സംസ്ഥാനത്ത് 48 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യത്തിലേക്ക്; ഒൻപത് കോടി രൂപ അനുവദിച്ചു

0
70

സംസ്ഥാനത്തെ 48 അങ്കണവാടികൾക്ക് സ്മാർട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിർമിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

പ്രാരംഭ ശൈശവകാല സംരക്ഷണം നൽകുന്നതിനും അങ്കണവാടികളിൽ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനാണ് സർക്കാർ നിലവിലുള്ള അങ്കണവാടികൾക്ക് പകരം ഘട്ടം ഘട്ടമായി സ്മാർട്ട് അങ്കണവാടികൾ നിർമിക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് 2019 ഏപ്രിൽ ഒന്നു മുതൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന അങ്കണവാടികൾക്ക് ഒരു ഏകീകൃത മോഡൽ വേണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. വനിത ശിശുവികസന വകുപ്പിന് കീഴിൽ സ്വന്തമായി സ്ഥലമുള്ള അങ്കണവാടികൾക്ക് സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ പ്ലാനനുസരിച്ചാണ് ആധുനിക രീതിയിൽ കെട്ടിടം നിർമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

48 അങ്കണവാടികൾക്ക് ഒൻപത് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 10 സെന്റുള്ള ഒൻപത് അങ്കണവാടികൾക്ക് 25 ലക്ഷം രൂപ വീതവും, അഞ്ച് സെന്റുള്ള ആറ് അങ്കണവാടികൾക്ക് 20 ലക്ഷം രൂപ വീതവും, മൂന്ന് സെന്റുള്ള 30 അങ്കണവാടികൾക്ക് 17 ലക്ഷം രൂപ വീതവും, 1.25 സെന്റുള്ള മൂന്ന് അങ്കണവാടികൾക്ക് 15 ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 5.74 കോടി രൂപയുമടക്കം ആകെ 14.74 കോടി രൂപ വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ നിർമിക്കുന്നത്.

അങ്കണവാടി കെട്ടിടങ്ങളുടെ രൂപകൽപന മുതൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് സ്മാർട്ട് അങ്കണവാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. വ്യത്യസ്ത വിസ്തൃതിയിലുള്ള ആറ് അങ്കണവാടി കെട്ടിടങ്ങളുടെ പ്ലാനുകളാണ് തയാറാക്കിയിട്ടുള്ളത്. ഒന്നര സെന്റ് മുതൽ 10 സെന്റ് വരെ സ്ഥലത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് അങ്കണവാടി കെട്ടിടം ഡിസൈൻ ചെയ്തിട്ടുള്ളത്. 10 സെന്റ്, ഏഴര സെന്റ് സ്ഥലമുള്ള അങ്കണവാടികൾക്ക് ഉദ്യാനം, ഇൻഡോർ ഔട്ട് ഡോർ കളിസ്ഥലങ്ങൾ എന്നീ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്മാർട്ടാകുന്ന 48 സ്മാർട്ട് അങ്കണവാടികൾ

തിരുവനന്തപുരം ജില്ലയിലെ അങ്കണവാടി നമ്പർ -5, 43 (നെടുമങ്ങാട് അഡീഷണൽ), കൊല്ലം ജില്ലയിലെ -57, 61, 147 (ഇത്തിക്കര), 22 (ചടയമംഗലം), 45 (ശാസ്താംകോട്ട), 91, (മുഖത്തല അഡീഷണൽ), 17, 40, 1 (മുഖത്തല) പത്തനംതിട്ട ജില്ലയിലെ 32, 19, 64 (പുളികീഴ്), കോട്ടയം ജില്ലയിലെ 31 (ഏറ്റുമാനൂർ), 36, 87, 72 (കാഞ്ഞിരപ്പള്ളി), 72, 114 (പള്ളം അഡീഷണൽ), എറണാകുളം ജില്ലയിലെ 44 (മൂവാറ്റുപുഴ), 66 (കോതമംഗലം), പാലക്കാട് ജില്ലയിലെ 3 (തൃത്താല), 164 (കുഴൽമന്ദം), കോഴിക്കോട് ജില്ലയിലെ 121, 112 (മേലടി), 82 (വടകര), 64 (ബാലുശേരി) 77 (ബാലുശേരി അഡീഷണൽ), 132 (തോടന്നൂർ), മലപ്പുറം ജില്ലയിലെ 101 (പെരിന്തൽമണ്ണ അഡീഷണൽ), 130 (കൊണ്ടോട്ടി), 11, 34, 23, (നിലമ്പൂർ അഡീഷണൽ), 46 (നിലമ്പൂർ) 78, 77 (പെരുമ്പടപ്പ്), കണ്ണൂർ ജില്ലയിലെ 29 (കൂത്തുപറമ്പ് അഡീഷണൽ), 36, 20 (പയ്യന്നൂർ) 98, 107 (പയ്യന്നൂർ അഡീഷണൽ), 11, 43 (കല്യാശേരി) 101, 49 (കല്യാശേരി അഡീഷണൽ), 99 (ഇരിട്ടി അഡീഷണൽ)