മഹാരാഷ്ട്രയിൽ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ അപകടകാരിയാൻ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. നിലവിൽ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിൽനിന്ന് മോചനം വേണമെങ്കിൽ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. കൂടുതൽ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാൽ ഇത് അസാധ്യമായിരിക്കും. പുതിയ വൈറസ് വകഭേദങ്ങൾക്ക് പ്രതിരോധ ശേഷി നേടിയ ആളിൽ വീണ്ടും രോഗബാധയുണ്ടാക്കാൻ സാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിന് വാക്‌സിനുകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന കാര്യം വരും മാസങ്ങളിൽ രോഗബാധയുടെ സ്വഭാവം നോക്കിയേ നിശ്ചയിക്കാനാകൂ എന്നും ഗുലേറിയ പറഞ്ഞു.