ഇടതു സർക്കാരിനെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി

0
65

ഇടത് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും പെൻഷനും ജനങ്ങളിൽ നല്ല പ്രതികരണം ഉണ്ടാക്കിയെന്നും ജനങ്ങളുടെ അനുഭവമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടായതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത് ഇടത് പക്ഷം പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

തുടർ ഭരണത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഭരണപക്ഷത്തിനെതിരായ വികാരം കാണുന്നില്ലെന്നും നിരീക്ഷിച്ചു. പിഎസ്‌സി സമരം തിരിച്ചടിയാകില്ലെന്നും ഇതിനേക്കാൾ വലിയ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ എസ്എൻഡിപി നിലപാട് എടുത്തിട്ടില്ല. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് സാമൂഹ്യ നീതി പാലിച്ചോ എന്ന് നോക്കി നിലപാട് എടുക്കും. മൂന്ന് തവണ മത്സരിച്ചവരെ മാറ്റിയ സിപിഐ നിലപാട് നല്ലതാണെന്നു പറഞ്ഞ വെള്ളാപ്പള്ളി യുഡിഎഫിനെ നിശിതമായി വിമർശിച്ചു. മത നേതാക്കളുടെ അടുത്ത് പോകേണ്ടന്ന് തീരുമാനിച്ച യുഡിഎഫ് ഇപ്പോൾ എല്ലാ മത മേലധ്യക്ഷന്മാരെയും കാണുന്നു.

അതേസമയം, ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബിഡിജെഎസ് നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി ബിഡിജെഎസിന് നൽകിയ വാക്കുകൾ പാലിച്ചില്ല എന്ന പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.