– കെ വി –
“പിന്മാറ്റം” – മുഖ്യധാരാ പത്രങ്ങളിൽ മിക്കതിലും വ്യാഴാഴ്ചത്തെ മത്തങ്ങാത്തലക്കെട്ടാണിത്. ശബരിമല – പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അവയ്ക്ക് അത്ര ഇഷ്ടമായ മട്ടില്ല. സമുദായ സംഘടനകൾ ഉന്നയിച്ചുപോന്ന ഈ ആവശ്യം അംഗീകരിക്കില്ലെന്നായിരുന്നു മാധ്യമധാരണ. അങ്ങനെ ഒരു ഇടച്ചിലും പ്രതീക്ഷിച്ചതാണ്. പക്ഷേ, കണക്കുകൂട്ടൽ തെറ്റിച്ചുകളഞ്ഞു. അതിലാണ് ചില്ലറ നൈരാശ്യം.
സംഘർഷവേളകളിൽ കേസെടുക്കലും തൽസ്ഥിതിയിൽ അയവ് വരുമ്പോൾ കേസിൽ ഇളവ് നൽകലുമൊന്നും സംസ്ഥാനത്ത് ഇതാദ്യമല്ല. മുമ്പും ഒട്ടേറെ സമരങ്ങളിൽ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇനി അഥവാ ആദ്യമാണെന്നിരിക്കട്ടെ. നല്ല കാര്യമാണെങ്കിൽ അതിലെന്തിനാ അതൃപ്തി പ്രകടിപ്പിക്കുന്നത് …?
ആഴക്കടൽ മീൻപിടുത്ത നയത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കണിശതയുള്ള ഇടപെടലുകളിലൂടെ സർക്കാർ വ്യക്തമാക്കിയതും ചില മാധ്യമങ്ങൾക്ക് രസിച്ചിട്ടില്ല. വിവാദ ധാരണാപത്രം ഒപ്പിടലും അനുബന്ധ നടപടികളുമെല്ലാം പൂർണമായി റദ്ദാക്കിയിട്ടും സംശയത്തിൻ്റെ പുകമറ സൃഷ്ടിക്കുകയാണ്.
ഏത് വിഷയത്തിൽ എന്ത് വമർശനമുയർന്നാലും “മനസ്സാക്ഷിയുടെ കോടതി”യിൽ ശരിയായാൽ മതിയെ ന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുക. ഇവിടെ ഏത് പ്രശ്നത്തിലായാലും ജനവികാരം മാനിച്ചാണ് എൽ ഡി എഫ് നിലപാട് സ്വീകരിക്കുന്നത്. യുക്തിക്ക് നിരക്കാത്ത പിടിവാശി ഒരു കാര്യത്തിലുമില്ല.
ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ, സമരത്തിലുന്നയിക്കുന്ന ആവശ്യത്തിലെ ന്യായാന്യായങ്ങൾ നോക്കിയല്ല പൊലീസ് കേസ് ചുമത്തുന്നത്. അതത് സന്ദർഭത്തിൽ മുകളിൽനിന്ന് കല്പന കൈമാറുന്ന രീതിയുമില്ല.
ചുമതലയുള്ള പൊലീസ് അധികാരികൾ ചെയ്യുന്ന കാര്യങ്ങൾക്ക് സർക്കാർ ഉത്തരവാദിത്തമേൽക്കാറുണ്ടെന്നത് ശരിതന്നെ. അങ്ങനെ ചുമത്തപ്പെടുന്ന കേസുകൾ തുടർന്നുകൊണ്ടുപോകേണ്ടതുണ്ടോ വേണ്ടയോ എന്ന് മാറിയ സാഹചര്യത്തിൽ സർക്കാരിന് തീരുമാനിക്കാം. അത്രയേ ശബരിമല സ്ത്രീപ്രവേശ – പൗരത്വ ഭേദഗതി ബിൽ പ്രതിഷേധ കേസുകളിലുമുണ്ടായിട്ടുള്ളൂ.
സർക്കാർ ആദ്യതീരുമാനങ്ങളിൽ ചിലതിൽ മാറ്റം വരുത്തിയതിൻ്റെ പട്ടികതന്നെ പടച്ച്, യു ഡി എഫി ൻ്റെ വളർത്തുമുത്തശ്ശി മലയാള മനോരമ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പ്രധാനമായി കാണിച്ച ഒന്ന് , നവമാധ്യമങ്ങളുടെ അതിരുവിട്ട പോക്ക് നിയന്ത്രിക്കാനുള്ള ഓർഡിനൻസ് പിൻവലിച്ചതാണ്. പൊലീസ് ആക്ടിലെ നിർദിഷ്ട ചട്ടഭേദഗതി തികച്ചും സദുദ്ദേശ്യത്തോടെയായിരുന്നു സർക്കാർ അവതരിപ്പിച്ചത്. പക്ഷേ, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിൽ ആ നിയമം അധികൃതർ ദുരുപയോഗപ്പെടുത്തിയേക്കാമെന്ന് പ്രമുഖർ പലരും ആശങ്ക പങ്കുവെച്ചു. അത് മാനിച്ച് ഓർഡിനൻസ് ഉപേക്ഷിച്ചത് തികച്ചും ജനാധിപത്യപരമായ സമീപനമല്ലേ. അതിലെന്തിനാണ് പിന്നെയും വിമ്മിട്ടം കൂട്ടരേ…
കുത്തിത്തിരിപ്പിൻ്റെ മറ്റൊരു വാർത്ത കണ്ടിരുന്നില്ലേ , ഇതേ മാധ്യമങ്ങളിൽ രണ്ടു ദിവസംമുമ്പ്. ” ആരാധനാലയങ്ങൾ നിർമിക്കുന്നതിന് തദ്ദേശഭരണ സ്ഥാപന നിയന്ത്രണം ” എന്നതായിരുന്നു അതിൻ്റെ തലക്കെട്ട്. എന്നാൽ യാഥാർത്ഥ്യമെന്താണ് – ഇതേവരെ ആരാധനാലയ പ്രവൃത്തികൾക്ക് ജില്ലാ അധികാരികളിൽനിന്ന് അനുമതി വാങ്ങേണ്ടിയിരുന്നു . അത് കൂടുതൽ ഉദാരമാക്കി പഞ്ചായത്ത് – നഗരസഭാ ഉത്തരവാദിത്ത പരിധിയിലേക്ക് മാറ്റുകയാണ് ചെയ്തത്. വിശ്വാസികൾക്ക് താല്പര്യമുള്ള ആ നല്ല ഉത്തരവിനെയും ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം…! അല്ലാതെന്ത് പറയാൻ ഇതിനൊക്കെ…