മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയും ഉണ്ടാകില്ല,സർക്കാരിന്റെ സുവ്യക്തമായ നയം : മുഖ്യമന്ത്രി

0
91

ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ, തദ്ദേശ കുത്തകകളെയോ കമ്പനികളെയോ കേരളതീരത്ത് അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. സർക്കാരിന്റെ സുവ്യക്തമായ നയമാണിത്‌.

സംസ്ഥാന ഫിഷറീസ് നയത്തിൽനിന്ന്‌ വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നൽകില്ല. ഇത് കൃത്യമായ ഉറപ്പാണ്. ഒരിഞ്ച് പിന്നോട്ടുപോകില്ല. സർക്കാർ മത്സ്യത്തൊഴിലാളികൾക്കെതിരാണെന്ന പുകമറ സൃഷ്ടിച്ച് എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം വ്യവസായമന്ത്രിക്ക്‌ ലഭിച്ച നിവേദനത്തിലെ ഉള്ളടക്കം അതേപടി പ്രതിപക്ഷ നേതാവിന്‌ ലഭിച്ചു. ഇതാണ്‌ കരാറെന്ന പേരിൽ പ്രചരിപ്പിക്കുന്നത്‌. ഇതിൽ ദുരൂഹതയുണ്ട്‌. പ്രതിപക്ഷ നേതാവിന്‌ ഈ വിവരങ്ങൾ എങ്ങനെ കിട്ടിയെന്ന്‌ അദ്ദേഹമാണ്‌ വ്യക്തമാക്കേണ്ടത്‌.

മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതിയുണ്ടാക്കാനുമുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. അത് തീരദേശ ജനങ്ങൾ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുമുണ്ട്. കുപ്രചാരണത്തിലൂടെ അവരുടെ മനസ്സ്‌ സർക്കാരിനെതിരെ തിരിക്കാമെന്ന്‌ വ്യാമോഹിക്കേണ്ടാ.
ഏതെങ്കിലും സർക്കാർ, പൊതുമേഖലാ സ്ഥാപനം ധാരണപത്രമുണ്ടാക്കിയാൽ, അത്‌ പിന്നീടാണ്‌ സർക്കാരിന്റെ പരിശോധനയിൽ വരിക. കരാർ ഒപ്പിടുന്ന ഘട്ടമെത്തുമ്പോൾ സർക്കാരിൽ വിഷയമെത്തും.

നയവ്യതിയാനമോ സംസ്ഥാന താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമായ കാര്യങ്ങളോ ഉണ്ടെങ്കിൽ നിരാകരിക്കുകയാണ്‌ രീതി. മത്സ്യമേഖലയിൽ കൃത്യമായി നയം രൂപീകരിച്ച് നടപ്പാക്കുന്ന സർക്കാരാണിത്. വിദേശ ട്രോളറുകൾക്കോ തദ്ദേശീയ കുത്തക യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്താൻ അനുവാദം നൽകില്ലെന്നത് 2019 ജനുവരിയിൽ നടപ്പാക്കിയ ഫിഷറീസ് നയത്തിലെ സുപ്രധാന പ്രഖ്യാപനമാണ്‌.

ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ അവയുടെ പ്രവേശം നടക്കുന്നില്ലെന്ന്‌ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നത്‌ ശക്തമായ നിലപാടാണ്‌. സംസ്ഥാനത്തിന്റെ തീരക്കടലിൽ യന്ത്രവൽക്കൃത മത്സ്യബന്ധന യാനങ്ങൾക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പാക്കും. കാലഹരണപ്പെടുന്ന യാനങ്ങൾക്ക് പകരം പുതിയ യാനങ്ങൾക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുമാത്രം നൽകുമെന്നും നയത്തിൽ ഉറപ്പിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായുള്ള നിലപാടുകളും നയത്തിന്റെ ഭാഗമാക്കി. മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീനിന്റെ വില നിശ്ചയിക്കാനും സ്വതന്ത്രമായി വിൽക്കാനുമുള്ള അവകാശം അവർക്ക് ഉറപ്പുവരുത്തുമെന്ന്‌ പ്രഖ്യാപിച്ചു. നടപ്പാക്കുകയും ചെയ്തു. ഇതെല്ലാം മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിന്റെ നേർചിത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.