ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് എഫ്ഡിഎ അനുമതി നല്‍കി. വാക്‌സിന്‍ ഉടന്‍ യുഎസില്‍ ഉപയോഗിച്ചു തുടങ്ങും. കോവിഡിന്റെ പുതിയ വകഭേദത്തെ ഉള്‍പ്പെടെ തടയാന്‍ ഈ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് പഠനം.
ഒറ്റഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് അറുതി വരുത്താന്‍ നിര്‍ണായകമായ മുന്നേറ്റമാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
കോവിഡ് ഗുരുതരമായവരില്‍ 85.8 ശതമാനമാണ് ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 81.7 ശതമാനവും ബ്രസീലില്‍ നടന്ന പഠനത്തില്‍ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കോവിഡിനെ തുടര്‍ന്ന് ഇതുവരെ 5.10 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മൂന്നാമത്തെ വാക്സിന് അമേരിക്ക അനുമതി നല്‍കിയത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ രാജ്യത്ത് ഉടനെ കുത്തിവെയ്പ്പ് ആരംഭിക്കും.
തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വാക്സിന്‍ ഡോസുകള്‍ എത്തിക്കും. യൂറോപ്പില്‍ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി ലോകാരോഗ്യ സംഘടനയില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്.