ചെന്നിത്തല പൂശിയ രാഹുൽ നാവ് ; ബി ജെ പിയെപ്പറ്റി മിണ്ടാട്ടമില്ല

0
95

– കെ വി –

എഴുതിക്കൊടുക്കുന്ന വാചകങ്ങൾ കാണാപ്പാഠമാക്കി പറയലാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. കോൺ‌ഗ്രസ്സിൻ്റെ ദേശീയ ഉപാധ്യക്ഷനുള്ള കാര്യപ്രാപ്തിയും കഴിവുകേടും നന്നായി ബോധ്യമുള്ള സഹപ്രവർത്തകനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടുതന്നെയാണ് തൻ്റെ നാവിനുപോലും വഴങ്ങാത്ത വിവരക്കേടുകൾ രാഹുലിൻ്റെ പ്രസംഗമാക്കി മാറ്റുന്നതിൽ ചെന്നിത്തലയ്ക്ക് വിജയിക്കാനായതും. അർത്ഥമോ ആശയ മോ എന്തുമാവട്ടെ, മകരാദി വാർത്താമാധ്യമങ്ങൾക്ക് രാഹുലിൻ്റെ ഇടതുവിരുദ്ധ വാക്കുകൾ അമൃതതുല്യമാവുമെന്നും ചെന്നിത്തലയ്ക്ക് അറിയാമല്ലോ.

കോൺഗ്രസ് ദേശീയനേതാവിൻ്റെ, ജവഹർലാൽ നെഹ്റുവിൻ്റെ തറവാട്ടു മഹിമയുള്ള ഒരാളിൻ്റെ നാവിൽനിന്ന് വന്നുകൂടാത്ത ജല്പനങ്ങളാണ് രാഹുലിൻ്റെ ചൊവ്വാഴ്ചത്തെ തിരുവനന്തപുരം പ്രസംഗം. സാദാ യൂനിറ്റ് ഭാരവാഹിയായ യൂത്ത് കോൺഗ്രസ്സുകാരൻ്റെ കവലപ്രസംഗംപോലും ഇത്രയും തരംതാഴാറില്ല. ” ഇടതു കൊടി പിടിച്ചാൽ… ” ആകാവുന്ന ചില കാര്യങ്ങളെക്കുറിച്ച് വല്ലാതെ വാചാലനായ രാഹുൽ താൻ നിൽക്കുന്ന വേദി കേരളത്തിലാണെന്നെങ്കിലും ഓർക്കണമായിരുന്നു. അതിരുവിട്ട അതിശയോക്തി പ്രയോഗങ്ങൾ ഈ രാഷ്ട്രീയപ്രബുദ്ധ മണ്ണിൽ കേൾക്കുന്നവരിൽ പുഛമേ വളർത്തുകയുള്ളൂ. ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ ചില അവതാരങ്ങൾ താവളമാക്കിയ ഓർമയിൽ നിലവിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ രാഹുൽ ഇകഴ്ത്തരുതായിരുന്നു. കമ്യൂണിസ്റ്റുകാർക്ക് സർക്കാർ ജോലി കിട്ടുന്നത് തടയാൻ തൻ്റെ പൂർവികർ നടപ്പാക്കിയതുപോലുള്ള പൊലീസ് വെരിഫിക്കേഷൻ സമ്പ്രദായം പുതിയ കാലത്ത് സാധ്യമാവുന്നതല്ലെന്നതും ആലോചിക്കണമായിരുന്നു.

ബി ജെ പി ക്കെതിരെ വല്ലതും രാഹുൽ പറയുന്നത് ഒഴിവാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം മുൻകരുതലെടുത്തിരുന്നു. പ്രസംഗം തയ്യാറാക്കിക്കൊടുത്തപ്പോഴും അക്കാര്യത്തിൽ നല്ല ജാഗ്രത പുലർത്തി. മൂന്നുമാസംമുമ്പ് വയനാട്ടിൽ വന്നപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളെ ബി ജെ പി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെ രാഹുൽ വിമർശിച്ചിരുന്നു. തനിക്കും അമ്മയ്ക്കും സഹോദരീ ഭർത്താവിനും നേരിടേണ്ടിവന്ന അനുഭവങ്ങളും അന്ന് സൂചിപ്പിക്കുകയുണ്ടായി. എന്നാൽ ഇപ്രാവശ്യത്തെ സന്ദർശനത്തിൽ പഴയ നിലപാട് കേരളത്തിൻ്റെ കാര്യത്തിൽ അദ്ദേഹം തിരുത്തിയിരിക്കയാണ്. ഇവിടെ തിരുവനന്തപുരത്തെ സ്വർണക്കടത്തു കേസിൽ തെളിവൊന്നും കണ്ടെത്താനാവാതെ അന്വേഷണം ഇഴയുന്നു എന്നാണ് ഇപ്പോൾ പരാതി. അതിൻ്റെ പിന്നിൽ ചില ഒത്തു കളിയുണ്ടെന്ന സൂചനയും രാഹുലിൻ്റെ വാക്കുകളിൽ കാണാം. ബി ജെ പി ക്ക് തൻ്റെ സ്വന്തം അനുചരന്മാരെവരെ ചാക്കിലാക്കാൻ സകല സൗകര്യങ്ങളും ചെയ്ത് കോൺഗ്രസ് ദേശീയ നേതൃനിരയിൽ നിസ്സംഗനായിരിക്കുന്ന വൈസ് പ്രസിഡൻ്റിൻ്റെ കണ്ടുപിടിത്തം കേമംതന്നെ – കേന്ദ്ര ഭരണക്കാർ സംസ്ഥാന സർക്കാരിനെ കേസിൽ സഹായിക്കുകയാണെന്നാണ് ആക്ഷേപം…!

ദക്ഷിണേന്ത്യയിലെ കോൺഗ്രസിൻ്റെ അവസാനഞ്ഞ സംസ്ഥാനഭരണവും അട്ടിമറിച്ചതിൻ്റെ ജാജ്യത്തിനിടെയാണ് രാഹുൽ തിരുവനന്തപുരത്ത് എത്തിയത്. എന്നിട്ടും ബി ജെ പി ക്കെതിരെ ശക്തമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. പുതുച്ചേരിയിൽ ഒറ്റ എം എൽ എ യെയും തെരഞ്ഞെടുപ്പിലൂടെ നേടാനാവാത്ത പാർട്ടിയാണ് ബി ജെ പി . ലെഫ്റ്റ്നൻ്റ് ഗവർണറെക്കൊണ്ട് മൂന്നുപേരെ വഴിവിട്ട് നാമനിർദേശം ചെയ്യിച്ചാണ് അവർ നിയമസഭയിൽ സാന്നിധ്യം കാണിച്ചത്. 15 എം എൽ എ മാർ തുടക്കത്തിലേ ഒപ്പമുണ്ടായിരുന്ന കോൺഗ്രസിലെ ആറു പേരെ കേന്ദ്രഭരണകക്ഷി പല പ്രലോഭനങ്ങളിലൂടെയും വശത്താക്കുകയാണ് ചെയ്തത്. മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് നമശിവായവും മറ്റൊരു എം എൽ എ യും കൂറുമാറിയതോടെയായിരുന്നു ആ ഒഴുക്കിൻ്റെ തുടക്കം. ഒരു മാസത്തിനിടെ ആറു പേർ അപ്പുറത്തെത്തിയതോടെ വി നാരായണസ്വാമി മന്ത്രിസഭ ഭൂരിപക്ഷം നഷ്ടപ്പെട്ട് നിലംപൊത്തുകയായിരുന്നു. താനുൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളുടെ പിടിപ്പുകേടാണ് ഈ പതനത്തിന് കാരണമെന്ന് മനസ്സിലാക്കാനുള്ള രാഷ്ട്രീയവിവേകമൊന്നും രാഹുലിൽനിന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. എന്നിട്ടുവേണ്ടേ അതു സംബന്ധിച്ച അഭിപ്രായപ്രകടനം…!

കേരളത്തിന് പുറത്ത് ഒരിടത്തും പത്തുപേരെ ഒരുമിച്ച് വിളിച്ചുകൂട്ടാനുള്ള സംഘടനാ പരിചയം ഇല്ലാത്ത നേതാവാണ് രാഹുൽ. അതുകൊണ്ടാണല്ലോ ഡെൽഹിയിലെ കർഷകസമരത്തെ പിന്തുണച്ച് ട്രാക്ടർ റാലി നടത്താൻ ഉത്തരേന്ത്യ വിട്ട് വയനാട്ടിലെ കൽപ്പറ്റയിലെത്തിയത്. ജനിച്ചുവളർന്ന പ്രദേശത്തൊന്നും മത്സരിച്ചുജയിക്കാൻ തക്ക ജനപിന്തുണ ഇല്ലാഞ്ഞിട്ടാണല്ലോ ലോക്സഭയിൽ സീറ്റുറപ്പിക്കാൻ ഇവിടെയെത്തിയതും . ചെന്നിത്തലയല്ല, കേരളത്തിലെ ഏത് കോൺഗ്രസ് നേതാവ് പറയുന്നതും രാഹുൽ അപ്പടി അനുസരിക്കണമല്ലോ.