ചെന്നിത്തലയുടെ യാത്രയ്‌ക്ക്‌ ഉദ്യോഗാർഥികളുടെ ചോര കൊണ്ട്‌ നിറം പകരാൻ കോൺഗ്രസ് ശ്രമിക്കുന്നു: എ എ റഹീം

0
89

രമേശ്‌ ചെന്നിത്തലയുടെ യാത്രയ്‌ക്ക്‌ ഉദ്യോഗാർഥികളുടെ ചോര കൊണ്ട്‌ നിറം പകരാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിന് ക്രിമിനലുകളെ തിരുവനന്തപുരത്ത്‌ തമ്പടിപ്പിച്ചിട്ടുണ്ട്‌.

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈ അക്രമങ്ങൾ നേതിര്ത്വം വഹിക്കുന്നതെന്നും എൽഡിസി റാങ്ക്‌ ഹോൾഡേഴ്‌സ്‌ സമാധാനപരമായി നടത്തുന്ന സമരത്തെ ചോരയിൽമുക്കാനും അക്രമാസക്തമാക്കാനുമുള്ള ഗൂഢാലോചനയാണ്‌ യൂത്ത്‌ കോൺഗ്രസിനെ ഉപയോഗിച്ച്‌ കോൺഗ്രസ്‌ നടത്തുന്നത് റഹിം വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു റഹീം.

സമരം അക്രമാസക്തമാകാതിരിക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണം. ജനാധിപത്യപരമായി സമരം തീരാൻ പാടില്ലെന്ന കോൺഗ്രസിന്റെ ദുഷ്‌ടലാക്കിൽ വീണുപോകരുത്‌. രണ്ട്‌ കോൺഗ്രസ്‌ എംഎൽഎമാർ ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ സമരം തുടങ്ങിയത്‌. ഈ എംഎൽഎമാർ കെണിയിൽപ്പെട്ട എലികളെ പോലെയായി. സമരത്തിൽ നിന്ന്‌ തലയൂരി വരാൻ കഴിയുന്നില്ല.

അവർക്ക്‌ രക്ഷപ്പെടാനാണ്‌ ഉദ്യോഗാർഥികളുടെ സമരത്തിൽ നുഴഞ്ഞുകയറി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത്‌. സമരം ചെയ്യുന്ന ചില ഉദ്യോഗാർഥികൾക്ക്‌ രാഷ്‌ട്രീയമുണ്ട്‌. അത്‌ മുതലെടുക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നത്‌. ചെന്നിത്തയുടെ ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ അത്‌ കൊഴുപ്പിക്കാനുള്ള ഇവന്റ്‌ മാനേജ്‌മെന്റ്‌ ഏജൻസികളാണ്‌ സമരത്തിലുള്ള രണ്ട്‌ എംഎൽഎമാർ. കാലം മാറിയെന്ന്‌ ഇവർ മനസ്സിലാക്കണം. നിയമസഭ തെരഞ്ഞെടുപ്പിനുള്ള രാഷ്‌ട്രീയ കളിയിലാണ്‌ കോൺഗ്രസ്‌.

കേരളത്തിൽ നാലായിരത്തിലേറെ പിഎസ്‌സ്‌ റാങ്ക്‌ലിസ്‌റ്റുണ്ട്‌. മുഴുവൻ റാങ്ക്‌ലിസ്‌റ്റിലുള്ളവരുമായും ഡിവൈഎഫ്‌ഐക്ക്‌ നല്ല ബന്ധമാണ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ലാസ്‌റ്റ്‌ ഗ്രേഡ്‌ ഉദ്യോഗാർഥികളുമായി സംസാരിച്ചത്‌. ഉദ്യോഗാർഥികൾ ആവശ്യപ്പെട്ട പ്രയോഗീക കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജനാധിപത്യപരമായി പ്രശ്‌നം പരിഹരിക്കപ്പെടണമൊന്നാണ്‌ ഡിവൈഎഫ്‌ഐ ആഗ്രഹിക്കുന്നത്‌.

കേരളത്തിൽ നിന്ന്‌ കേന്ദ്ര സർവീസിലേക്ക്‌ ഒരു നിയമനവും നടക്കുന്നില്ല. ഉമ്മൻചാണ്ടിയും ആന്റണിയും തസ്‌തിക ഇല്ലാതാക്കുന്നതിനുള്ള കമ്മിറ്റിയെയാണ്‌ വച്ചത്‌. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കേരളത്തെ പോലെ പുതിയ തസ്‌തിക സൃഷ്‌ടിക്കുന്നില്ലെന്നും റഷീദ്‌ വ്യക്തമാക്കി. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി കെ സനോജ്‌, എം വിജിൻ, ജില്ലാ സെക്രട്ടറി എം ഷാജർ എന്നിവരും ഒപ്പമുണ്ടായിരുന്നു.