അമേരിക്കന്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ കാലിഫോര്‍ണിയയില്‍ വച്ചാണ് അപകടമുണ്ടായത്. കാലുകളില്‍ നിരവധി ഒടിവുകൾ സംഭവിച്ചതിനാൽ താരത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഗുരുതര പരിക്കുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോർട്ടുകൾ.
ടൈഗര്‍ വുഡ്‌സിന്റെ കാർ കുന്നിന്‍ ചരിവില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയെത്തിയാണ് വാഹനത്തില്‍ നിന്നും ടൈഗറിനെ പുറത്തെടുത്തത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
പസഫിക് പാലിസേഡിലെ ജെനിസിസ് ഇന്‍വിറ്റേഷണല്‍ ഗോള്‍ഫ് ടൂര്‍ണമെന്റിനായി എത്തിയതായിരുന്നു 45-കാരനായ വുഡ്‌സ്. 2020 ഡിസംബറിലാണ് താരം അവസാനമായി ലോക ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ലോക ഗോള്‍ഫ് ചാംമ്പ്യന്‍ഷിപ്പുകളില്‍ 15 പ്രധാന കിരീടങ്ങള്‍ വുഡ്‌സിന്റെ പേരിലുണ്ട്.