അഴിമതിമുക്ത മേനി പറച്ചിൽ: മെട്രോമാൻ്റെ തിരുമനസ്സറിയാൻ

0
33

കെ വി

രാജ്യസുരക്ഷയ്ക്കുള്ള ആയുധ ഇടപാടിൽ കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ
പിടിക്കപ്പെട്ട ഒരേയൊരു രാഷ്ട്രീയ പാർട്ടി നേതാവേയുള്ളൂ ഇന്ത്യയിൽ- അദ്ദേഹമാണ് ബംഗാരു ലക്ഷ്മൺ. ബി ജെ പിയുടെ ദേശീയ അധ്യക്ഷനായിരുന്ന മാന്യദേഹം . പരമശുദ്ധനെന്ന പേരുള്ള അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായി വാഴുമ്പോൾ കേന്ദ്രഭരണകക്ഷിയുടെ അമരത്തിരുന്നുകൊണ്ട് നടത്തിയ കച്ചവടത്തിലാണ് ഒരിക്കൽ അക്കിടി പറ്റിയത്. എന്നിട്ടും ഒരു കടുത്ത നടപടിയും പൂജനീയ മുഖ്യ ഭാരവാഹിക്കെതിരെ പാർട്ടി സ്വീകരിച്ചിരുന്നില്ല. പ്രസിഡൻ്റിനെ അധികം വൈകാതെ മാറ്റി പ്രശ്നം ഒതുക്കുകയായിരുന്നു. അതും അന്നത്തെ ആയുധവ്യാപാരത്തിൻ്റെ പിന്നാമ്പുറത്തെ അവിഹിതങ്ങൾ തെഹൽക എന്ന വാർത്താമാധ്യമം തോണ്ടി പുറത്തിട്ടശേഷം മാത്രം. അത് പഴയ കഥ. നരേന്ദ്രമോദി ഭരണത്തിലെതന്നെ മുഴുത്ത അഴിമതികൾ എത്രയെത്ര…!

ആയിരക്കണക്കിനു കോടിരൂപയാണ് റഫേൽ യുദ്ധവിമാന ഇടപാടിലെ കോഴ മുതൽ ഇലക്ട്രറൽ ബോണ്ടും പി എം കെയേഴ്സ് ഫണ്ടും വരെയുള്ള വളഞ്ഞ വഴികളിൽ ബി ജെ പി ചോർത്തിയെടുത്തത്. എം എൽ എ മാരെയും എം പിമാരെയും കോൺഗ്രസ് നേതാക്കളെയും ചാക്കിട്ടുപിടിച്ച് പല സംസ്ഥാനങ്ങളിലും ഭരണം അട്ടിമറിക്കാൻ ചെലവഴിക്കുന്നത് ഈ പണമാണല്ലോ. ഇതെല്ലാം കേന്ദ്രഭരണകക്ഷിക്ക് അവകാശപ്പെട്ടതാണെന്നാവാം രാഷ്ട്രീയത്തിൽ വകതിരിവില്ലാത്ത ശുദ്ധമനുഷ്യൻ്റെ ധാരണ. അതിനാൽ അഴിമതിയുടെ കാര്യം വിടാം.

എന്നാൽ, ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും ഭീതിദമായ ഭീഷണി വർഗീയ ധ്രുവീകരണ രാഷ്ട്രീയമാണെന്ന് തിരിച്ചറിയാനാവാത്ത പണ്ഡിതമൂഢത്വം അത്ര നിഷ്കളങ്കമാണോ…? മതവിദ്വേഷം ആളിക്കത്തിച്ച് ഹിന്ദുത്വ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാൻ കുറുക്കുവഴികൾ തേടുന്ന സംഘപരിവാറിന് മുമ്പിൽ മുട്ടിലിഴയുന്നത് അല്പമെങ്കിലും പൊതുബോധമുള്ളവർക്ക് യോജിച്ചതാണോ..? രാജ്യത്തെ ജനങ്ങളെ മതത്തിൻ്റെ പേരിൽ രണ്ട് തട്ടിലാക്കി തിരിക്കുന്ന ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവരോട് ഇ ശ്രീധരൻ കടുത്ത അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു. വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദത്തിലും തനി യാഥാസ്ഥിതിക കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചിരുന്നത്. എന്നാലും അംബാനി – അദാനിമാർക്കുവേണ്ടി കാർഷികരംഗവും പൊതുമേഖലാ സംരംഭങ്ങളും യഥേഷ്ടം പതിച്ചുകൊടുക്കുന്ന ഇക്കാലത്ത് അതിന് ഓശാനപാടുന്നവക്കൊപ്പം ചേരാൻ ചെറിയ ചിന്താ പാപ്പരത്തം പോരാ. നാടിനെ തീറ്റിപ്പോറ്റാൻ പാടുപെടുന്ന കർഷക ജനകോടികളുടെ നിലനിലനില്പിനായുള്ള പോരാട്ടത്തെ അടിച്ചമർത്തുന്ന മോദിവാഴ്ചയ്ക്ക് സ്തുതിപാടാനുള്ള മനക്കട്ടിയും അപാരംതന്നെ.

എൺപത്തൊൻപതാം വയസ്സിൽ സംഘപരിവാറിൻ്റെ ഹിന്ദുത്വയിൽ ചേർന്ന് സജീവരാഷ്ട്രീയത്തിലേക്ക് കച്ചകെട്ടി ചാടുന്ന എൻജിനിയറിങ് വിദഗ്ധന് മോഹങ്ങൾ പെരുത്തുണ്ടത്രെ. കേരളത്തിൻ്റെ മുഖ്യമന്ത്രിയാകാൻ വരെയുള്ള ഉദാരമനസ്കത കാണിക്കുന്ന ശ്രീധരൻ സർ ഇത്രയും പ്രായം വരെ അറച്ചുനിന്നത് നമുക്ക് കനത്ത നഷ്ടംതന്നെയാണ്.
എന്തായാലും ബി ജെ പി ക്ക് സംസ്ഥാനത്ത് വലയിലാക്കാൻ കഴിഞ്ഞ വമ്പൻ സ്രാവുതന്നെയാണ് മെട്രോമാൻ. പക്ഷേ, രാഷ്ട്രീയത്തിൽ തുരങ്കം തീർക്കലിലെയും പാലം പണിയിലെയും മികവ് അത്രകണ്ട് ഫലം ചെയ്യണമെന്നില്ല. തങ്ങളുടേതായ മേഖലകളിൽ ഏതാണ്ട് ഇ ശ്രീധരനോളം തലപ്പൊക്കമുണ്ടായിരുന്ന മറ്റു ചില പ്രമുഖരുടെ പതനമുണ്ട് മുതിർന്ന തലമുറക്കാരുടെ ഓർമകളിൽ .രാഷ്ട്രത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലിരുന്ന ടി എൻ ശേഷൻ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്ന് ചെയ്ത സംഭാവനകൾ ശ്രേഷ്ഠമാണ്. എന്നാൽ ഒടുവിൽ അദ്ദേഹം ബാൽ താക്കറേയുടെ ശിവസേനാ പിന്തുണയോടെ രഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു ; നാണംകെട്ടത് മിച്ചം.

ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യു ഡി എഫിൻ്റെയും ബി ജെ പിയുടെയും പൊതുസ്ഥാനാർത്ഥിയായി 1991 ൽ ഡോ. വി കെ മാധവൻ കുട്ടി മത്സരിച്ചിരുന്നു. മലബാറിലെ ആദ്യത്തെ ഡിക്കൽ കോളേജിൻ്റെ പ്രിൻസിപ്പലായിരുന്നു വർഷങ്ങളോളം അദ്ദേഹം . ഒന്നാം തരം ഭിഷഗ്വരൻ. നിരവധി പേർക്ക് രോഗമുക്തി കൊടുത്ത് സൽപ്പേരും സമ്പാദിച്ചു. പക്ഷേ, കളം മാറി കളിച്ചപ്പോൾ ബേപ്പൂരിലെ പ്രബുദ്ധരായ വോട്ടർമാർ അദ്ദേഹത്തിന് നല്ല ഷോക്ക് ചികിത്സ നൽകി.

വടകര ലോക്സഭാ മണ്ഡലത്തിൽ കോ-ലീ- ബി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. എം രത്നസിങ്ങും ചില്ലറക്കാരനായിരുന്നില്ല. സംസ്ഥാനത്തിൻ്റെ അഡ്വക്കറ്റ് ജനറൽ വരെയായി ഉയർന്ന കിടയറ്റ ക്രിമിനൽ അഭിഭാഷകനായിരുന്നു. കേളികേട്ട പല കേസുകളും വാദിച്ച് ജയിച്ചതുമാണ്. പക്ഷേ, വടകരയുടെ ജനവിധി അദ്ദേഹത്തെ മുട്ടുകുത്തിച്ചുകളഞ്ഞു.

മനക്കോട്ട കെട്ടുന്നതിലും മുൻ നിരക്കാരനാണെന്ന് ഇതിനകം തെളിയിച്ച മെട്രോമാൻ ശ്രീധരൻ ഇത്രയെങ്കിലും മറക്കാതിക്കുന്നത് നന്നാവും.