വരുന്നു ദൃശ്യം 3; സൂചന നല്‍കി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍

0
16

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെ ദൃശ്യം 2 ആമസോണ്‍ പ്രൈം വഴി പുറത്തിറങ്ങി ഗംഭീര അഭിപ്രായം നേടി മുന്നേറുമ്പോള്‍ ചിത്രത്തിന്‍റെ മൂന്നാം ഭാഗം വരുന്നതിന്‍റെ സൂചന നല്‍കി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ദൃശ്യം 3 സിനിമ ജീത്തുവിന്‍റെ മനസ്സിലുണ്ടെന്നും അദ്ദേഹത്തിന്‍റെ സംസാരത്തിൽ നിന്നാണ് അക്കാര്യം മനസ്സിലായതെന്നും അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. ദൃശ്യം 3 സിനിമയെക്കുറിച്ച് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും സംസാരിക്കുന്നുണ്ടെന്നും അങ്ങനെയൊരു സിനിമ പുറത്തിറങ്ങാന്‍ ഞങ്ങളെല്ലാം ആഗ്രഹിക്കുകയാണെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഇന്ന് പുറത്തിറങ്ങിയ ദൃശ്യം 2വിന് വലിയ പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.

അതെ സമയം ചിത്രത്തിന്‍റെ റീമേക്ക് എല്ലാ ഭാഷകളിലുമുണ്ടാകുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും നിലനില്‍പ്പിന്‍റെ ഭാഗമായാണ് ഒ.ടി.ടി റിലീസിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.