‘മൂപ്പര് വിജയിക്കണം, മികച്ച ഭരണം’; പിണറായി വീണ്ടും അധികാരത്തിലെത്തണമെന്ന് കമല്‍ഹാസന്‍

0
131

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് മക്കള്‍നീതിമയ്യം പ്രസിഡന്റും നടനും സംവിധായകനുമായ കമല്‍ഹാസന്‍. മികച്ച ഭരണമാണ് പിണറായിയുടേതെന്നും അത് തുടരട്ടേയെന്നുമാണ് കമല്‍ പറഞ്ഞത്. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഏത് മണ്ഡലമാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹത്തെ കണ്ടത് സുഹൃത്തെന്ന നിലയിലാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസന്റെ വാക്കുകള്‍: ”പിണറായി വിജയന്‍ സര്‍ക്കാര്‍ വരണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൂപ്പര് വിജയിക്കണം. നല്ല ഭരണമാണ് അദ്ദേഹത്തിന്റേത്. അത് തുടരട്ടേ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കും. എവിടെയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമ്പോള്‍ പ്രഖ്യപാനമുണ്ടാകും. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞു കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തെ കണ്ടത് സുഹൃത്തെന്ന നിലയിലാണ്.”

ചെന്നൈയിലെ മൈലാപൂര്‍, വേളാച്ചേരി എന്നിവിടങ്ങളിലോ കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നോ കമല്‍ മത്സരിക്കുമെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്നാട് തെരഞ്ഞെടുപ്പ് നടക്കുക.