കളമൊരുങ്ങി ;കളിക്കിറങ്ങി ടീം മുത്തശ്ശി

0
31

– കെ വി –

ചുട്ട കോഴിയെവരെ പറപ്പിക്കുന്ന പേരുകേട്ട മന്ത്രവാദിമാരുണ്ടായിരുന്നത്രെ പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ. പഴങ്കഥകളിൽ ചിലപ്പോഴൊക്കെ അത്തരം അത്ഭുതസിദ്ധികളുളളവർ കടന്നുവരാറുണ്ട്. എന്നാൽ അവരെയും വെല്ലുന്ന മാന്ത്രികപ്രഭാവം വാക്കുകളിൽ ആവാഹിക്കാൻ മിടുക്കരാണ് മകാരാദി മാധ്യമങ്ങളിലെ കോപ്പിയെഴുത്തുകാർ. സീറോയെ ഹീറോയാക്കാനും ഹീറോയെ സീറോ ആക്കാനുമുള്ള അവരുടെ മൊഴിമിടുക്ക് അപാരമാണ്.

പഴയ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ മാഗസിൻപോലെയാണ് മലയാള മനോരമയുടെ ശനിയാഴ്ചത്തെ ഇലക്ഷൻ സ്പെഷൽ പേജുകൾ. യു ഡി എഫിൻ്റെ വളർത്തുമുത്തശ്ശിയുടെ അളവറ്റ സ്വപക്ഷ വാത്സല്യത്തിൽ അടിമുടി ഇടതുപക്ഷവിരോധത്തിൻ്റെ ആധിക്യമാണ് തെളിയുന്നത്. ടീം മുത്തശ്ശിയുടെ കളി കേമംതന്നെ.

തങ്ങൾക്ക് അനഭിമതരായ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾക്കുനേരെ കുത്തുവാക്കിൻ്റെ അങ്ങേത്തലയോളം… ഇഷ്ടക്കാരായ കോൺഗ്രസ് – ലീഗ് – ബി ജെ പി നേതാക്കളെ പുകഴ്ത്താനോ ലോലമധുര വചനങ്ങളുടെ അനുഗ്രഹവർഷവും…! ഒരുദാഹരണം മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. “ടീമിലെതന്നെ എതിർ ചേരികൾ സമ്മതിച്ചുകൊടുക്കാൻ ഇടയില്ലാ”ത്ത നായകത്വമാണ് മുഖ്യമന്ത്രി പിണറായി വിജയന് അവർ കനിഞ്ഞു നൽകിയിരിക്കുന്നത്.

എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചാർത്തിക്കൊടുത്തതോ – “എതിർ ടീമിൻ്റെ പന്തുകളെ നിരന്തരം അതിർത്തി കടത്തുന്ന മുൻനിര ബാറ്റ്സ്മാൻ ” പദവിയും. ഇതേ നിലവാരവും സ്വഭാവവും പുലർത്തുന്ന ചില വാർത്താമാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവേയിൽ പിണറായിക്ക് കിട്ടിയ ജനസമ്മതി 39 ശതമാനമായിരുന്നു ; ചെന്നിത്തലയ്ക്ക് പത്തിൽ താഴെയും. അതേസമയം , രമേശിനേക്കാൾ എല്ലാ നിലയ്ക്കും മികച്ച വിശ്വാസ്യതയും അനുഭവസമ്പത്തുമുള്ള മുൻനിരക്കാരനാക്കി ഉമ്മൻ ചാണ്ടിയെ ഉയർത്തിനിർത്തി പാര തൊട്ടുപിറകെയുണ്ടുതാനും.

 

” സി പി എമ്മിനോട് സമരസപ്പെടാൻ നിർബന്ധിതനായ ” അയോഗ്യതയാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ കണ്ടെത്തി ആരോപിച്ചിരിക്കുന്നത്. ” ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിലെ ഊഷ്മളത ” കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനുള്ള വിശേഷണത്തിൽ മുഴച്ചുനിൽക്കുന്നു. “കുളിർ തെന്നൽ പോലു”ളള സൗമ്യതയാണ് കേരളാ കോൺഗ്രസ് – ജെ ചെയർമാൻ പി ജെ ജോസഫിൻ്റെ സവിശേഷത.

എന്തിനേറെ, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെവരെ നന്നായി തൊട്ടുതലോടുന്ന മനോരമ ജോസ് കെ മാണിയെ ഉൾപ്പെടെ വല്ലാതെ തോണ്ടുകയാണ്. “ഇടതുബന്ധത്തിന് മുൻകയ്യെടുത്ത സാഹസികത”യിലാണ് കേരളാ കോൺഗ്രസ് എം നേതാവിനോടുള്ള അസഹിഷ്ണുത.

വാഴ്ത്താനും വീഴ്ത്താനും പ്രയോഗിക്കുന്ന വാക്കുകളിൽപോലും മിതത്വം പാലിക്കാത്ത പക്ഷപാതിത്വമാണ് മനോരമയുടെ ഓരോ കുറിപ്പിലും പ്രകടമാവുന്നത്. “മൂന്നും കൽപിച്ച്!” എന്ന ബാനർ തലക്കെട്ടിന് ചുവടെയുള്ള വിശകലനത്തിലുമുണ്ട് ആദ്യന്തം ഇത്തരം ചില അഭ്യാസങ്ങൾ. “മണ്ഡലങ്ങളുടെ സ്റ്റാർ റേറ്റിങ്ങി “ന് ചുവടെയാകട്ടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ യു ഡി എഫ് നേട്ടമാണ് നിരത്തിയിരിക്കുന്നത്. മൂന്നുമാസംമുമ്പ് നടന്ന തദ്ദേശ ഭരണ സമിതി തെരഞ്ഞെടുപ്പിലെ എൽ ഡി എഫ് മുന്നേറ്റം കരുതിക്കൂട്ടി മറച്ചുവെക്കുകയാണ്.

ജില്ലാ പഞ്ചായത്ത് – നഗരസഭാ ഡിവിഷനുകളിലെ വോട്ടുനില നോക്കിയാൽ 98 നിയമസഭാ മണ്ഡലങ്ങളിൽ യു ഡി എഫ് പിറകിലാണ്. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് ഒരു നിയമസഭാ മണ്ഡല പരിധിയിൽ വരിക. തികച്ചും രാഷ്ട്രീയ പരിഗണനയിൽ വോട്ട് ചെയ്യുന്ന മത്സരമാണ് ജില്ലാ പഞ്ചായത്തിലേക്കുള്ളത്. ഇടതുപക്ഷത്തിന് അനുകൂലമായ ഇത്തരം വസ്തുതകൾ മറച്ചുവെക്കാനാണ് മനോരമയുടെ ശ്രമം.