മിനിമം താങ്ങുവില : മാതൃകാ ബില്ലൊരുക്കി കിസാന്‍സഭ

0
101

മിനിമം താങ്ങുവില കർഷക അവകാശമാക്കി മാറ്റുന്ന നിയമനിർമാണം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച്‌ കേന്ദ്രസർക്കാർ നടപ്പാക്കണമെന്ന്‌ കിസാൻസഭ. മിനിമം താങ്ങുവില നിയമപരമാക്കിയുള്ള മാതൃകാ ബില്‍  കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ദാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പുറത്തുവിട്ടു. മാതൃകാ ബില്‍‌ കേന്ദ്രത്തിന്‌ സമർപ്പിക്കും.

സ്വാമിനാഥൻ കമീഷൻ നിർദേശിച്ചപോലെ ആകെ കൃഷി ചെലവിന്റെ അമ്പതുശതമാനം അധികം (സി2+50ശതമാനം) എന്ന തോതിലായിരിക്കണം മിനിമം താങ്ങുവില. കേന്ദ്രം താങ്ങുവില കണക്കാക്കുന്നത്‌‌ എല്ലാ കൃഷിചെലവും കണക്കാക്കിയല്ല. രണ്ടു താങ്ങുവിലയും തമ്മില്‍ 20 ശതമാനം അന്തരമുണ്ട്. 23 വിളയ്‌ക്ക്‌ താങ്ങുവില പ്രഖ്യാപിക്കാറുണ്ടെങ്കിലും അതേ വിലനല്‍കി സര്‍ക്കാര്‍ പലപ്പോഴും സംഭരിക്കുന്നത് രണ്ട്‌ വിള മാത്രം. എല്ലാം സംഭരിക്കാൻ സാമ്പത്തികശേഷിയില്ലെന്നാണ്‌ പറയുന്നത്‌. ഈ പ്രശ്നം പരിഹരിക്കാന്‍ മാതൃകാ ബില്‍ പുതിയ നിര്‍ദേശം വയ്ക്കുന്നു. ഉല്‍പ്പന്നം സംഭരിക്കുന്ന വ്യവസായസ്ഥാപനങ്ങൾ കൊള്ളലാഭത്തിന്റെ ഒരു വിഹിതം പ്രാഥമിക ഉൽപ്പാദകരായ കർഷകന്‌ നൽകുക. ഇതുവഴി സ്വാമിനാഥൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില ഉറപ്പാക്കാം. ബസ്‌മതി അരിക്ക്‌ കർഷകന്‌ കിട്ടുന്നത്‌ 18–-30 രൂപ, അദാനിയുടെ ഫോർച്യൂൺ സ്‌പെഷ്യൽ ബസ്‌മതി വിൽക്കുന്നത്‌ 208 രൂപയ്‌ക്ക്‌. 700 മുതൽ 2200 രൂപയ്‌ക്ക് വരെ ബസ്‌മതി വിൽക്കപ്പെടുന്നു‌. കാപ്പി കർഷകർക്ക്‌‌ കിട്ടുന്നത്‌  കിലോയ്ക്ക്120–-130 രൂപ, നെസ്‌ലെ കോഫി വില്‍ക്കുന്നത് കിലോയ്‌ക്ക് 12000 രൂപയ്‌ക്ക്‌. കോർപറേറ്റ്‌ കമ്പനികൾ ഇൻസ്‌റ്റന്റ്‌ കോഫി വിൽക്കുന്നത്‌ 3000 രൂപ നിരക്കില്‍.

പ്രാദേശികതലത്തിൽ കാർഷിക സാമൂഹ്യസഹകരണ സ്വയംസഹായ സ്ഥാപനങ്ങൾ രൂപീകരിച്ചും  ബില്ലിൽ വ്യവസ്ഥയുണ്ട്‌. മിനിമംതാങ്ങുവില ഉറപ്പാക്കാൻ  വിലസ്ഥിരതാ നിധിക്കും രൂപം നൽകണം. മിനിമംതാങ്ങുവിലയിൽ കുറഞ്ഞുള്ള സംഭരണം കുറ്റകരമാക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നതായി- നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം കൂട്ടാക്കാത്തതിനാല്‍ പ്രക്ഷോഭം ശക്തമാക്കാന്‍ സംയുക്ത കിസാൻമോർച്ച. ധീരരക്തസാക്ഷി ഭഗത്‌ സിങ്ങിന്റെ അമ്മാവനും ബ്രിട്ടീഷ് ഭരണകാലത്തെ കർഷകസമരനായകനുമായ ചാച്ചാ അജിത് സിങ്ങിന്റെ അനുസ്മരണദിനമായ 23 ന്  സ്വാഭിമാനസംരക്ഷണ ദിനമായി ആചരിക്കും. ട്രാക്ടറുകളിലും വാഹനങ്ങളിലും പച്ചത്തലപ്പാവണിഞ്ഞ്‌ പ്രകടനം നടത്തും.

ഡൽഹി അതിർത്തിയിലെ സമരം കൂടുതൽ ശക്തിപ്പെടുത്തും.  പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്ന്‌ കൂടുതൽ കർഷകർ വരും ദിവസങ്ങളിൽ സമരകേന്ദ്രങ്ങളിലെത്തും. വിളവെടുപ്പിന്‌ കർഷകർ ഗ്രാമങ്ങളിലേക്ക്‌ മടങ്ങുന്നത് അതിർത്തികളിലെ സമരത്തെ ബാധിക്കാതിരിക്കാൻ പഞ്ചാബിലും ഹരിയാനയിലും ഇനി കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കില്ലെന്ന് കർഷകനേതാവ് ഗുർണാം സിങ് ചാദുനി അറിയിച്ചു. വിളവെടുപ്പ് ഘട്ടംഘട്ടമായി നടത്തി കർഷകർ സിൻഘുവിലും തിക്രിയിലും എത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍,  മഹാപഞ്ചായത്തുകളുമായി മുന്നോട്ടു പോകാൻ ഭാരതീയ കിസാൻ യൂണിയൻ ടിക്കായത്ത് വിഭാഗം തീരുമാനിച്ചു. തിങ്കളാഴ്ച സോനെപത്തിലും 28ന് യമുനാനഗറിലും പഞ്ചായത്തുകൾ ചേരും.

കർഷക സംരക്ഷകനെന്ന് വിശേഷണമുള്ള ഛത്രപതി ശിവജിയുടെ ജന്മവാർഷിക ദിനത്തിൽ കിസാൻമോർച്ച അഭിവാദ്യമര്‍പ്പിച്ചു.