കുവൈത്ത് അതിര്‍ത്തികള്‍ വീണ്ടും അടച്ചു; നാളെ മുതല്‍ പ്രവേശനമില്ല

0
75

കുവൈത്ത് വീണ്ടും അതിര്‍ത്തികള്‍ അടക്കുന്നു. ബുധനാഴ്ച മുതല്‍ മാര്‍ച്ച് 20 വരെ റോഡ് മാര്‍ഗവും തുറമുഖം വഴിയും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ല. കപ്പല്‍ വഴിയുള്ള വ്യാപാരത്തെയും ന്യൂട്രല്‍ സോണിലെ തൊഴിലാളികളെയും വിലക്കില്‍ നിന്ന് ഒഴിവാക്കി.

പൗരന്‍മാര്‍ക്കും അവരെ അനുഗമിക്കുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും കുവൈത്തിലേക്ക് തിരിച്ചുവരാന്‍ അനുമതിയുണ്ട്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തയ പ്രവേശന വിലക്ക് ശനിയാഴ്ച അനിശ്ചിതമായി നീട്ടിയിരുന്നു.

തിങ്കളാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ബുധനാഴ്ച മുതല്‍ റസ്റ്ററണ്ടുകളില്‍ ഇരുന്ന് കഴിക്കാനുള്ള അനുമതിയില്ല. ഷോപ്പിങ് മാളുകള്‍ക്കുള്ളിലെ റസ്റ്ററണ്ടുകള്‍ക്കും കഫെകള്‍ക്കും ഉത്തരവ് ബാധകം. നിലവില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാന്‍ വിലക്കുണ്ടായിരുന്നത്. കര്‍ഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ മന്ത്രിസഭ തള്ളി.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുവൈത്ത് അതിര്‍ത്തികള്‍ അടക്കുന്നത്. നേരത്തെ, ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്ന് വരെ കര, നാവിക അതിര്‍ത്തികള്‍ അടച്ചിരുന്നു.