– കെ വി –
മുഖ്യമന്ത്രിപ്പൂതിയിൽ ഇരിക്കപ്പൊറുതി കെട്ട് മെട്രോമാനോടുവരെ മുട്ടാനുള്ള മനസ്സുമായാണ് മോഹയാത്രക്കിറങ്ങിയതെങ്കിലും സുരേന്ദ്രജി ആള് മാന്യനാണ് ട്ടോ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ്റെ ഉത്തമമായ ഉദാരമനസ്കതയെ നമിച്ചേ പറ്റൂ. കാലുമാറ്റ രാഷ്ട്രീയം വർജ്യമല്ലെങ്കിലും കടുംവെട്ടിനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
40 സീറ്റ് നിയമസഭയിൽ കിട്ടിയാൽ തങ്ങൾ ഭരണം പിടിക്കുമെന്നല്ലേ അദ്ദേഹം അവകാശപ്പെട്ടിട്ടുള്ളൂ. പുതുച്ചേരിയിലെ മന്ത്രിസഭാ അട്ടിമറിയുമായി തട്ടിച്ചുനോക്കുമ്പോൾ എത്ര ഭേദമാണീ നിലപാട്. അവിടെ നിയമസഭയിൽ ഒറ്റ സീറ്റുമില്ലാതിരുന്നിട്ടും കോൺഗ്രസ് സർക്കാരിനെ ബി ജെ പി എയ്തുവീഴ്ത്തിയില്ലേ.
ഇവിടെ ഇത്തിരി കുങ്കുമപ്രേമമൊക്കെ ഉള്ളിലുള്ള കോൺഗ്രസ് നേതാക്കളുടെ വിലയിടിക്കുന്ന വല്ലാത്ത വർത്തമാനമാണ് കെ സുരേന്ദ്രൻ പറഞ്ഞുകളഞ്ഞത്…! കെ പി സി സി യിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വെച്ച സീറ്റുയോഗ്യതാ മാനദണ്ഡ ഭീഷണിക്ക് പിറകെ ഈയൊരു പാര ഓർക്കാപ്പുറത്താണ്.
നമ്മുടെ തൊട്ടടുത്ത മാഹി പ്രദേശവും പെടുന്ന അയൽപക്ക സംസ്ഥാനമാണ് പുതുച്ചേരി. അവിടെ മുപ്പതംഗ നിയമസഭയിൽ 15 സീറ്റ് 2016 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വന്തമാക്കിയതാണ്. സഖ്യകക്ഷി ഡി എം കെ യുടേതും ഒരു സ്വതന്ത്രൻ്റേതും ഉൾപ്പെടെ 19 അംഗങ്ങളുടെ പിന്തുണയിലായിരുന്നു കോൺഗ്രസിലെ വി നാരായണസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റത്.
ബി ജെ പിയിൽനിന്ന് സഭയിൽ എതിരാളിയേ ഇല്ലായിരുന്നു. കേന്ദ്ര സമ്മർദത്തോടെ ലെഫ്റ്റനൻ്റ് ഗവർണർ കിരൺ ബേദിയെക്കൊണ്ട് നാമനിർദേശം ചെയ്യിച്ചാണ് എം എൽ എ മാരായി അവരുടെ മൂന്നുപേർ കടന്നുകൂടിയത്. നിയമസഭയുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം വേണം നോമിനേഷൻ എന്ന നിബന്ധന നിർലജ്ജം മറികടക്കുകയായിരുന്നു.
കോൺഗ്രസിൻ്റെ 15 എം എൽ എ മാരിൽ ആറുപേരെ പല വഴികളിൽ സ്വാധീനിച്ച് കൂറുമാറ്റിച്ചാണ് കഴിഞ്ഞ ആഴ്ച നാരായണസ്വാമി സർക്കാറിനെ ബി ജെ പി പുറത്താക്കിയത്. അതിന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻകൂടിയായ എ നമശിവായം കൂട്ടുനിൽക്കുകയായിരുന്നു. കേന്ദ്ര ഭരണകക്ഷി ഭീമമായ തോതിൽ ഫണ്ടിറക്കിയാണ് കാര്യം സാധിച്ചത്. അതിനോട് മൽസരിക്കാൻ നാരായണസ്വാമിക്ക് ശേഷിയില്ലായിരുന്നു.
പണമെത്ര മുടക്കിയാലും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി പുതുച്ചേരിയിൽ നേട്ടമുണ്ടാക്കാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. എ ഐ എ ഡി എം കെയുമായും രംഗസ്വാമിയുടെ എൻ ആർ കോൺഗ്രസ്സുമായും ഈയിടെ ഉറപ്പിച്ച ബന്ധം ഗുണംപിടിച്ചേക്കുമത്രെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ചുനിന്ന ബി ജെ പി ക്ക് രണ്ടര ശതമാനം വോട്ടേ ലഭിച്ചിരുന്നുള്ളൂ.
കേന്ദ്രത്തിലെ അധികാരബലത്തിൽ രാഷ്ട്രസമ്പത്ത് സ്വകാര്യമേഖലയ്ക്ക് അടിയറവെച്ച് ലക്ഷക്കണക്കിന് കോടി രൂപ ബി ജെ പി പിടുങ്ങുന്നുണ്ടല്ലോ. വൻകിട കോർപ്പറേറ്റ് മുതലാളിമാരിൽനിന്ന് നിർബാധം സ്വീകരിക്കുന്ന ഇലക്ടറൽ ഫണ്ട്, പി എം കെയേഴ്സ് നിധി എന്നിവയിൽനിന്നുള്ള പണസമ്പാദനത്തിനു പുറമെയാണിത് .
കോൺഗ്രസ് നേതാക്കളെയും എം പി മാരെയും എം എൽ എമാരെയും ചാക്കിട്ടുപിടിക്കാൻ ചില്ലറപ്പണം മതിയോ. എന്തെല്ലാം ചെലവുകളാണ് – ഹൈക്കമാൻഡ് തലത്തിൽവരെയുള്ള ദല്ലാളന്മാർക്ക് കമീഷൻ കൊടുക്കണം. വിലപേശി ജനപ്രതിനിധികളെ വശത്താക്കണം. സുഖവാസകേന്ദ്രങ്ങളിൽ കൊണ്ടുപോയി താമസിപ്പിക്കണം. അവരെ മുഴുവൻ വേണ്ടതുപോലെ പരിചരിച്ച് തൃപ്തിപ്പെടുത്തണം. സുരക്ഷാ സംവിധാനമൊരുക്കൽ വേറെ . അങ്ങനെ എന്തൊക്കെ സൗകര്യങ്ങൾ ചെയ്യേണ്ടതാണ്.
എളുപ്പവഴിയിൽ ഫണ്ട് സമാഹരിക്കാനാണ് അംബാനി – അദാനി മുതലായ അതിസമ്പന്നർക്ക് പൊതുമേഖലാ സംരംഭങ്ങൾ സാധ്യമായത്ര പഴുതുകളിലൂടെ കൈമാറുന്നത്. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സംസ്ഥാന സർക്കാരിനുപോലും വിട്ടുകൊടുക്കാതെ ഇഷ്ടക്കാർക്ക് ദാനം ചെയ്തത് കണ്ടില്ലേ. കൊച്ചിയിലെ ബി പി സി എലിൻ്റെ ഓരോ യൂനിറ്റും വില്പനയ്ക്കുള്ള നടപടികളിലാണ് .
വമ്പൻ വളർച്ചയിലേക്ക് കുതിച്ച ബി എസ് എൻ എൽ തകർത്ത് ജിയോ കമ്പനിക്ക് കേന്ദ്രസർക്കാർ ഒത്താശ ചെയ്യുന്നത് ആർക്കാണറിയാത്തത്. … നല്ല ലാഭത്തിലുള്ള എത്രയെത്ര കേന്ദ്രസ്ഥാപനങ്ങളാണ് ഓഹരിവില്പനയിലൂടെ പൂർണമായോ ഭാഗികമായോ തല്പരകക്ഷികൾക്ക് തീരെഴുതുന്നത് … ഒടുവിലിതാ രാജ്യത്തിൻ്റെ കാർഷിക മേഖലയടക്കം മേലേക്കിട കോപ്പറേറ്റ് കമ്പനികൾക്ക് സ്വൈരവിഹാരത്തിന് പതിച്ചുനൽകുന്നു…!
ഇത്തരം ബഹുവിധ ഇടപാടുകളിൽനിന്ന് കൈപ്പറ്റുന്ന കനമുള്ള ഫണ്ടിൻ്റെ ഊക്കിൽതന്നെയാണ് ഇതിനകം ഒട്ടേറെ കോൺഗ്രസ് ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ ഭരണം ബി ജെ പി മറിച്ചെടുത്തത്. കർണാടക, ഗോവ, മദ്ധ്യപ്രദേശ്, മണിപ്പൂർ, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് 168 കോൺഗ്രസ് എം എൽ എ മാരെയാണ് നാലുകൊല്ലത്തിനുള്ളിൽ സംഘപരിവാറിൽ ചേർത്ത് കാവിക്കുപ്പായമിടീച്ചത്.
പുതുച്ചേരിയിലെ മയ്യഴിയും പള്ളൂരും പന്തക്കലുമെല്ലാം മലയാളമണ്ണിൻ്റെ ഒരു തുണ്ടാണ്. കോഴിക്കോട്-കണ്ണൂർ ജില്ലകൾക്കിടയ്ക്ക് കിടക്കുന്ന ഭൂഭാഗം. അവിടെയുള്ള ആളുകൾക്ക് മുല്ലപ്പള്ളി രാമചന്ദ്രനോളംതന്നെ പരിചയമുണ്ട് എ നമശിവായത്തെ – അവരുടെ മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റിനെ . അദ്ദേഹമാണ് ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ നിയുക്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി .
കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് – ഡി എം കെ സഖ്യത്തെ വിജയത്തിലേക്ക് നയിച്ചത് നമശിവായമായിരുന്നു . വി നാരായണസ്വാമി മന്ത്രിസഭയിൽ രണ്ടാംസ്ഥാനക്കാരനായി ചുമതല വഹിച്ചതുമാണ്. ഏതാനും ആഴ്ചകൾ മുമ്പുവരെ ശുദ്ധ ഗാന്ധിയൻ മട്ടിലുള്ള നേതാവായിരുന്നു. ശുഭ്ര ഖാദിവസ്ത്രത്തിൻ്റെ ഇസ്തിരിവടിവിൽ വരെ മുല്ലപ്പള്ളിയോട് നല്ല സാമ്യം.
അകവും പുറവും രമേശ് ചെന്നിത്തലയെപോലെ മിടുക്കുറ്റത്. കെ സുധാകരനേക്കാൾ പാരമ്പര്യമുള്ള അടിയുറച്ച അസ്സൽ കോൺഗ്രസ്. നേതൃത്വത്തിലേക്ക് വേറേതെങ്കിലും പാർട്ടിയിൽനിന്ന് ഇടയ്ക്ക് കയറി വന്നതല്ല. മുഖ്യമന്ത്രി നാരായണസ്വാമിയോട് നേരിയ അനിഷ്ടം ഉണ്ടായിരുന്നെങ്കിലും സംഘടനയിൽ അദ്ദേഹം അങ്ങനെ ഇടഞ്ഞിരുന്നുമില്ല. ഒരു മാസത്തിനിടെ ചെറിയൊരു ഇളക്കം.
പിന്നെ ഒറ്റ ചാട്ടമാണ് ; ഒരു എം എൽ എ ഉൾപ്പെടെയുള്ള വിശ്വസ്ത അനുചരന്മാരെയും കൂട്ടി ബി ജെ പി യിലേക്ക്. നാല് എം എൽ എ മാർകൂടി ഏതാനും നാളുകൾക്കകം പിറകെയും. അതോടെയാണ് നാരായണസ്വാമി മന്ത്രിസഭ ഭൂരിപക്ഷം പോയി നിലംപൊത്തിയത്. ദക്ഷിണേന്ത്യയിൽ തങ്ങളുടെ നേതൃത്വത്തിലുള്ള അവസാന സംസ്ഥാന ഭരണവും കോൺഗ്രസ്സിന് നഷ്ടപ്പെട്ടതും.
പുതുച്ചേരിമോഡൽ നോക്കിയാൽ സുരേന്ദ്രൻജിയുടെ കേരളാ ലൈൻ എത്ര മെച്ചമാണ്…! ഇവിടെ 140 അംഗ സഭയല്ലേ. 40 പേർ ബി ജെ പിയിൽനിന്ന് ജയിച്ചാൽ സുരേന്ദ്രൻ മുഖ്യനാവുമെന്ന് ഉറപ്പുതന്നെ. 31 കോൺഗ്രസ് എം എൽ എ മാരെ വലയിലാക്കാൻ വലിയ പ്രയാസമൊന്നുമുണ്ടാവില്ല.
പണ്ട് കോ-ലീ- ബി സഖ്യത്തിന് മുൻകൈയെടുത്ത മുസ്ലീം ലീഗിനുമുണ്ടാവില്ല അതിൽ ലേശവും ഇമ്പക്കുറവ്. ഇപ്പോൾ വിമതപക്ഷത്താണെങ്കിലും ശോഭാ സുരേന്ദ്രനും കൂട്ടരും മുൻകൂർ ക്ഷണിച്ചതുമാണ് ലീഗിനെ. അധികാരത്തിൽ പങ്ക് കിട്ടുമെങ്കിൽ കൂട്ടുചേരൽ ആരുമായിട്ടായാലും അവർക്ക് ഹലാൽ ആണല്ലോ.