ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ യൂണിഫോം

0
91

സംസ്ഥാനത്ത് സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി കൈത്തറി യൂണിഫോം നൽകുന്നു. 25 ലക്ഷം കുട്ടികൾ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ചെലവ് 215 കോടിയോളം രൂപയാണ്.

കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷാ വഴി പെൺകുട്ടികൾക്കും, SC/ST, ബി.പി.എൽ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും മാത്രമാണ് യൂണിഫോം നൽകുന്നത്. ഇതിന്റെ പ്രയോജനം വെറും 7.8 ലക്ഷം കുട്ടികൾക്കാണ് ലഭിക്കുന്നത്. എയ്ഡഡ് മേഖലയിലെ കുട്ടികൾ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പരിധിയിൽ വരില്ല.

അതിനാൽ സമഗ്രശിക്ഷയുടെ പരിധിയിൽ വരാത്ത 17.54 ലക്ഷം കുട്ടികൾക്ക് കേരള സർക്കാരിന്റെ ചെലവിൽ ആണ് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന് ഇതിനായി 167 കോടിരൂപയാണ് ചെലവാകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷ ഈയിനത്തിൽ 47 കോടി രൂപയാണ് ചെലവു ചെയ്യുന്നത്.

അതും കൂടിയാൽ യൂണിഫോമിനായി 214 കോടി രൂപ വിനിയോഗിക്കുന്നു. സമഗ്രശിക്ഷാ കേരളത്തിന്റെ തുകയിൽ 60% കേന്ദ്രവിഹിതവും, 40% സംസ്ഥാന വിഹിതവുമാണ്. ആകെ പദ്ധതി അടങ്കലിന്റെ 60% കേന്ദ്രസർക്കാർ നൽകാറില്ല. ഫലത്തിൽ പ്രസ്തുത തുകയുടെ 60-65%-വും സംസ്ഥാന സർക്കാർ വിഹിതമായി മാറുന്നു.

യൂണിഫോമിനായി സംസ്ഥാന സർക്കാർ വിനിയോഗിക്കുന്ന തുകയിൽ 119 കോടി രൂപ കൈത്തറി യൂണിഫോമുകൾക്കാണ് വിനിയോഗിക്കുന്നത്. 2017-18 വർഷം മുതലാണ് കൈത്തറി യൂണിഫോമിനെ പ്രയോജനപ്പെടുത്താൻ തുടങ്ങിയത്. കുട്ടികളുടെ യൂണിഫോം എന്നത് നാടിൻ്റെ ആവശ്യമാണ്. ഈ ആവശ്യകതയെ നാട്ടിലെ അധ്വാനശേഷിയുമായും ജീവിതവുമായും ബന്ധപ്പെടുത്തി എന്നതാണ് കൈത്തറി യൂണിഫോം വിതരണ തീരുമാനത്തിലൂടെ ചെയ്തത്.

കൈത്തറി മേഖല പലവിധ പ്രശ്നങ്ങളെ നേരിടുന്നതായിരുന്നു. അവിടെ പണിയെടുക്കുന്നവരുടെ ജീവിതം ക്ലേശകരമാകുന്ന സ്ഥിതിയുണ്ടായി. തറികളെല്ലാം തകർന്നുപോകുന്ന അവസ്ഥയുണ്ടായി. ഈ മേഖലയുടെ വൈദഗ്ധ്യത്തെ കേരളത്തിന്റെ അനിവാര്യമായ ഒരാവശ്യവുമായി ബന്ധപ്പെടുത്തിയപ്പോൾ കുട്ടികൾക്ക് നല്ല വസ്ത്രവും ലഭിച്ചു. ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ ജീവിതവും തിരിച്ചുകിട്ടി.

പ്രാദേശിക സമ്പദ് വ്യവസ്ഥ എങ്ങനെ ശക്തിപ്പെടുത്തണമെന്നതിന് നല്ലൊരു അനുഭവപാഠമായി ഇത് മാറി. ആധുനികവത്ക്കരിക്കരിച്ചു കൊണ്ട് സ്കൂൾ യൂണിഫോമിനാവശ്യമായ മൊത്തം തുണി ഉത്പാദിപ്പിക്കുന്ന വിധം കൈത്തറി മേഖലയെ ശക്തിപ്പെടുത്തുവാൻ സർക്കാർ ശ്രമങ്ങൾ മുന്നോട്ടു കൊണ്ടു പോവുകയാണ്. അതുവഴി കേരളീയ സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തമാക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സേവനം ഫലപ്രദമായി കഴിയും.