നാലാം ടെസ്റ്റിന് ബുംറ കളിക്കളത്തിലേക്ക് ഇറങ്ങില്ല

0
69

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ബുംറ വിട്ടുനില്‍ക്കുന്നത്. ബുംറ കളിക്കാത്ത കാര്യം ബി.സി.സി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബുംറക്ക് പകരക്കാരനെ നിയമിക്കില്ല. അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വെറും ആറ് ഓവറുകള്‍ മാത്രമാണ് ബുംറ എറിഞ്ഞത്. സ്പിന്‍ ബൗളിങ്ങിനെ പിച്ച് വാരിപ്പുണര്‍ന്നപ്പോള്‍ ബുംറയടങ്ങുന്ന പേസ് ബൗളര്‍മാര്‍ക്ക് അത്രയെ എറിയേണ്ടി വന്നുള്ളൂ.

ഈ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റാണ് ബുറ വീഴ്ത്തിയത്. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു. ജോലിഭാരം കണക്കിലെടുത്തായിരുന്നു ബുംറക്ക് വിശ്രമം അനുവദിച്ചത്. ആ ടെസ്റ്റില്‍ മുഹമ്മദ് സിറാജാണ് അന്തിമ ഇലവനില്‍ ഇടം നേടിയത്. നാലാം ടെസ്റ്റും അഹമ്മദാബാദിലാണ് നടക്കുന്നതിനാല്‍ ബുംറയുടെ അഭാവം ഇന്ത്യക്ക് പ്രശ്‌നമാവില്ല. രവിചന്ദ്ര അശ്വിനും അക്‌സര്‍ പട്ടേലുമടങ്ങുന്ന സഖ്യം തന്നെ ഇന്ത്യയുടെ ബൗളിങ് ഡിപാര്‍ട്‌മെന്റിന് കരുത്തേകും.

കൂട്ടിന് വാഷിങ്ടണ്‍ സുന്ദറുമുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മാര്‍ച്ച് നാലിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. ജോ റൂട്ട് ഇരട്ട സെഞ്ച്വറി നേടിയിരുന്നു. അതേസമയം നാലാം ടെസ്റ്റിലും വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫൈനല്‍ കളിക്കണമെങ്കില്‍ സമനില പിടിച്ചാലും മതി.