സായംപ്രഭ പദ്ധതിയ്ക്ക് 61.82 ലക്ഷം രൂപ അനുവദിച്ചു

0
64

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയ്ക്ക് 61,82,350 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പകൽ സമയങ്ങളിൽ വയോജനങ്ങൾ നേരിടുന്ന ഒറ്റപ്പെടൽ, വിരസത, സുരക്ഷയില്ലായ്മ തുടങ്ങിയവ മൂലം അവർക്കുണ്ടാകുന്ന ശാരീരികവും മാനസികവും, സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങൾ മുന്നിൽ കണ്ട് അതിന് പരിഹാരമായാണ് സായംപ്രഭ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പകൽ പരിപാലന കേന്ദ്രങ്ങളെ നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമേ കെയർ ഗീവർമാരുടെ സേവനം, പോഷകാഹാരം നൽകൽ, യോഗ, മെഡിറ്റേഷൻ, കൗൺസിലിംഗ്, നിയമ സഹായങ്ങൾ, വിനോദോപാധികൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് സായംപ്രഭാ ഹോമുകൾ ആക്കി മാറ്റിയത്. ഇവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വയോജനങ്ങളുടെ സംരക്ഷണത്തിനായി വലിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിയ വയോമിത്രം പരിപാടികൾക്ക് ദേശിയ വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം ലഭിച്ചിരുന്നു. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികൾ വയോജനങ്ങൾക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്. വയോമിത്രം പദ്ധതി നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും വ്യാപിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ പഞ്ചായത്തുകളിലേക്കാണ് ഈ പദ്ധതി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്.