഡിജിറ്റൽ സിംഗിൾ പോയിന്റ് ഓഫ് കോൺടാക്റ്റ്. മുകൾതട്ടിൽ നിന്നയയ്ക്കുന്ന സന്ദേശങ്ങൾ താഴേത്തട്ടിൽ വിതരണം ചെയ്യേണ്ടത് ഇവരാണ്.
വിവിധ പ്രായക്കാരെ കണ്ടിട്ട് അവർക്ക് യോജിക്കുന്ന തരത്തിൽ സന്ദേശങ്ങൾ അയയ്ക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുമുണ്ട്. ഉദാഹരണത്തിന് ശബരിമല വിഷയത്തിൽ യുവാക്കൾക്കും പ്രായമായവർക്കും വ്യത്യസ്തമായ സന്ദേശങ്ങളായിരിക്കും ലഭിക്കുക. പ്രായമുള്ളവർക്ക് കൂടുതലും ഭക്തിയുമയി ബന്ധപ്പെട്ട തരത്തിലായിരിക്കും കണ്ടന്റ്.
കുറ്റപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും പകരം തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന പോസിറ്റിവ് രാഷ്ട്രീയത്തെക്കുറിച്ച് പറയാനാണ് ഇത്തവണ കൂടുതൽ ശ്രമിക്കുകയെന്ന് ബിജെപി സംസ്ഥാന സമിതിയംഗവും ഹൈടെക് ക്യാംപെയിൻ കൺവീനറുമായ എസ്. ജയശങ്കർ പറയുന്നു.