സർവീസ്‌ പെൻഷൻകാർക്ക്‌ പ്രതിമാസം 1000 രൂപ അധികം ; പരിഷ്‌കരിച്ച പെൻഷനും കുടിശ്ശികയും ഏപ്രിൽ ഒന്നുമുതൽ ; സർക്കാർ ഉത്തരവിറങ്ങി

0
65

പെൻഷൻ പരിഷ്‌കരണം നടപ്പാക്കി സർക്കാർ ഉത്തരവിറങ്ങി. പരിഷ്‌കരിച്ച പെൻഷനും കുടിശ്ശികയും ഏപ്രിൽ ഒന്നുമുതൽ ലഭിക്കും. എൺപതു കഴിഞ്ഞ സർവീസ്‌ പെൻഷൻകാർക്ക്‌ പ്രതിമാസ പെൻഷനിൽ 1000 രൂപ അധികം ലഭിക്കും.

‘സ്‌പെഷ്യൽ കെയർ അലവൻസി’ന്‌ ഏപ്രിൽ ഒന്നുമുതൽ ‌ പ്രാബല്യമുണ്ടാകും. സർവീസ്, കുടുംബ, പാർട്‌ ടൈം, പാർട്‌ ടൈം ഫാമിലി, എക്‌സ്‌ഗ്രേഷ്യ, എക്‌സ്ഗ്രേഷ്യ ഫാമിലി എന്നീ പെൻഷൻ വിഭാഗങ്ങൾക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

പ്രതിമാസം 191 കോടി രൂപയുടെ അധിക ആനുകൂല്യമാണ്‌ പെൻഷൻകാർക്ക്‌ എൽഡിഎഫ്‌ സർക്കാർ ലഭ്യമാക്കുന്നത്‌. ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ പെൻഷൻ ലഭിക്കും.

ഏപ്രിൽ, മെയ്‌, ആഗസ്‌ത്‌, നവംബർ എന്നിങ്ങനെ നാലു ഗഡുക്കളായി ഈ വർഷംതന്നെ മുഴുവൻ കുടിശ്ശികയും ലഭിക്കും. ആദ്യഗഡു വിതരണം ഏപ്രിൽ ഒന്നുമുതൽ. കുടിശ്ശികയായി‌ 3628 കോടിയാണ്‌ വിതരണം ചെയ്യുക.

പരിഷ്‌കരിച്ച പെൻഷനും ശമ്പള പരിഷ്‌കരണത്തിനും 2019 ജൂലൈ ഒന്നുമുതൽ മുൻകാല‌ പ്രാബല്യമുണ്ട്‌. നിലവിലെ രീതിയിൽ 30 വർഷത്തെ സേവനകാലത്തിന് മുഴുവൻ പെൻഷനും പത്തുവർഷത്തെ യോഗ്യതാ സേവനകാലത്തിന്‌ ഏറ്റവും കുറഞ്ഞ പെൻഷനും നൽകുന്നത് തുടരും. കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയായും കൂടിയത്‌ 83,400 രൂപയായും ഉയർത്തി.

കുറഞ്ഞ അടിസ്ഥാന കുടുംബ പെൻഷൻ 11,500 രൂപയാണ്‌. കൂടിയത്‌ (സാധാരണ നിരക്ക്) 50,040 രൂപയാക്കി ഉയർത്തി. പാർട്‌ ടൈം കണ്ടിൻജന്റ്‌ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 5780 രൂപയായും കൂടിയത്‌ 11,485 രൂപയായും നിശ്ചയിച്ചു.
ശമ്പള പരിഷ്‌കരണത്തിന്റെ അതേ നിരക്കിലാണ്‌ പെൻഷൻ പരിഷ്‌കരണവും.

നിലവിലെ അടിസ്ഥാന പെൻഷനെ 1.38 കൊണ്ട് ഗുണിക്കുമ്പോഴുള്ള തുകയാണ്‌ പുതിയ പെൻഷൻ. പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് പ്രതിമാസം 300ൽനിന്ന്‌ 500 രൂപയാക്കി‌. മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതുവരെ ഇത്‌ തുടരും. വിരമിക്കൽ ഗ്രാറ്റ്യുവിറ്റി പരിധി 14 ലക്ഷത്തിൽനിന്ന്‌ 17 ലക്ഷമാക്കി.