കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം

0
92

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

കനിവ് 108 ആംബുലൻസിൽ നടക്കുന്ന കോവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ പ്രസവമാണിത്. ഇതിന് മുമ്പ് കാസർഗോഡും, മലപ്പുറത്തും ഇത്തരത്തിൽ കോവിഡ് ബാധിതർ 108 ആംബുലൻസിനുള്ളിൽ പ്രസവിച്ചിരുന്നു. തക്ക സമയത്ത് ഇടപെട്ട് വിദഗ്ധ ചികിത്സ നൽകി അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ച കനിവ് 108 ആംബുലൻസിലെ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.

ഞായാറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് അഡ്മിറ്റായ യുവതിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഇവർക്ക് രോഗബാധ ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.

കണ്ട്രോൾ റൂമിൽ നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ഏലംകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആർ. വിനീത്, പൈലറ്റ് സി.പി. മനു മോഹൻ എന്നിവർ പെരിന്തൽമണ്ണയിലെത്തി യുവതിയെ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുകയും ചെയ്തു.

തുടർന്ന് വിനീത് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി അതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 9 മണിയോടെ വിനീതിന്റെ പരിചരണത്തിൽ യുവതി ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.